
ഇന്ത്യ-പാക് ഫൈനല്‍ സാധ്യമോ?
ഇത്തവണത്തെ ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ നടന്ന ഇന്ത്യ-പാക് പോരാട്ടം ആവേശം വാനോളമുയര്‍ത്തിയിരുന്നു. ലാസ്റ്റ് ബോള്‍ ത്രില്ലറിലായിരുന്നു ലോകം ഉറ്റുനോക്കിയ മത്സരത്തില്‍ ഇന്ത്യയുടെ ജയം. വിരാട് കോലിയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ മികവിലായിരുന്നു ഇന്ത്യയുടെ ജയം. ഫൈനലില്‍ ഇന്ത്യ-പാക് പോരാട്ടം കാണണമേയെന്ന് പ്രാര്‍ത്ഥിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ അത് സാധ്യമാകുമോ?. സംഭവിക്കാനുള്ള സാധ്യത പരിശോധിക്കാം.
Also Read : T20 World Cup 2022: സിംബാബ്‌വെ നിസാരക്കാരല്ല!, ഇന്ത്യ ഭയക്കണം, മൂന്ന് കാര്യം തലവേദന

ദക്ഷിണാഫ്രിക്ക പുറത്താവണം
ഇന്ത്യയാണ് നിലവില്‍ ഗ്രൂപ്പ് 2ല്‍ തലപ്പത്ത്. 4 മത്സരത്തില്‍ നിന്ന് 6 പോയിന്റാണ് ഇന്ത്യക്കുള്ളത്. അവസാന മത്സരത്തില്‍ ഇന്ത്യ സിംബാബ് വെയെ തോല്‍പ്പിച്ചാല്‍ സെമിയില്‍ സീറ്റുറപ്പിക്കാം. ദക്ഷിണാഫ്രിക്കയുടെ എതിരാളി നെതര്‍ലന്‍ഡ്‌സാണ്. അട്ടിമറി സാധ്യത കുറവാണെങ്കിലും ദക്ഷിണാഫ്രിക്കയെ നെതര്‍ലന്‍ഡ്‌സ് വീഴ്ത്തുകയോ മത്സരം മഴമൂലം ഉപേക്ഷിക്കുകയോ ചെയ്താല്‍ പാകിസ്താന് പ്രതീക്ഷയുണ്ട്. ബംഗ്ലാദേശിനെതിരേ വമ്പന്‍ ജയം നേടാനായാല്‍ പാകിസ്താന് നെറ്റ് റണ്‍റേറ്റിലും പോയിന്റിലും ദക്ഷിണാഫ്രിക്കയെ മറികടക്കാനും സെമിയിലെത്താനുമാവും.

ന്യൂസീലന്‍ഡിനെയും ഇംഗ്ലണ്ടിനെയും തോല്‍പ്പിക്കണം
ഇന്ത്യയും പാകിസ്താനും സെമിയിലെത്തിയാല്‍ സെമി ഫൈനലില്‍ ന്യൂസീലന്‍ഡും ഇംഗ്ലണ്ടുമാവും എതിരാളികളായി എത്തുക. രണ്ട് പേരും വമ്പന്മാരാണ്. ഇവരെ തോല്‍പ്പിച്ചാല്‍ ഇന്ത്യക്കും പാകിസ്താനും ഫൈനലിലെത്താനുള്ള അവസരമുണ്ട്. എന്നാല്‍ ഇതിന്റെ സാധ്യത വളരെ കുറവാണെന്ന് തന്നെ പറയാം. പാകിസ്താന്‍ സെമി കാണാനുള്ള സാധ്യതകള്‍ വളരെ കുറവാണ്. ദക്ഷിണാഫ്രിക്കയും ഇന്ത്യയും സെമിയിലെത്താനാണ് സാധ്യത.

ഇന്ത്യ കപ്പടിക്കുമോ?
ഇത്തവണ വിരാട് കോലിയുടെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യയുടെ കുതിപ്പ്. ബൗളര്‍മാരും മോശമല്ലാത്ത പ്രകടനം നടത്തുന്നതോടെ ഇന്ത്യ സജീവ കിരീട പ്രതീക്ഷയിലാണ്. നായകനെന്ന നിലയില്‍ രോഹിത് ശര്‍മ കരുത്തുകാട്ടുമ്പോഴും ഓപ്പണിങ് ബാറ്റ്‌സ്മാനെന്ന നിലയില്‍ ഫോമിലല്ല. ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ടുകൂടി മെച്ചപ്പെട്ടാല്‍ ഫൈനലില്‍ ഇന്ത്യ കളിക്കാനും കപ്പടിക്കാനുമുള്ള സാധ്യത വളരെ കൂടുതലാണ്.

ഫൈനല്‍ മെല്‍ബണില്‍
ടി20 ലോകകപ്പിന്റെ ഫൈനല്‍ നടക്കാന്‍ പോകുന്നത് 13ന് മെല്‍ബണിലാണ്. ഇന്ത്യന്‍ താരങ്ങള്‍ക്ക് കളിച്ച് അനുഭവസമ്പത്തുള്ള പിച്ചാണിത്. വിരാട് കോലിയുടെ മെല്‍ബണിലെ റെക്കോഡുകള്‍ ഓസീസ് താരങ്ങളെക്കാള്‍ മികച്ചതാണ്. ഇന്ത്യ നിലവിലെ ഫോമില്‍ കളി തുടര്‍ന്നാല്‍ 2007ലെ ടി20 ലോകകപ്പിന് ശേഷം മറ്റൊരു ടി20 ലോകകപ്പ് കിരീടം കൂടി ഇന്ത്യയുടെ അലമാരയിലെത്തിക്കാനാവും.