ഉപ്പുതറ : കള്ളക്കേസില്‍ കുടുക്കി ആദിവാസി യുവാവിനെ അറസ്റ്റ് ചെയ്‌തെന്ന പരാതിയില്‍ ആറു വനപാലകരെ സസ്‌പെന്‍ഡു ചെയ്തു. കള്ളക്കേസ് എടുത്ത സെക്ഷന്‍ ഫോറസ്റ്റര്‍ വി അനില്‍ കുമാര്‍, ഡ്യൂട്ടിയിലുണ്ടായിരുന്ന ഡ്രൈവര്‍ ജിമ്മി, 2 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ വി.സി ലെനിന്‍, എന്‍ആര്‍ ഷിജിരാജ്, വാച്ചര്‍മാരായ കെ.എന്‍ മോഹനന്‍, കെ.റ്റി ജയകുമാര്‍ എന്നിവരേയാണ് സസ്‌പെന്‍ഡ് ചെയ്ത്.
സസ്‌പെന്‍ഷന്‍ ഉത്തരവ് പ്രത്യേക ദൂതന്‍ വഴി ഇന്നു രാത്രി 12 മണിയോടെ കിഴുകാനത്തെ ഫോറസ്റ്റ് റേഞ്ച് ഓഫീസിനു മുന്നിലെ നിരാഹാര പന്തലില്‍ എത്തിക്കും. ഇവിടെ വച്ച് സമരം നടത്തുന്ന ആദിവാസി യുവാവിന്റെ മാതാപിതാക്കള്‍ക്ക് നാരങ്ങാ നീര് നല്‍കി സമരം അവസാനിപ്പിക്കാനാണ് നീക്കം നടക്കുന്നത്.
എന്നാല്‍ കള്ളക്കേസെടുത്തവര്‍ക്ക് ആവശ്യമായ ഒത്താശ നല്‍കിയ ഇടുക്കി വൈല്‍ഡ് ലൈഫ് വാര്ഡന് (ഡി.എഫ്.ഒ.)യ്‌ക്കെതിരെ ചില ഉന്നത ഇടപെടലിലൂടെ നടപടികള്‍ വനം വകുപ്പ് ഒഴിവാക്കി. ഇതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
വ്യാജ മഹസര്‍ തയ്യാറാക്കിയതും നിരപരാധിയായ ആദിവാസി യുവാവിനെ പീഡിപ്പിക്കുക്കയും ചെയ്ത ഉന്നതരെ അടക്കം തന്ത്രപരമായി സഹായിക്കുന്ന നിലപാടാണ് വനം വകുപ്പ് സ്വീകരിച്ചിട്ടുള്ളത്. വനം ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസടക്കം എടുക്കേണ്ട സാഹചര്യം ഉണ്ടായിട്ടും ശക്തമായ നടപടി സ്വീകരിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല. ഇടുക്കി വൈല്‍ഡ് ലൈഫ് വാര്ഡന് (ഡി.എഫ്.ഒ.) സഹായകരമായ രീതിയിലാണ് നിലവിലെ നടപടി. സസ്‌പെന്‍ഷന് വിധേയനായ വനപാലകന്‍ മുന്‍പ് ജോലി ചെയ്തിരുന്ന സ്ഥലത്ത് ആനക്കൊമ്പ് കേസിലടക്കം ആരോപണ വിധേയനായ ഉദ്യോഗസ്ഥനാണ്.
കഴിഞ്ഞ മൂന്നു ദിവസമായി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അക്രമിത്തിന് ഇരയായ യുവാവിന്റെ മാതാപിതാക്കള്‍ നിരാഹാര സമരം നടത്തി വരികയാണ്. ആദിവാസി സംഘടനകള്‍ ഞായറാഴ്ച ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. കഴിഞ്ഞ 20-നാണ് കാട്ടിറച്ചി വില്‍പനയ്ക്ക് കൊണ്ടുപോയി എന്നാരോപിച്ച് കണ്ണംപടി (മുല്ല) പുത്തന്‍പുരയ്ക്കല്‍ സരിന്‍ സജിയെ (24) കിഴുകാനം ഫോറസ്റ്ററും, സംഘവും അറസ്റ്റ് ചെയ്തത്.