
നിസങ്കയിലേറി ലങ്ക
ഓപ്പണര്‍ പതും നിസങ്കയുടെ (67) ഫിഫ്റ്റിയിലേറി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക എട്ടു വിക്കറ്റിനു 141 റണ്‍സെടുക്കുകയായിരുന്നു. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുക്കാനാണ് ലങ്കന്‍ നായകന്‍ ദസുന്‍ ഷനക തീരുമാനിച്ചത്. പക്ഷെ അദ്ദേഹത്തിന്റെ പ്രതീക്ഷ കാക്കുന്ന പ്രകടനം നിസങ്കയൊഴികെയുള്ളവരുടെ ഭാഗത്തു നിന്നും കണ്ടില്ല.
45 ബോളില്‍ അഞ്ചു സിക്‌സറും രണ്ടു ബൗണ്ടറികളുമുള്‍പ്പെട്ടതായിരുന്നു നിസങ്കയുടെ ഇന്നിങ്‌സ്. ഇതിനിടെ താരം ടി20യില്‍ 1000 റണ്‍സെന്ന നാഴികക്കല്ലും പിന്നിട്ടിരുന്നു. ഭാനുക രാജപക്‌സ (22), കുശാല്‍ മെന്‍ഡിസ് (18) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റര്‍മാര്‍. ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് മൂന്നു വിക്കറ്റുകളെടുത്തപ്പോള്‍ ബെന്‍ സ്‌റ്റോക്‌സ്, ക്രിസ് വോക്‌സ്, സാം കറെന്‍, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.

എറിഞ്ഞൊതുക്കി ബൗളര്‍മാര്‍
ശ്രീലങ്കയുടെ തുടക്കം ഉജ്ജ്വലമായിരുന്നു. അഞ്ചോവറില്‍ 52ഉം 10 ഓവറില്‍ 80ഉം റണ്‍സ് ലങ്കന്‍ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നു. 10 ഓവറില്‍ രണ്ടു വിക്കറ്റിനു 80 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു ഏഷ്യന്‍ ചാംപ്യന്‍മാര്‍. 160-170 റണ്‍സ് ലങ്ക അനായാസം നേടുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്.
പക്ഷെ അവസാന രണ്ടോവറില്‍ ഇംഗ്ലണ്ടിന്റെ ബൗളിങ് ഉജ്ജ്വലമായിരുന്നു. റണ്ണെടുക്കാനുള്ള പഴുതുകളൊന്നും അവര്‍ നല്‍കിയില്ല. ഇതിനിടെ വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരിക്കുകയും ചെയ്തു. അവസാന അഞ്ചോവറില്‍ 25 റണ്‍സ് മാത്രമേ ലങ്കയ്ക്കു നേടാനായുള്ളൂ. ഇതിനിടെ അഞ്ചു വിക്കറ്റുകള്‍ അവര്‍ നഷ്ടപ്പെടുത്തുകയും ചെയ്തു.
Also Read: T20 World Cup 2022: സിംബാബ്‌വെ നിസാരക്കാരല്ല!, ഇന്ത്യ ഭയക്കണം, മൂന്ന് കാര്യം തലവേദന

കിതച്ച് ജയിച്ച് ഇംഗ്ലണ്ട്
ചെറിയ വിജയലക്ഷ്യമായിരുന്നിട്ടും ഇംഗ്ലണ്ടിനു റണ്‍ചേസ് എളുപ്പമായിരുന്നില്ല. 10 ഓവറില്‍ രണ്ടു വിക്കറ്റിനു 87 റണ്‍സ് അവര്‍ നേടിയെങ്കിലും ശേഷിച്ച 10 ഓവറില്‍ റണ്ണെടുക്കാന്‍ ഇംഗ്ലണ്ട് പാടുപെട്ടു. എങ്കിലും രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെ ആറു വിക്കറ്റുകള്‍ നഷ്ടത്തില്‍ വിജയറണ്‍സ് കുറിക്കാന്‍ ഇംഗ്ലണ്ടിനു കഴിഞ്ഞു.
ഇംഗ്ലീഷ് നിരയില്‍ ആര്‍ക്കും തന്നെ ഫിഫ്റ്റിയില്ല. 47 റണ്‍സെടുത്ത ഓപ്പണര്‍ അലെക്‌സ് ഹേല്‍സാണ് ടോപ്‌സ്‌കോറര്‍. 30 ബോളില്‍ താരം ഏഴു ബൗണ്ടറിയും ഒരു സിക്‌സറും താരം നേടി.

വിജയശില്‍പ്പി സ്റ്റോക്സ്
എന്നാല്‍ ടീമിന്റെ യഥാര്‍ഥ ഹീറോ 42 റണ്‍സുമായി പുറത്താവാതെ നിന്ന ബെന്‍ സ്റ്റോക്‌സാണ്. ക്രീസിന്റെ മറുഭാഗത്തു വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നെങ്കിലും മൂന്നാമനായി ക്രീസിലെത്തിയ അദ്ദേഹം ടീമിന്റെ ജയം പൂര്‍ത്തിയാക്കുന്നതു വരെ അപരാജിതനായി ക്രീസില്‍ തുടര്‍ന്നു. 36 ബോള്‍ നേരിട്ട സ്‌റ്റോക്‌സ് രണ്ടു ഫോറുകള്‍ മാത്രമേ നേടിയുള്ളൂ. നായകന്‍ ജോസ് ബട്‌ലറാണ് (28) രണ്ടക്കം കടന്ന മറ്റൊരു ഇംഗ്ലീഷ് താരം. ലങ്കയ്ക്കായി ലഹിരു കുമാര, വനിന്ദു ഹസരംഗ, ധനഞ്ജയ ഡിസില്‍വ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.

പ്ലെയിങ് ഇലവന്‍
ഇംഗ്ലണ്ട്- ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), അലെക്‌സ് ഹേല്‍സ്, മോയിന്‍ അലി, ലിയാം ലിവിങ്‌സ്റ്റണ്‍, ഹാരി ബ്രൂക്ക്, ബെന്‍ സ്‌റ്റോക്‌സ്, സാം കറെന്‍, ഡേവിഡ് മലാന്‍, ക്രിസ് വോക്‌സ്, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.
ശ്രീലങ്ക- പതും നിസങ്ക, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), ധനഞ്ജയ ഡിസില്‍വ, ചരിത് അസലെന്‍ക, ഭാനുക രാജപക്‌സ, ദസുന്‍ ഷനക (ക്യാപ്റ്റന്‍), വനിന്ദു ഹസരംഗ, ചാമിക കരുണരത്‌നെ, മഹീഷ് തീക്ഷണ, ലഹിരു കുമാര, കസുന്‍ രജിത.