മരണത്തിന്റെ വക്കിൽ നിന്നും മകളെ ചികിത്സയിലൂടെയും പ്രാർഥനയിലൂടെയുമാണ് സലീം കോടത്തൂർ ജീവിതത്തിലേക്ക് കൊണ്ടുവന്നത്. സ്പെഷ്യൽ ചൈൽഡായി തന്റെ മകളെ സലീം കോടത്തൂർ തന്നെയാണ് തന്റെ സോഷ്യൽമീഡിയ പോസ്റ്റ് വഴി മലയാളികൾക്ക് പരിചയപ്പെടുത്തിയത്.
സലീമിന്റെ പോസ്റ്റുകൾ വൈറലായി മാറാൻ തുടങ്ങിയതോടെ ഹന്നയ്ക്കും ഫാൻസുണ്ടാകാൻ തുടങ്ങി. സലീമിനുള്ളതിനേക്കാൾ കൂടുതൽ ആരാധകരാണ് ഇന്ന് ഹന്നമോൾക്ക് വിദേശത്തും കേരളത്തിലുമുള്ളത്.

ഉപ്പയെ പോലെ ഗായികയായ ഹന്നയുടെ പാട്ടുകളും പ്രശസ്തമാണ്. ഇപ്പോഴിത മകൾ ഹന്നയ്ക്കൊപ്പം ഫ്ളവേഴ്സ് ചാനലിനെ പരിപാടിയിൽ അതിഥിയായി വന്ന സലീം കോടത്തൂർ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ‘ഞാൻ ദുനിയാവിന്റെ സൗന്ദര്യം കണ്ടത് എന്റെ ഹന്ന മോളിലൂടെയാണ്.’
‘എന്റെ മകളാണ് ഏറ്റവും സുന്ദരിയെന്ന് അഭിമാനത്തോടെ എനിക്ക് എവിടേയും പറയാൻ കഴിയും. കാരണം ഹന്ന മോളെ പ്രസവിച്ച് കഴിഞ്ഞ സമയത്ത് എന്റെ കൈയ്യിൽ തന്നപ്പോൾ ഞാൻ കണ്ടൊരു സൗന്ദര്യമുണ്ട്. സ്കിൻ കുറേ ഭാഗത്ത് ഉണ്ടായിരുന്നില്ല.’

‘പക്ഷെ ഞാൻ അവളുടെ കണ്ണുകളുടെ സൗന്ദര്യം കണ്ടു. അവളുടെ ചിരിക്കും ഭയങ്കര സൗന്ദര്യമായിരുന്നു. ഈ സൗന്ദര്യമൊക്കെ മോള് വെന്റിലേറ്ററിലായിരിക്കുമ്പോഴാണ് ഞാൻ കണ്ടത്. അതിനോളം സൗന്ദര്യം ഞാൻ പിന്നീട് ലോകത്ത് എവിടേയും കണ്ടിട്ടില്ല.’
‘ഒരുപാട് ആൽബങ്ങളിൽ അഭിനയിച്ചിട്ടുള്ള ആളായിട്ട് പോലും അന്നൊന്നും കാണാത്ത സൗന്ദര്യമാണ് ഞാൻ എന്റെ മകളിലൂടെ കണ്ടത്’, സലീം കോടത്തൂർ പറഞ്ഞു. മകളുടെ പിറന്നാളുകൾ വരുമ്പോഴും അവൾ പുതിയ നേട്ടങ്ങൾ കൈവരിക്കുമ്പോഴും അത് അഭിമാനത്തോടെ സോഷ്യൽമീഡിയ വഴി തന്നെ സ്നേഹിക്കുന്നവരോട് സലീം കോടത്തൂർ പങ്കുവെക്കാറുണ്ട്.
Also Read: മോഹൻലാൽ പരാജയപ്പെട്ട സംവിധായകർക്കും ഡേറ്റ് കൊടുക്കാറുണ്ട്; നടനെക്കുറിച്ച് ജീത്തു ജോസഫ്

സലീമിന് മകളോട് ഉള്ളത് പോലെ തന്നെ മകൾക്കും ഉപ്പയെന്നാൽ ജീവനാണ്. ‘സങ്കടങ്ങളിലേക്ക് നോക്കുന്നതിന് പകരം നമ്മുടെ അനുഗ്രഹങ്ങളിലേക്ക് നോക്കണമെന്നത് ഞാൻ പഠിച്ചത് ഇവളിലൂടെ ആയിരുന്നു.’
‘അതുകൊണ്ട് തന്നെ പലരും കുറവുകൾ കണ്ട് സഹതപിച്ചപ്പോൾ ഞങ്ങൾ എപ്പോഴും ഇവളുടെ മികവുകൾ മാത്രം നോക്കി കണ്ട് സന്തോഷിച്ചു. അതായിരുന്നു എന്റെ വിജയവും’ എന്നാണ് മകളുടെ ഒരു പിറന്നാൾ ദിനത്തിൽ സലീം കോടത്തൂർ കുറിച്ചത്.

മകളെ വിറ്റ് കാശാക്കുകയാണോയെന്നുള്ള നിരവധി ചോദ്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സലീം മുമ്പ് വെളിപ്പെടുത്തിയിരുന്നു. തനിക്ക് വേണ്ടത് സഹതാപമല്ല. അവളെ മാലാഖ കുഞ്ഞേ എന്ന് പറഞ്ഞ് എല്ലാവരും വാരി എടുക്കുന്നത് കാണുമ്പോഴുള്ള സന്തോഷമാണ് എന്നും സലീം കോടത്തൂർ പിന്നീട് പറഞ്ഞിരുന്നു.
ഹന്ന മോളും ഇപ്പോൾ ഉപ്പയ്ക്കൊപ്പം പരിപാടികൾ അവതരിപ്പിക്കാൻ പോവുകയും മ്യൂസിക്ക് ആൽബങ്ങൾക്ക് വേണ്ടി പിന്നണി പാടുകയുമെല്ലാം ചെയ്യാറുണ്ട്.