തിരുവനന്തപുരം > പ്രസിഡന്റിനെ നോമിനേറ്റ് ചെയ്യാൻ ഒറ്റവരി പ്രമേയം പാസാക്കി ഹൈക്കമാൻഡിന് കെപിസിസി അയച്ചെങ്കിലും കെ സുധാകരൻ തുടരുന്നതിൽ പ്രധാന നേതാക്കളിൽ എതിർപ്പ് രൂക്ഷം. കോൺഗ്രസ് പ്രസിഡന്റായ മല്ലികാർജുൻ ഖാർഗെ പിസിസി അധ്യക്ഷരെ ഉടൻ പ്രഖ്യാപിക്കാനിരിക്കെയാണ് മുറുമുറുപ്പ്. ആരോഗ്യപ്രശ്നമുൾപ്പെടെ നിരവധി പരാതികളാണ് സുധാകരനെതിരെയുള്ളത്. ഇവ ഹൈക്കമാൻഡ് ഗൗരവമായി എടുത്താൽ സുധാകരന്റെ കാര്യം പരുങ്ങലിലാകും.
കെപിസിസി ഓഫീസ് നടത്തിപ്പ് പരാജയമാണെന്നും പരസ്യമായി പ്രഖ്യാപിക്കുന്നവപോലും നടപ്പാക്കുന്നില്ലെന്നുമാണ് പ്രധാന പരാതി. പലതും മറക്കുന്നതിനാൽ സംഘടനാപരമായ പ്രശ്നങ്ങൾ നേരിടുന്നു. എടുത്തുചാടി ഓരോന്ന് പറയുകയും നടത്താതിരിക്കുകയും ചെയ്യുന്ന സംഭവങ്ങൾ തുടർച്ചയായി. സ്‌ത്രീപീഡന കേസിൽ എൽദോസ് കുന്നപ്പിള്ളിയെ സംരക്ഷിക്കുന്ന പ്രസ്താവനകൾ തിരിച്ചടിയായി. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കൾ ഒന്നടങ്കം ഖാർഗെയ്‌ക്കുവേണ്ടി നിലകൊണ്ടപ്പോൾ കെപിസിസി പ്രസിഡന്റുതന്നെ തരൂരിന് പിന്തുണ പ്രഖ്യാപിച്ചത് തെറ്റിദ്ധാരണയ്ക്കിടയാക്കി. ഇതിലൂടെ തരൂരിന് വോട്ട് കൂടിയെന്നതടക്കം പരാതിയുണ്ട്. കെ സി വേണുഗോപാലിനും വി ഡി സതീശനുമടക്കം ഇതേ അഭിപ്രായമാണെങ്കിലും എവിടെവരെ പോകുമെന്ന് നോക്കാമെന്നാണ് നിലപാട്. എന്നാൽ, മുംബൈയിലെ ചികിത്സയിൽ ആരോഗ്യപ്രശ്നങ്ങൾ പരിഹരിച്ചെന്നാണ് സുധാകര അനുകൂലികൾ പറയുന്നത്.
കെ മുരളീധരൻ, എം എം ഹസൻ, ബെന്നി ബെഹനാൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് കണ്ണുള്ളവർ. ഇതിൽ ബെന്നി ബെഹനാന് അനുകൂലമാണ് മുതിർന്ന നേതാക്കൾ അധികവും. പെട്ടെന്ന് സുധാകരനെമാറ്റി അന്തരീക്ഷം മോശമാക്കണ്ടെന്ന് ഹൈക്കമാൻഡ് തീരുമാനിച്ചാലും കസേര ഭദ്രമല്ലെന്ന സൂചനയാണ് നേതാക്കളിൽനിന്ന് ലഭിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ