വിവാഹമോചിതയായോ എന്ന അവതാരകന്റെ ചോദ്യത്തിന് സുനിച്ചനുമായി യാതൊരു പ്രശ്‌നവുമില്ലെന്നാണ് മഞ്ജു പറയുന്നത്. എല്ലാവരും പറയുന്നത് ഞങ്ങള്‍ വേര്‍പിരിഞ്ഞ് രണ്ടാളും രണ്ട് വഴിയ്ക്കായെന്നാണ്. അങ്ങനെയൊന്നുമില്ല. ഒരു ഭാര്യ എന്ന നിലയിലും സ്ത്രീയെന്ന നിലയിലും ഞാന്‍ അനുഭവിച്ച പ്രശ്‌നങ്ങളാണ് പറഞ്ഞത്. അതിനര്‍ഥം എനിക്ക് സുനിച്ചനോട് സ്‌നേഹമില്ലെന്നോ ഞങ്ങള്‍ അടിച്ച് പിരിയുമെന്നോ അല്ല. ഇതൊക്കെ സുനിച്ചനോടും പറയാറുണ്ടെന്ന് മഞ്ജു വ്യക്തമാക്കി.

സുനിച്ചന് ഭയങ്കര സ്‌നേഹമാണ്. ഇപ്പോഴും സ്‌നേഹമാണ്. സുനിച്ചനില്ലാതെ ഒരു ജീവിതത്തെ പറ്റി ഞാന്‍ ചിന്തിക്കുന്നത് പോലുമില്ല. ഈ പറയുന്നതൊക്കെ ഞാന്‍ സുനിച്ചനോടും പറയാറുള്ളതാണ്. പിന്നെ പെസ ഇല്ലാത്തവരോട് ആളുകള്‍ക്ക് ഒരു വിലയില്ല. എന്റെ അനുഭവം പഠിപ്പിച്ചതാണ്. കുടുംബസംഗമത്തിന് ഞങ്ങളുടെ കുടുംബത്തെ മാത്രം മാറ്റി നിര്‍ത്തി വിൡക്കാതെ ഇരുന്നിട്ടുണ്ടെന്ന് മഞ്ജു പറയുന്നു.

കടം കേറി മുടിഞ്ഞ് നില്‍ക്കുന്ന കാലത്ത് കിഡ്‌നി വില്‍ക്കാനും ശ്രമിച്ചിരുന്നതായി മഞ്ജു പറയുന്നു. ഒരു ദിവസം കിടന്നിട്ട് ഉറക്കം വരുന്നില്ല. പത്രമോ മാഗസിനോ എന്തോ വായിക്കുന്നതിന് ഇടയിലാണ് കിഡ്‌നി വില്‍ക്കാനുള്ള പരസ്യം കണ്ടത്. രണ്ട് കിഡ്‌നി ഉണ്ടല്ലോ, അതിലൊന്ന് വിറ്റ് കടം വീട്ടാനുള്ള പൈസ മാത്രം കിട്ടിയാല്‍ മതിയെന്ന് ആഗ്രഹിച്ചു. പത്ത് ലക്ഷം രൂപയെങ്കിലും കിട്ടണമെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. പിന്നെ അതൊന്നും പ്രവര്‍ത്തികമായില്ലെന്ന് മഞ്ജു പറഞ്ഞു.

ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നതിനെ കുറിച്ചും മഞ്ജു പറഞ്ഞു. ‘ഇത് അനുഭവിക്കുന്നത് ഞാന്‍ മാത്രമല്ല. എന്റെ നിറമുള്ള, എന്നെക്കാളും നിറം മങ്ങിയ, അല്ലെങ്കില്‍ എന്നെക്കാളും തടിച്ചതോ, മെല്ലിഞ്ഞതോ ആയ ഒരുപാട് ആളുകള്‍ക്കുള്ള പ്രശ്‌നമാണ്. ഇത്രയും നാളായിട്ടും അതിന് മാറ്റമില്ല. പഴയ ആളുകള്‍ പിന്നെയും പോവട്ടേ എന്ന് വിചാരിക്കാം. എന്നാല്‍ പുതിയ തലമുറയിലുള്ള ആളുകളും അതുപോലെയാണ് പെരുമാറുന്നത്. കഴിഞ്ഞ ദിവസം തനിക്കത് പോലൊരു അനുഭവം ഉണ്ടായെന്ന് മഞ്ജു പറയുന്നു.

എനിക്ക് വളരെ അടുത്ത് അറിയാവുന്ന അഭിനേത്രിയാണ്. ലൊക്കേഷനില്‍ അവര്‍ക്കെന്തൊ പ്രശ്‌നം ഉണ്ടായി, അവരുടെ മൂഡ് ശരിയല്ല. അവര്‍ക്ക് എന്തേലും വിഷയം ഉണ്ടാകുമ്പോള്‍ അവരുടെ വിചാരം അവിടെ ലൊക്കേഷനില്‍ ഉള്ള രണ്ടുപെണ്ണുങ്ങളാണ് അതിന് പിന്നിലെന്നാണ്. അതില്‍ ഒരുപെണ്ണ് ഞാനും മറ്റേത് എന്റെ കൂടെ അഭിനയിക്കുന്ന ഒരു കുട്ടിയുമാണ്. ഞങ്ങളാണ് ഈ പ്രശ്‌നമുണ്ടാക്കുന്നതെന്ന മിഥ്യാധാരണ അവര്‍ക്കുണ്ട്.

അവര്‍ പെട്ടെന്ന് പറയുവാ, ഇവളുടെ നിറം പോലെയാണ് ഇവളുടെ മനസുമെന്ന്. എനിക്കത് പെട്ടെന്ന് വിഷമമായി. അവര്‍ അത് നല്ല സെന്‍സില്‍ അല്ല അത് പറഞ്ഞത്. നമ്മള്‍ ആളുകളെ എത്ര സ്‌നേഹിക്കാന്‍ ശ്രമിച്ചാലും ആളുകള്‍ നമ്മളെ കാണുന്നത് ഈ നിറത്തിന്റെ പേരിലും മുഖത്തിന്റെ സൗന്ദര്യത്തിന്റെ പേരിലുമാണ്. അത് ഞാന്‍ ചെറുപ്പം മുതലേ കേട്ടിട്ടുള്ളതാണെന്നും മഞ്ജു വ്യക്തമാക്കുന്നു.