പാലക്കാട്: ഗസ്റ്റ് ലക്ചറര്‍ ആയി ജോലി നേടാൻ മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ രേഖയുണ്ടാക്കിയ കേസില്‍ അറസ്റ്റിലായ കെ. വിദ്യയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മണ്ണാര്‍ക്കാട് കോടതിയാണ് രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. അട്ടപ്പാടി സർക്കാർ കോളേജിലെ ഗസ്റ്റ് ലക്ചററായി ജോലിയിൽ കയറാൻ വേണ്ടായാണ് വ്യാജരേഖയുണ്ടാക്കിയത്.
വ്യാജരേഖ കേസിൽ 15 ദിവസമായി ഒളിവിലായിരുന്ന വിദ്യയെ ബുധനാഴ്ച രാത്രിയാണ് കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂരിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് അഗളി പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യയെ ഇന്ന് മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കിയിരുന്നു. വിദ്യ നല്‍കിയ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 24ന് പരിഗണിക്കാനിരിക്കെയാണ് അറസ്റ്റുണ്ടായത്.
വ്യാജ രേഖ കേസില്‍ അഗളി പൊലീസ് വിദ്യക്കെതിരെ കേസെടുത്തത് ജൂണ്‍ ആറിനായിരുന്നു. ഇതിന് പിന്നാലെ വിദ്യ ഒളിവിൽ പോകുകയായിരുന്നു. അതിനിടെ ഗൂഢാലോചനക്ക് പിന്നില്‍ അട്ടപ്പാടി കോളേജ് പ്രിൻസിപ്പലാണെന്ന് വിദ്യ ആരോപിച്ചിരുന്നു. രാഷ്ട്രീയ വൈരാഗ്യം മൂലം തന്നെ കരുവാക്കുകയായിരുന്നുവെന്നാണ് വിദ്യയുടെ മൊഴി. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നും മനപൂര്‍വം കേസില്‍ കുടുക്കുകയായിരുന്നുവെന്നും വിദ്യ പറയുന്നു.
Also Read-വ്യാജ സര്‍ട്ടിഫിക്കേറ്റ് കേസ് പ്രതി കെ. വിദ്യ 15 ദിവസത്തിന് ശേഷം കസ്റ്റഡിയില്‍
അഗളി ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ച വിദ്യയെ ഇന്ന് ഉച്ചയ്ക്ക് മുമ്പായി മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കി. അഗളി പൊലീസും നീലേശ്വരം പൊലീസും രജിസ്റ്റർ ചെയ്ത കേസുകളിൽ വിദ്യ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജികൾ പിന്നീട് പരിഗണിക്കാനായി ഹൈക്കോടതി മാറ്റിയതിന് പിന്നാലെയാണ് വിദ്യയെ പിടികൂടിയത്.
വ്യാജ രേഖയുണ്ടാക്കിയ കുറ്റത്തിന് ഐ.പി.സി. 471, 465 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് വിദ്യക്കെതിരേ കേസെടുത്തത്. വ്യാജരേഖ കേസിൽ കാസര്‍കോട് ജില്ലയിലും വിദ്യയ്ക്കെതിരേ കേസുണ്ട്. കരിന്തളം ഗവ. ആർട്സ് ആന്‍ഡ് സയൻസ് കോളേജിൽ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയതുമായി ബന്ധപ്പെട്ട കേസിലാണ് നീലേശ്വരം പോലീസ് വിദ്യയ്ക്കെതിരേ കേസെടുത്തിരിക്കുന്നത്.
മറ്റു പ്രധാന വാർത്തകൾ (കോഴിക്കോട്)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.