അമ്പലപ്പുഴ
വാഹനാപകടത്തിൽപ്പെട്ട പ്രദീപി (38)ന്റെ വായ്‌പ തുക തിരിച്ചടച്ച് കേരള ബാങ്ക് ജീവനക്കാർ. കായംകുളം ചേരാവള്ളി വാത്തിശേരിത്തറയിൽ പ്രസന്നൻ- നളിനി ദമ്പതികളുടെ മകൻ പ്രദീപ് 2014ൽ കായംകുളം കെ പി റോഡ് ശാഖയിൽ നിന്നെടുത്ത വായ്‌പ തുകയാണ് ജീവനക്കാർ പണം സമാഹരിച്ച് തിരികെ അടച്ചത്.
സഹോദരിയുടെ വിവാഹശേഷമുണ്ടായ കടം വീട്ടാൻ അഞ്ചുലക്ഷം രൂപയാണ് പ്രദീപ് വായ്‌പയെടുത്തത്. വീട് ഉൾപ്പെടെ സ്ഥലത്തിന്റെ ആധാരം ഈടായി നൽകി. 2015 നവംബർ നാലിനുണ്ടായ വാഹനാപകടം പ്രദീപിനെ അബോധാവസ്ഥയിലാക്കി. ഹരിപ്പാട്ടെ സ്വകാര്യ ബാങ്ക് ജീവനക്കാരനായിരുന്ന പ്രദീപ് സഞ്ചരിച്ച ബൈക്കിൽ പിന്നാലെയെത്തിയ വാഹനം ഇടിച്ചായിരുന്നു അപകടം. ഇടിച്ച വാഹനം കണ്ടെത്താനായില്ല. വായ്‌പാ തിരിച്ചടവ് മുടങ്ങി. മുതലും പലിശയും ചേർത്ത് 9 ലക്ഷത്തോളം രൂപയാണ് കുടിശികയായത്.
ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ പലിശ ഇളവു വരുത്തി 3,94,594 – രൂപ തിരിച്ചടയ്‌ക്കാൻ നിർദ്ദേശിച്ചെങ്കിലും പണം കണ്ടെത്താൻ പ്രദീപിന്റെ കുടുംബത്തിനായില്ല. ഉറ്റവരേയും ഉടയവരേയും പോലും തിരിച്ചറിയാനാകാതെ ജീവന്റെ ശേഷിപ്പ് മാത്രമായ പ്രദീപിനെ സഹായിക്കാൻ ബാങ്ക് ജീവനക്കാർ സമാഹരിച്ച തുക ബാങ്കിലടക്കുകയായിരുന്നു.
ഈടായി നൽകിയ ആധാരം പ്രദീപിന്റെ മാതാപിതാക്കൾക്ക് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ കൈമാറി. ഇതിൽ പങ്കാളികളായ മുഴുവൻ ജീവനക്കാർക്കും കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ബെഫി )ജില്ലാ സെക്രട്ടറി പി എം പ്രമോദ് നന്ദി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ