പാലക്കാട്: ധോണിയിൽ നിന്നും പിടികൂടിയ പി.ടി 7-ന്റെ ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടതായി വനം വകുപ്പ്. ധോണിയിലെ കുങ്കിയാന പരിശീലന ക്യാമ്പിൽ കഴിയുന്ന ആനയുടെ വലതുകണ്ണിനു കാഴ്ച്ചയില്ലെന്നാണ് വനം വകുപ്പ് അറിയിച്ചത്. എയര്‍ഗണ്ണിലെ പെല്ലറ്റ് കൊണ്ടതാവാം ആനയുടെ കാഴ്‌ച നഷ്‌ടപ്പെടാൻ കാരണമെന്ന വിലയിരുത്തലിലാണ് വനം വകുപ്പ്.
കഴിഞ്ഞ ജനുവരി 22നാണ് പാലക്കാട് ടസ്‌ക്കർ എന്ന പി.ടി-7നെ മയക്കുവെടിവച്ചു പിടികൂടിയത്. പി.ടി 7നെ പിടികൂടുമ്പോള്‍ തന്നെ വലത് കണ്ണിന് കാഴ്‌ച്ചക്കുറവ് ഉണ്ടായിരുന്നു. ഹൈക്കോടതി നിയോഗിച്ച വിദഗ്‌ധ സമിതി കഴിഞ്ഞയാഴ്‌ച ധോണിയിലെത്തി ആനയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തിയപ്പോഴാണ് വലത് കണ്ണിന്റെ കാഴ്‌ച്ച പൂർണ്ണമായും നഷ്ട്ടപ്പെട്ടതായി സ്ഥിരീകരിച്ചത്.
വനത്തിനുള്ളിലൂടെ സഞ്ചരിക്കുമ്പോള്‍ കണ്ണില്‍ കമ്പ് തട്ടിയോ അല്ലെങ്കില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയപ്പോള്‍ എയര്‍ഗണ്ണിലെ പെല്ലറ്റ് കൊണ്ടിട്ടോ ആയിരിക്കാം കാഴ്‌ച്ച നഷ്‌ടപ്പെട്ടത് എന്നതാണ് വനം വകുപ്പിന്റെ വിലയിരുത്തൽ. ആനയുടെ കണ്ണിന് ചികിത്സ നല്‍കിയിരുന്നെങ്കിലും കാഴ്‌ച ശക്തി വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. ആനയ്‌ക്ക് തുടര്‍ചികിത്സ ആവശ്യമാണെന്നും വനം വകുപ്പ് വിദഗ്‌ധ സമിതിയെ അറിയിച്ചു.
Also Read- നാടിനെ വിറപ്പിച്ച PT 7 എന്ന കാട്ടുകൊമ്പനെ തളച്ചത്; സിനിമാക്കഥയെ വെല്ലുന്ന അനുഭവ കഥ
ആനയ്ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ല. കൂട്ടിലടച്ചതിന്റെ പിറ്റേന്നു മുതൽ തുള്ളിമരുന്നു നൽകി വരുന്നുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പിടി 7 പൂർണ തോതിൽ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും ഡോ. അരുൺ സക്കറിയയുടെ സഹായം തേടാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.