പിറവം > പതിനഞ്ച് വർഷത്തെ കോൺഗ്രസ് ഭരണം അവസാനിപ്പിച്ച്, പിറവം റൂറൽ സഹകരണ ബാങ്ക് ഭരണം സഹകരണ സംരക്ഷണമുന്നണി നേടി. തിങ്കളാഴ്‌ച നടന്ന തെരഞ്ഞെടുപ്പിൽ അഞ്ചിനെതിരെ ആറ് വോട്ടുകൾ നേടിയാണ് സഹകരണ സംരക്ഷണമുന്നണിയിലെ സി കെ ശിവദാസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. പി വി ജോർജിനെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു.
പതിനഞ്ചു വർഷമായി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വിൽസൺ കെ ജോണായിരുന്നു ബാങ്ക് പ്രസിഡന്റ്. ഇദ്ദേഹത്തിനെതിരെ സഹകാരികൾക്കിടയിലും ഭരണസമിതി അംഗങ്ങൾക്കിടയിലും അതൃപ്തിയും പ്രതിഷേധവും ശക്തമായിരുന്നു. ഭരണസമിതി തെരഞ്ഞെടുപ്പിനുശേഷം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിത്സൺ കെ ജോണും സി കെ ശിവദാസുമാണ് പത്രിക നൽകിയിരുന്നത്.
ഭരണസമിതി അംഗങ്ങളെ സ്വാധീനിക്കാൻ എംഎൽഎയും യുഡിഎഫ് സംവിധാനവുമെല്ലാം ശ്രമിച്ചെങ്കിലും വിലപ്പോയില്ല. പിറവത്ത് കോൺഗ്രസ് ഓഫീസ് സ്ഥിതിചെയ്യുന്ന ഇന്ദിരാഭവനിലെ രണ്ടാംനിലയിലാണ് ബാങ്ക് പ്രവർത്തിക്കുന്നത്. പിറവം നഗരസഭയും പാമ്പാക്കുട, മണീട്, രാമമംഗലം എന്നീ പഞ്ചായത്തുകളും ബാങ്കിന്റെ പ്രവർത്തനപരിധിയിൽ വരും. വി സി ഏലിയാസ്, കെ പി അനീഷ് കുമാർ, ടി വി മാത്യു, പി വി ജോർജ്, കെ ജെ പ്രദീപ്, സുനി സോമൻ, ആലീസ് പൗലോസ്, ഡെയ്‌സി യമുനാച്ചൻ, ലൗലി സജി എന്നിവരാണ് മറ്റ് ഭരണസമിതി അംഗങ്ങൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ