തമിഴിലും തെലുങ്കിലും മിക്ക സൂപ്പർ സ്റ്റാറുകളുടെ ഒപ്പവും ഹൻസിക അഭിനയിച്ചു. എന്നാൽ അഭിനയ പ്രധാന്യമുള്ള വേഷങ്ങളൊന്നും തന്നെ ഹൻസികയ്ക്ക് ലഭിച്ചിരുന്നില്ല. ഇക്കാരണങ്ങളാലാണ് സിനിമകളിൽ നിന്ന് കുറേക്കാലം നടി മാറി നിന്നതെന്നായിരുന്നു വിവരം. അതേസമയം അടുത്തിടെ നടി വീണ്ടും സിനിമകളിലേക്ക് തിരിച്ചെത്തുകയും ചെയ്തു.
31 കാരിയായ ഹൻസിക വിവാഹം കഴിക്കാൻ പോവുകയാണെന്നാണ് നടിയെക്കുറിച്ച് ഏറ്റവും ഒടുവിലായി പുറത്തു വന്നിരിക്കുന്ന വിവരം. ജയ്പൂരിൽ വെച്ച് നടക്കുന്ന വിവാഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് നടി പുറത്തു വിട്ടിരുന്നില്ല. ഇപ്പോഴിതാ ഹൻസികയുടെ വരനെക്കുറിച്ചുള്ള ചില വിവരങ്ങളാണ് പുറത്ത് വരുന്നത്.

ഇന്ത്യാ ഗ്ലിറ്റ്സിന്റെ റിപ്പോർട്ട് പ്രകാരം സൊഹൈൽ കത്തൂര്യയാണ് ഹൻസികയുടെ വരൻ. ഇരുവരും ഒരുമിച്ച് ബിസിന്സ് ചെയ്യുന്നവരാണ്. 2020 ലാണ് ഇരുവരും ഒരുമിച്ച് ബിസിനസ് ചെയ്തത്. പരസ്പരം അടുത്തറിഞ്ഞപ്പോൾ ഒരേ ചിന്താഗതിയുള്ളവരാണെന്ന് തിരിച്ചറിയുകയും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയും ആയിരുന്നത്രെ. സിനിമയിൽ നിന്ന് മാറി നിന്ന സമയത്താണ് പ്രണയം ഉടലെടുത്തതെന്നാണ് വിവരം.
ജയ്പൂരിൽ വെച്ച് ഡിസംബർ രണ്ട് മുതൽ നാലാം തിയതി വരെയാണ് വിവാഹ ആഘോഷമെന്നാണ് വിവരം. ഇതിന്റെ ഒരുക്കങ്ങൾ നടന്ന് വരികയാണ്. നവംബറിൽ ഹൻസിക വിവാഹക്കാര്യം ഔദ്യോഗികമായി അറിയിക്കുമെന്നാണ് വിവരം.

2011 നും 2015 നും ഇടയിലാണ് ഹൻസിക തെന്നിന്ത്യയിലെ തിരക്കുള്ള നായിക നടി ആയി തിളങ്ങിയത്. മാപ്പിളെെ എങ്കെയും കാതൽ, വേലായുധം, ഒരു കൽ ഒരു കണ്ണാടി, സിങ്കം തുടങ്ങിയ സിനിമകളിലൂടെ ഹൻസിക പ്രശസ്തിയാർജിച്ചു. തെലുങ്കിലും ഒട്ടനവധി സിനിമകളിൽ ഹൻസിക അഭിനയിച്ചു.

തെന്നിന്ത്യയിൽ ഹൻസികയോടൊപ്പം നിറഞ്ഞു നിന്ന നായിക നടിമാരെല്ലാം വിവാഹ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. കാജൽ അഗർവാൾ വിവാഹം കഴിഞ്ഞ് കുഞ്ഞിന് ജൻമം നൽകി, നയൻതാരയുടെ വിവാഹം ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് നടന്നത്. നടിക്കും ഇരട്ടക്കുട്ടികളും പിറന്നു, ശ്രിയ ശരൺ 2018 ൽ തന്നെ വിവാഹം കഴിച്ചിട്ടുണ്ട്. നടിക്കും ഒരു മകളുണ്ട്.
ഇപ്പോഴിതാ ഹൻസികയും വിവാഹ ജീവിതത്തിലേക്ക് കടക്കാനൊരുങ്ങുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ഹൻസിക ഇതുവരെയും വരന്റെ ചിത്രമോ വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങളോ പങ്കുവെച്ചിട്ടില്ല.