കമ്പനികള്‍ അതാത് സമയങ്ങളില്‍ നല്‍കുന്ന ഇടക്കാല/ അന്തിമ ലാഭവിഹിതം, ബോണസ് ഓഹരികള്‍, ഷെയര്‍ ബൈബാക്ക്, അവകാശ ഓഹരികളൊക്കെ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടിത്തരുന്ന അവസരങ്ങളാണ്. അതിനാല്‍ ദീര്‍ഘകാല നിക്ഷേപത്തിന് ഓഹരിയെ തെരഞ്ഞെടുക്കുമ്പോള്‍ അവയുടെ ഭാവി ബിസിനസ് സാധ്യതയും മറ്റ് അടിസ്ഥാന ഘടകങ്ങളും പരിശോധിക്കുന്നതിനോടൊപ്പം കമ്പനിയുടെ കോര്‍പറേറ്റ് നടപടികളുടെ പൂര്‍വകാല ചരിത്രവും പരിശോധിക്കുന്നത് ഉചിതമായിരിക്കും.
Also Read: അടുത്ത മള്‍ട്ടിബാഗറാകും; ഈ 4 ഡ്രോണ്‍ നിര്‍മാണ ഓഹരികള്‍ നോക്കിവെച്ചോളൂ

ഇത്തരത്തില്‍ നിക്ഷേപകര്‍ക്ക് മികച്ച ഡിവിഡന്റ് മുടങ്ങാതെ നല്‍കുന്ന ടാറ്റ ഗ്രൂപ്പ് ഓഹരിയാണ് ടിസിഎസ്. രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയാണിത്. വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തെ ഏറ്റവും വലിയ ഐടി സ്ഥാപനമെന്ന ഖ്യാതിയും ടാറ്റായുടെ ഈ അഭിമാന കമ്പനിക്ക് സ്വന്തമാണ്. അടിസ്ഥാനപരമായും സാമ്പത്തീകമായും ടിസിഎസിന്റെ അടിത്തറ ശക്തവും ഭദ്രമാണ്. കമ്പനിക്ക് കടബാധ്യതകളില്ല. അതുപോലെ ടിസിഎസിന്റെ ഓഹരിയിന്മേലുള്ള ആദായം 43.6 ശതമാനം എന്ന ശ്രദ്ധേയ നിരക്കിലാണുള്ളത്.

അതേസമയം നിക്ഷേപകര്‍ക്ക് ഉയര്‍ന്ന തോതില്‍ മുടക്കംവരുത്താതെ ലാഭവിഹിതം നല്‍കുന്ന ഓഹരി കൂടിയാണ് ടിസിഎസ്. 2022 കലണ്ടര്‍ വര്‍ഷത്തില്‍ ഇതിനോടകം 4 തവണകളായി 45 രൂപ ഡിവിഡന്റ് ഇനത്തില്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ചു കഴിഞ്ഞു. 3 തവണ ഇടക്കാല ലാഭവിഹിത ഇനത്തിലും ഒരെണ്ണം അന്തിമ ലാഭവിഹിതമെന്ന നിലയിലുമാണ് ഡിവിഡന്റ് കൈമാറിയത്. നിലവില്‍ ടിസിഎസ് (BSE: 532540, NSE : TCS) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.32 ശതമാനം നിരക്കിലാണുള്ളത്.

2022-ലെ ഡിവിഡന്റുകള്‍
ജനുവരിയിലാണ് നിക്ഷേപകര്‍ക്ക് 2022-ലെ ആദ്യ ലാഭവിഹിതം ടിസിഎസ് നല്‍കിയത്. 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇടക്കാല ലാഭവിഹിതമായി പ്രതിയോഹരി 7 രൂപ വീതമായിരുന്നു അന്ന് നല്‍കിയത്. തുടര്‍ന്ന് 2021-22-ലെ അന്തിമ ലാഭവിഹിതമായി 22 രൂപ കൂടി കൈമാറി.
പിന്നീട് ജൂലൈയില്‍ 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദ്യ ഇടക്കാല ലാഭവിഹിതമായി 8 രൂപ വീതവും പിന്നാലെ രണ്ടാം ഇടക്കാല ലാഭവിഹിതമായി 8 രൂപ ഒക്ടോബറിലും വിതരണം ചെയ്തു. ഇതോടെ 2022 കലണ്ടര്‍ വര്‍ഷത്തില്‍ ഓഹരിയൊന്നിന് ആകെ 45 രൂപ (7+22+8+8) വീതം ലഭിച്ചു.

ഷെയര്‍ ബൈബാക്ക്
ഇതിനോടൊപ്പം വിപണി വിലയേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ നിക്ഷേപകരുടെ പക്കല്‍ നിന്നും നിശ്ചിത ആനുപാതത്തില്‍ ഓഹരികള്‍ മടക്കി വാങ്ങുകയും (ഷെയര്‍ ബൈബാക്ക്) ടിസിഎസ് ചെയ്തിട്ടുണ്ട്. 2022 ഫെബ്രുവരിയിലായിരുന്നു ഓഹരികള്‍ തിരികെ വാങ്ങിയത്. 4,500 രൂപ നിരക്കില്‍ 4 കോടി ടിസിഎസ് ഓഹരികളായിരുന്നു അന്ന് കമ്പനി തിരികെ വാങ്ങിയത്. ഇതിനായി 18,000 കോടി രൂപയാണ് ടിസിഎസ് ചെലവിട്ടത്.
Also Read: റിസള്‍ട്ട് ഒത്തില്ല! ഈ മിഡ് കാപ് ഓഹരിക്ക് സെല്‍ റേറ്റിങ്; വില 15% ഇടിയാം

ചുരുക്കത്തില്‍
ഉയര്‍ന്ന തോതില്‍ ഡിവിഡന്റ് നല്‍കുന്ന കമ്പനികള്‍ പൊതുവില്‍ സ്ഥിരതയാര്‍ന്ന പണമൊഴുക്കും കുറഞ്ഞ തോതില്‍ പുനര്‍ നിക്ഷേപവും മതിയാവുന്ന തരത്തില്‍ വികാസം പ്രാപിച്ചവയാകും. കൂടാതെ വിപണിയുടെ ചരിത്രം പരിശോധിച്ചാല്‍ ഉയര്‍ന്ന ഡിവിഡന്റ് യീല്‍ഡുള്ള ഓഹരികള്‍ ‘ബെയര്‍ മാര്‍ക്കറ്റ്’ സാഹചര്യങ്ങളിലും താരതമ്യേന മികച്ച പ്രകടനം കാഴ്ചവെച്ചതായി കാണാം. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ഓഹരികളിലെ നിക്ഷേപം, സ്ഥിരമായി അധിക വരുമാനം നേടുന്നതിനും തകര്‍ച്ചയില്‍ നിന്നുള്ള റിസ്‌ക് കുറയ്ക്കുന്നതിനും സഹായിക്കുന്നു.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.