പാറശാല > ഷാരോൺ രാജിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കഷായവും ജ്യൂസും നൽകിയ പെൺകുട്ടിയോട് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാവാൻ നിർദ്ദേശം. പെൺകുട്ടി, കുട്ടിയുടെ അച്ഛൻ, അമ്മ, ബന്ധു, ഷാരോണിന്റെ സുഹൃത്ത് എന്നിവരാണ് ഞായറാഴ്ച രാവിലെ എസ്‌പി ഓഫീസിൽ ഹാജരാവേണ്ടത്. പാനീയങ്ങൾ കഴിച്ച പാറശാല മുര്യങ്കര സമുദായപ്പറ്റ് കുഴിവിള ജെ പി ഹൗസിൽ ഷാരോൺ രാജ് ചികിത്സയിലിരിക്കെ 25നാണ് മരിച്ചത്.
സുഹൃത്തിനൊപ്പമാണ് ഷാരോൺ കളിയിക്കാവിള പളുകൽ രാമവർമൻചിറയിലുള്ള കൂട്ടുകാരിയുടെ വീട്ടിലെത്തിയത്. തിരികെ വന്നപ്പോൾ ഛർദിച്ചു. ജ്യൂസ് കുടിച്ചുവെന്നാണ് ഷാരോൺ പറഞ്ഞത്. പാറശാലയിലും വലിയതുറയിലും ഫോർട്ട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴും കഷായം കഴിച്ച കാര്യം പറഞ്ഞില്ല. പിന്നീട് പൊലീസും മജിസ്ട്രേട്ടും മൊഴിയെടുത്തപ്പോഴാണ് പെൺകുട്ടിയുടെ വീട്ടിൽനിന്ന് കഷായം കഴിച്ചതായി വെളിപ്പെടുത്തിയത്.
നടുവേദനയ്‌ക്ക് താൻ കഴിച്ചിരുന്ന കഷായമാണ് ഷാരോണിന് നൽകിയതെന്നാണ് പെൺകുട്ടിയുടെ മൊഴി. ഡോക്ടറുടെ നിർദേശപ്രകാരം പുത്തൻകടയിലെ ആയുർവേദ ഫാർമസിയിൽനിന്ന് വാങ്ങിയ കഷായമാണ് നൽകിയതെന്നും പറയുന്നുണ്ട്. ബാക്കി കഷായമോ കുപ്പിയോ കണ്ടെടുക്കാനായിട്ടില്ല. കഷായത്തിന്റെ ലേബൽ അയച്ചുനൽകാൻ പറഞ്ഞപ്പോൾ മറ്റൊരു കുപ്പിയിൽ ഒഴിച്ചുകൊണ്ടുവന്നതാണെന്ന മറുപടിയാണ് പെൺകുട്ടി നൽകിയത്.
ജ്യൂസ് കുടിച്ച ഓട്ടോ ഡ്രൈവറും അവശനായെന്ന്
പാറശാലയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച ഷാരോണിന് കഴിക്കാൻ നൽകിയ ജ്യൂസ് വീട്ടിലെത്തിയ ഓട്ടോഡ്രൈവർക്കും നൽകിയെന്നും അയാൾ അവശനായെന്നും പെൺകുട്ടി. താൻ അറിഞ്ഞുകൊണ്ട് ഷാരോണിനെ ഒന്നും ചെയ്‌തിട്ടില്ലെന്നും ദുരുദ്ദേശ്യങ്ങളുണ്ടായിരുന്നെങ്കിൽ വാട്സാപ് ചാറ്റും ചിത്രങ്ങളും ഫോണിൽനിന്ന് ഒഴിവാക്കുമായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു.ഇതിനിടെ ഇരുവരും രണ്ടാഴ്ച മുമ്പ് ജ്യൂസ് ചലഞ്ച് നടത്തിയതായുള്ള വീഡിയോയും പുറത്തുവന്നിട്ടുണ്ട്. കടയിൽനിന്ന് രണ്ട് ബോട്ടിൽ മാംഗോ ജ്യൂസ് വാങ്ങി കുടിക്കുന്ന വീഡിയോ ഷാരോണാണ് പകർത്തിയത്.
അന്വേഷണം ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി നയിക്കും
പാറശാല സ്വദേശി ഷാരോൺരാജ് മരിച്ച കേസ് അന്വേഷിക്കുന്ന ടീമിനെ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി കെ ജെ ജോൺസൻ നയിക്കും. ജില്ലാ അഡീഷണൽ പൊലീസ് സൂപ്രണ്ട് സുൽഫിക്കർ മേൽനോട്ടം വഹിക്കും. പാറശാല സിഐ ഹേമന്ത്‌കുമാർ, എസ്‌ഐ സജി, സൈബർസെൽ എസ്‌ഐ സതീഷ് ശേഖർ, എസ്‌ഐ ഷാജഹാൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രതീഷ്, ഷിനിലാൽ, സിവിൽ പൊലീസ് ഓഫീസർ ഷാജിദാസ്, വിലാസനൻ, സന്ധ്യ എന്നിവർ സംഘത്തിലുണ്ടാകും.
അന്വേഷണത്തിന്റെ മേൽനോട്ടം താൻ വഹിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഡി ശിൽപ്പ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആന്തരികാവയവങ്ങളുടെ പരിശോധനാഫലം വേഗം നൽകാൻ ഫോറൻസിക് വിദഗ്‌ധർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും എസ്‌പി പറഞ്ഞു. എഎസ്‌പി സുൽഫിക്കർ, നർകോട്ടിക് സെൽ ഡിവൈഎസ്‌പി രാശിത്, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി ടി വിജയൻ, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി കെ ജെ ജോൺസൻ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ