മെൽബൺ
കളത്തിൽ ഇറങ്ങുംമുമ്പേ സെമി ഉറപ്പാക്കിയ ഇന്ത്യ സിംബാബ്‌വെയെ തകർത്ത് ആധികാരികമായി മുന്നേറി. ഇംഗ്ലണ്ടുമായുള്ള സെമിക്കുമുമ്പുള്ള ഒരുക്കമായി ഇന്ത്യക്ക് ഈ മത്സരം. ഗ്രൂപ്പ് രണ്ടിൽ അഞ്ചു ജയവുമായാണ് രോഹിത് ശർമയുടെയും കൂട്ടരുടെയും കുതിപ്പ്.
സൂര്യകുമാർ യാദവിന്റെ വെടിക്കെട്ടുപ്രകടനമായിരുന്നു മെൽബണിലെ ആവേശക്കാഴ്‌ച. 25 പന്തിൽ 61 റണ്ണുമായി പുറത്താകാതെ നിന്ന സൂര്യകുമാർ സിംബാബ്‌വെ ബൗളർമാരെ തല്ലിത്തകർത്തു. നാല് സിക്‌സറും ആറ് ഫോറും ഉൾപ്പെട്ടതായിരുന്നു ആ ഇന്നിങ്‌സ്. ഇന്ത്യ നേടിയത് 5–-186 റൺ. മറുപടിക്കെത്തിയ സിംബാബ്‌വെയ്‌ക്ക് ചെറുത്തുനിൽക്കാനായില്ല. 17.2 ഓവറിൽ 115 റണ്ണെടുത്ത് അവർ കൂടാരം കയറി. ഇന്ത്യക്ക് 71 റൺ ജയം.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യക്ക് പതിവുപോലെ തുടക്കം നന്നായില്ല. റിച്ചാർഡ് എൻഗാരവ എറിഞ്ഞ ആദ്യ ഓവറിൽ ലോകേഷ് രാഹുലിന് റണ്ണൊന്നും എടുക്കാനായില്ല. ആക്രമണം ഏറ്റെടുത്ത രോഹിതിന് (13 പന്തിൽ 15) മുന്നേറാനുമായില്ല. എന്നാൽ, രാഹുൽ പതുക്കെ താളംപിടിച്ചു. തുടർച്ചയായ രണ്ടാംകളിയിലും അരസെഞ്ചുറി. 35 പന്തിൽ 51 റണ്ണെടുത്ത രാഹുലിന്റെ ഇന്നിങ്‌സിൽ മൂന്നുവീതം സിക്‌സറും ഫോറും ഉൾപ്പെട്ടു. വിരാട് കോഹ്‌ലി 25 പന്തിൽ 26 റണ്ണെടുത്ത് മടങ്ങി.
മധ്യ ഓവറുകളിൽ റണ്ണിടിയുന്ന ഘട്ടത്തിലായിരുന്നു സൂര്യകുമാറിന്റെ വെടിക്കെട്ട്. അവസാന ഓവറുകളിൽ ബൗണ്ടറികളുടെ പെരുമഴ പെയ്‌തു. ഇതിനിടെ ഋഷഭ് പന്തും (5 പന്തിൽ 3) ഹാർദിക് പാണ്ഡ്യയും (18 പന്തിൽ 18) വന്നതും പോയതും സൂര്യകുമാർ അറിയിച്ചില്ല. പാകിസ്ഥാനെ വിറപ്പിച്ച സിംബാബ്‌വെ ബൗളർമാർക്ക് സൂര്യകുമാറിനുമുന്നിൽ ഉത്തരമുണ്ടായില്ല.
വമ്പൻ സ്‌കോർ നേടിയതിന്റെ ആത്മവിശ്വാസത്തിൽ പന്തെറിയാനെത്തിയ ഇന്ത്യ തുടക്കത്തിലേ മിന്നി. ഭുവനേശ്വർ കുമാർ എറിഞ്ഞ ആദ്യ ഓവറിൽ വെസ്ലി മധവെരെ പുറത്താകുമ്പോൾ സ്‌കോർ ബോർഡിൽ റണ്ണുണ്ടായില്ല. സിക്കന്ദർ റാസയും (24 പന്തിൽ 34) റ്യാൻ ബേളും (22 പന്തിൽ 35) മാത്രം പിടിച്ചുനിന്നു.ആർ അശ്വിൻ മൂന്നും പാണ്ഡ്യയും മുഹമ്മദ് ഷമിയും രണ്ടുവീതവും വിക്കറ്റ് നേടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ