കൊച്ചി: ചെറുപ്പമാണെന്നും അറസ്റ്റ് ഭാവിയെ ബാധിക്കുമെന്നും വ്യാജരേഖ കേസിൽ പ്രതിയായ എസ് എഫ് ഐ മുൻ നേതാവ് കെ വിദ്യ. ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഇക്കാര്യം പറയുന്നത്. വ്യാജ രേഖ ചമച്ചിട്ടില്ലെന്നും നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുള്ളത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഹർജിയിൽ പറയുന്നു.
ജാമ്യം കിട്ടാവുന്ന കുറ്റങ്ങളാണ് തനിക്കെതിരെയുള്ളത്. വ്യാജ രേഖയുപയോഗിച്ച് ആരെയും വഞ്ചിച്ചതായി പൊലീസ് ആരോപിക്കുന്നില്ല. കൂടാതെ വ്യാജരേഖവഴി എന്തെങ്കിലും വ്യക്തിപരമായ നേട്ടം ഉണ്ടാക്കിയതായി പ്രോസിക്യൂഷൻ ആരോപിച്ചിട്ടില്ലെന്നും വിദ്യ ഹർജിയിൽ വ്യക്തമാക്കി. തനിക്കെതിരായ കേസിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും വിദ്യയുടെ ഹർജിയിൽ പറയുന്നു.
എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത വിദ്യയുടെ കേസ് അഗളി പൊലീസിന് കൈമാറിയിട്ടുണ്ട്. വ്യാജരേഖ ഹാജരാക്കിയത് പാലക്കാട്ട് അട്ടപ്പാടിയിലെ കോളേജിലായതിനാൽ കേസ് അഗളി പൊലീസിന് കൈമാറിയത്.
കേസ് അന്വേഷണം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടെങ്കിലും വിദ്യയെ ഇതുവരെ കണ്ടെത്താൽ പോലീസിന് സാധിച്ചിരുന്നില്ല. വിദ്യയുടെ തൃക്കരിപ്പൂരിലെ വീട്ടില്‍ നീലേശ്വരം പൊലീസും പിന്നീട് അഗളി പൊലീസും പരിശോധന നടത്തിയിരുന്നു. പൊലീസ് പരിശോധനയ്ക്കെത്തിയപ്പോൾ വിദ്യയുടെ വീട് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് അടുത്തുള്ള വീട്ടിൽ നിന്നും താക്കോല്‍ വാങ്ങി അഗളി പൊലീസ് ഒന്നര മണിക്കൂറാണ് വീട്ടില്‍ പരിശോധന നടത്തിയത്.
എന്നാല്‍ വ്യാജരേഖയുമായി ബന്ധപ്പെട്ട ഒന്നും പരിശോധനയില്‍ ലഭിച്ചില്ലെന്നാണ് സൂചന. വിദ്യ ഹോസ്റ്റലില്‍ ഒളിച്ചിരിക്കുകയാണെന്നും പൊലീസ് മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്നും കെ എസ് യു ആരോപിക്കുന്നു.
ജോലി നേടാൻ വ്യാജരേഖ ചമച്ച് അഭിമുഖത്തിന് ഹാജരാക്കിയെന്ന് പാലക്കാട് അട്ടപ്പാടി ഗവ. കോളേജ്, കാസർഗോഡ് നീലേശ്വരം കരിന്തളം ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽമാർ നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് വിദ്യയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്. 2018-19, 2020-21 വർഷങ്ങളിൽ മഹാരാജാസ് കോളേജിലെ ഗസ്റ്റ് അധ്യാപികയായിരുന്നെന്ന വ്യാജ സർട്ടിഫിക്കറ്റാണ് വിദ്യ സമർപ്പിച്ചത്.
നമ്മുടെ നഗരത്തിൽ (കോഴിക്കോട്)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.