പാലക്കാട് > യുഡിഎഫ് നിയന്ത്രണത്തിലുള്ള കുഴൽമന്ദം ബ്ലോക്ക് റൂറൽ ക്രെഡിറ്റ് സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പിൽ ആറ് ഭരണസമിതി അംഗങ്ങൾ അറസ്‌റ്റിൽ. തേങ്കുറുശി കുന്നുകാട് വീട്ടിൽ കെ ബി പ്രേമകൃഷ്‌ണൻ(54), കണ്ണാടി കാഴ്‌ചപ്പറമ്പ് സ്വദേശി എൻ ഭവദാസൻ(65), തരുവക്കുറുശി കൊളുമ്പ് പറമ്പിൽ എൻ ബാലകൃഷ്‌ണൻ(74), ചാത്തൻകുളങ്ങര പറമ്പിൽ എസ് അബുതാഹിർ(44), കുഴൽമന്ദം കുളവൻമൊക്ക് കോളോട്ടിൽ വീട്ടിൽ വി സദാശിവൻ(72), കണ്ണാടി കടകുറുശി കൊല്ലങ്കോട്ടുപറമ്പിൽ ദാക്ഷായണി(44) എന്നിവരെയാണ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ശശികുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്.
വായ്‌പ തിരിമറി, സ്ഥിര നിക്ഷേപം തിരിച്ചുനൽകാതിരിക്കൽ, രേഖകളില്ലാതെ വായ്പ അനുവദിക്കൽ, അപേക്ഷകർ അറിയാതെ വായ്പ പുതുക്കൽ എന്നിങ്ങനെ 4.85 കോടി രൂപയുടെ തിരിമറിയാണ് കണ്ടെത്തിയത്. പലരുടെയും പേരിൽ അവർ അറിയാതെ 1.21 കോടി രൂപ വായ്പയെടുത്തു. 12 ആധാരം ഗഹാൻ ചെയ്‌തില്ല. ക്രമക്കേടിലൂടെ എടുത്ത വായ്പ തുക പ്രസിഡന്റിന്റെ പേരിലുള്ള രണ്ട് സേവിങ്സ് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി.
തിരിച്ചടവ് മുടങ്ങിയെന്ന നോട്ടീസ് കിട്ടിയപ്പോഴാണ് സംഘത്തിലെ അംഗങ്ങളിൽ പലരും തങ്ങളുടെ പേരിൽ വായ്പയുണ്ടെന്ന് അറിഞ്ഞത്. തുടർന്നാണ് സഹകരണ വകുപ്പിന് പരാതി നൽകിയത്.
പരാതികളിൽ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ വകുപ്പുതല അന്വേഷണം നടത്തി സംഘത്തിന് നഷ്ടമായ തുക കുറ്റക്കാരായ ഭരണസമിതി അംഗങ്ങളിൽനിന്ന് ഈടാക്കണമെന്ന് റിപ്പോർട്ട് ചെയ്‌തിരുന്നു. സഹകാരികൾ സൗത്ത് പൊലീസ് സ്‌റ്റേഷനിലും പരാതി നൽകി. പിന്നീട് ഇതിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. പ്രതികളെ പാലക്കാട് സിജെഎം കോടതിയിൽ ഹാജരാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ