അഭിനിവേശത്തിന്റെയും പുരുഷ കാമനകളുടെയും കഥ പറയുന്നു മജു സംവിധാനം ചെയ്‌ത ‘അപ്പൻ’ എന്ന സിനിമ. കുടിയേറ്റ ജീവിതങ്ങളുടെ പശ്ചാത്തലത്തിൽ, സ്‌നേഹവും സ്‌നേഹ നിരാസവും നിസ്സഹായതയും ക്രൂരതയുമൊക്കെ അതിന്റെ പല ഭാവങ്ങളിൽ നിറഞ്ഞൊഴിയുന്നു. റബർ പാലിന്റെ മണവും പശിമയും പ്രേക്ഷകരെ അനുഭവിപ്പിക്കുന്ന ചിത്രം മടുക്കാത്ത ബന്ധങ്ങളുടെ ആഴവും പരപ്പുംതന്നെയാണ് കാണിക്കുന്നത്. ഒടിടിയിൽ വൻ ഹിറ്റായി മാറിയ ചിത്രത്തെക്കുറിച്ച് മജു സംസാരിക്കുന്നു.
പ്രേക്ഷകർവരെ ആഗ്രഹിക്കണം
വായിച്ചും മറ്റും ഒരുപാട് കുടിയേറ്റ കഥകൾ കേട്ടിട്ടുണ്ട്. കുടിയേറ്റക്കാരുടെ പലതരം മാനസികാവസ്ഥകൾ, സംഘർഷങ്ങൾ, വന്യത എന്നിവയെക്കുറിച്ചെല്ലാമുള്ള ചിന്തകളിൽനിന്നാണ് ‘അപ്പൻ’ രൂപപ്പെട്ടത്. നല്ലതും ചീത്തയുമായ പല കഥകളും അക്കൂട്ടത്തിൽ പെടും. ഈ സിനിമയിലെ ഇട്ടിയെപ്പോലെ ക്രൂരത നിറഞ്ഞ ഒരുപാടു പേരുണ്ട്. കുടിയേറ്റക്കാരിൽ മാത്രമല്ല, സമൂഹത്തിലും. ‘എത്രയും പെട്ടെന്ന് മരിച്ചുപോയിരുന്നെങ്കിൽ’ എന്ന് ആഗ്രഹിക്കുന്ന ചില രോഗികളുള്ള പല വീടുകളുമുണ്ട്. അത്തരത്തിൽ സിനിമയിൽ കാണിച്ചാൽ പ്രേക്ഷകർ അംഗീകരിക്കണമെന്നില്ല. അതുകൊണ്ടാണ് ഇട്ടി എന്ന അലൻസിയറുടെ അപ്പൻ കഥാപാത്രത്തെ ക്രൂരനാക്കിയത്. വീട്ടുകാരും നാട്ടുകാരും മാത്രമല്ല, പ്രേക്ഷകരുംവരെ അയാൾ മരിക്കണമെന്നാഗ്രഹിക്കുന്നുണ്ട്.
സ്ത്രീകൾ കരുത്തരാണ്
ദുർബലരാണെന്നു തോന്നുമെങ്കിലും വ്യക്തമായ നിലപാടുള്ളവരാണ് ഇതിലെ സ്‌ത്രീകഥാപാത്രങ്ങൾ. പലപ്പോഴും പുരുഷന്മാരേക്കാൾ കരുത്തരാണവർ. പ്രതിസന്ധികളെ ഏറ്റവും നന്നായി കൈകാര്യം ചെയ്യാൻ അവർക്ക് കഴിയും. ഒരു തരത്തിലും സ്‌ത്രീകളെ താഴ്‌ത്തിക്കാണിക്കാൻ പാടില്ല.
ഒറ്റ ലൊക്കേഷൻ
ഒറ്റ ലൊക്കഷനിലാണ് കഥ. അതിനാൽ, തിരക്കഥ എഴുതുമ്പോൾത്തന്നെ ആളുകൾക്ക് ബോറടിക്കാതിരിക്കാനുള്ള ശ്രമങ്ങളൊക്കെ ബോധപൂർവം നടത്തി. സംഭാഷണങ്ങളിലൂടെയും സംഭവങ്ങളിലൂടെയും ഈ പരിമിതിയെ മറികടക്കാൻ ശ്രമിച്ചിട്ടുണ്ട്.
അഭിനേതാക്കൾ
തിരക്കഥ ഞാനും ആർ ജയകുമാറും ചേർന്നാണ് എഴുതിയത്. എല്ലാ കഥാപാത്രങ്ങൾക്കും വ്യക്തിത്വം ഉണ്ടാകണമെന്ന് തീരുമാനിച്ചിരുന്നു. കുറച്ചു കഥാപാത്രങ്ങളേ ഉള്ളൂ എങ്കിലും എല്ലാവരും അവരുടെ കഴിവിന്റെ പരമാവധി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കഥ എഴുതുമ്പോൾത്തന്നെ അലൻസിയറും പൗളി ചേച്ചിയും മനസ്സിലുണ്ടായിരുന്നു. ‘ഫ്രഞ്ച് വിപ്ലവം’ എന്ന എന്റെ ആദ്യ പടത്തിൽ അഭിനയിക്കുമ്പോൾത്തന്നെ സണ്ണിയിലെ അഭിനേതാവിന്റെ സാധ്യത തിരിച്ചറിഞ്ഞിട്ടുണ്ട്. അനന്യയുടെ തിരിച്ചുവരവുകൂടിയാണ് ഈ ചിത്രം. ഷീല എന്ന കഥാപാത്രം അതി ഗംഭീര പ്രകടനം കാഴ്‌ചവയ്‌ക്കേണ്ട കഥാപാത്രമാണ്. മനസ്സിൽ ഒന്നും പുറത്ത് മറ്റൊന്നുമായി ജീവിക്കുന്ന കഥാപാത്രമാണ്. രാധിക എന്ന നടി ഓഡിഷനിലൂടെയാണ് വന്നത്.
സിനിമയും ഞാനും
കാക്കനാടാണ് സ്വദേശം. ഖത്തറിൽ 10 വർഷം ജോലി ചെയ്‌ത് വന്നശേഷമാണ് ‘ഫ്രഞ്ച് വിപ്ലവം’ എന്ന സിനിമ സംവിധാനം ചെയ്‌തത്. അത് വേണ്ടത്ര വിജയിച്ചില്ല. സിനിമകൾ കണ്ടുകണ്ടാണ് പഠിച്ചത്. ഒരു സുഹൃത്തുവഴി ലിജോ ജോസ് പെല്ലിശേരിയുടെ ‘ഈ മ യൗ’ സിനിമയുടെ ലൊക്കേഷനിൽ 10–- 15 ദിവസം പോയി ഷൂട്ടിങ് കണ്ടു. ആ ധൈര്യത്തിലാണ് സിനിമ സംവിധാനം ചെയ്യാനിറങ്ങിയത്. എന്ത് സംശയവും പ്രതിസന്ധിയും ഉണ്ടെങ്കിലും ലിജോ ജോസ് പെല്ലിശേരി, സക്കറിയ, രാജീവ് രവി… എന്നിവരെയെല്ലാം വിളിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ‘ഫ്രഞ്ച് വിപ്ലവം’ ചില മാറ്റങ്ങൾ വരുത്തി പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. ഒപ്പം ജയകുമാറിനൊപ്പം എഴുതിയ ‘കേമി’ എന്ന തിരക്കഥ സിനിമയാക്കണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ