Four Wheelers
oi-Gokul Nair
ഇന്ത്യയിൽ എസ്‌യുവികളോടുള്ള പ്രണയം ദിനംപ്രതി വർധിച്ചുവരികയാണ്. ഒരു ഹാച്ച്ബാക്കിനായി മുടക്കുന്ന പണമുണ്ടെങ്കിൽ ഇന്ന് എസ്‌യുവി വീട്ടിലെത്തിക്കാനാവും. നിസാനും റെനോയുമാണ് ബജറ്റ് വിലയിൽ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾ ഇന്ത്യക്കാർക്ക് നൽകാനാവുമെന്ന് കാണിച്ചു തന്നതെങ്കിലും വിപണിയിൽ ആറാടിയത് ടാറ്റ മോട്ടോർസാണ്.
പഞ്ച് എന്ന മൈക്രോ എസ്‌യുവി കൊണ്ടുവന്ന് അക്ഷരാർഥത്തിൽ വിപണി വെട്ടിപ്പിടിക്കുകയായിരുന്നു ടാറ്റ. വെറും 19 മാസത്തിനുള്ളിൽ രണ്ട് ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്ന് പഞ്ച് കുതിച്ചപ്പോൾ ഹാലിളകി ഹ്യുണ്ടായി എക്സ്റ്റർ മൈക്രോ എസ്‌യുവിയെ പുറത്തിറക്കിയത് അടുത്തിടെയാണ്. പഞ്ചുമായി നേരിട്ട് ഏറ്റുമുട്ടുമ്പോൾ അനേകം ഫീച്ചറുകളും സവിശേഷതകളും കോർത്തിണക്കിയാണ് ഈ കുട്ടികൊമ്പനെ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ വിപണിയിലെത്തിച്ചത്.
സമൃദ്ധമായ സെഗ്‌മെന്റ്-ആദ്യ സവിശേഷതകളോടെ വരുമ്പോൾ ടാറ്റ പഞ്ചിനേക്കാൾ കേമൻ ഹ്യുണ്ടായി എക്സ്റ്ററാണെന്ന് ഒറ്റ നോട്ടത്തിൽ വിശ്വസിക്കുന്നവരാണ് അധികവും. പക്ഷേ ചില ഫീച്ചറുകളുടെ കാര്യത്തിൽ ടാറ്റയുടെ മൈക്രോ എസ്‌യുവിക്ക് തന്നെയാണ് സെഗ്മെന്റിൽ മേൽകൈ. ഈ മോഡലുകളിൽ ഏതെങ്കിലും ഒന്ന് വാങ്ങാൻ ആലോചിക്കുന്നയാളാണ് നിങ്ങളെങ്കിൽ എക്സ്റ്ററിൽ ഇല്ലാത്തതും പഞ്ചിൽ അധികമായി ലഭിക്കുന്നതുമായ ചില കിടിലൻ ഫീച്ചറുകൾ ഏതെല്ലാമെന്ന് ഒന്നു പരിചയപ്പെട്ടാലോ?
ഫോഗ് ലാമ്പുകൾ: ഈയൊരു ഫീച്ചർ ഒരു ആഡംബരമായി ചിന്തിക്കുന്നവരുണ്ടെങ്കിലും ഇതൊരു പ്രായോഗികമായ ഫീച്ചറാണ്. ഹ്യുണ്ടായി എക്സ്റ്ററിൽ ഇല്ലാത്ത ഈയൊരു കാര്യം നിങ്ങൾക്ക് ടാറ്റ പഞ്ചിൽ ലഭിക്കും. ടാറ്റയുടെ മൈക്രോ എസ്‌യുവിക്ക് മുൻവശത്ത് ഫോഗ് ലാമ്പുകൾ പുറമെ കോർണറിംഗ് ഫംഗ്ഷനും ലഭിക്കും. ഈ സേഫ്റ്റി ഫീച്ചർ പഞ്ചിന്റെ അകംപ്ലിഷ്ഡ് വേരിയന്റ് മുതലാണ് നൽകിയിരിക്കുന്നത്.
റെയിൻ സെൻസിംഗ് വൈപ്പർ: റെയിൻ സെൻസിംഗ് വൈപ്പറുകൾ നൽകുന്ന ഇന്ത്യയിലെ ഒരേയൊരു മൈക്രോ എസ്‌യുവിയാണ് ടാറ്റ പഞ്ച്. എന്നാൽ മോഡലിന്റെ ടോപ്പ് എൻഡ് ക്രിയേറ്റീവ് വേരിയന്റ് വാങ്ങുന്നവർക്ക് മാത്രമേ ഈ പ്രീമിയം ഫീച്ചർ ലഭ്യമാവൂ. പക്ഷേ എതിരാളിയായ ഹ്യുണ്ടായി എക്സ്റ്ററിന്റെ ഒരു വേരിയന്റിലും ഈയൊരു ഫീച്ചർ കമ്പനി നൽകുന്നില്ലെന്നത് ടാറ്റക്ക് മേൽകൈ നൽകുന്നുണ്ട്.
റിയർ ആംറെസ്റ്റ്: ഏകദേശം 10 ലക്ഷം രൂപ വിലയുള്ള ആധുനിക കാറുകളിൽ ഏവരും പ്രതീക്ഷിക്കുന്നൊരു കംഫർട്ട് ഫീച്ചറുകളിൽ ഒന്നാണ് റിയർ സെന്റർ ആംറെസ്റ്റ്. ടോപ്പ് എൻഡ് ട്രിമ്മിൽ മാത്രമാണ് പിൻസീറ്റിലെ യാത്രക്കാർക്കായി ആംറെസ്റ്റ് ലഭിക്കുന്നത് എങ്കിലും ഈ സെഗ്മെന്റിൽ പഞ്ചിന് മാത്രമാണ് സവിശേഷത ലഭിക്കുന്നത്.ആംറെസ്റ്റിൽ കപ്പ് ഹോൾഡറുകളൊന്നുമില്ല. ഇക്കാര്യത്തിലും പഞ്ചിന് പിന്നിലാവാനാണ് ഹ്യുണ്ടായി എക്സ്റ്ററിന്റെ വിധി.
16-ഇഞ്ച് അലോയ് വീൽ: രണ്ട് എസ്‌യുവികൾക്കിടയിൽ പൊതുവായി കാണുന്ന മറ്റൊരു സവിശേഷത ഡ്യുവൽ-ടോൺ അലോയ് വീലുകളാണ്. ഹ്യുണ്ടായി എക്‌സ്‌റ്ററിൽ 15 ഇഞ്ച് യൂണിറ്റുകൾ നൽകുമ്പോൾ പഞ്ചിൽ 16 ഇഞ്ച് അലോയ് വീൽ സൈസ് വരെ ലഭിക്കും. ഈ വലിയ അലോയ് വീലുകളും ടോപ്പ്-സ്പെക്ക് വേരിയന്റിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നത് ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ ഹ്യുണ്ടായുടെ ടോപ്പ് വേരിയന്റിലും ഈ സൈസ് ലഭ്യമല്ല.
ട്രാക്ഷൻ കൺട്രോൾ: ഹ്യുണ്ടായി എക്‌സ്‌റ്ററിന് പഞ്ചിനെക്കാൾ കൂടുതൽ ആധുനികമായ സുരക്ഷാ സവിശേഷതകൾ ലഭിക്കുന്നുണ്ടെങ്കിലും ട്രാക്ഷൻ കൺട്രോൾ വാഗ്ദാനം ചെയ്യുന്ന ബജറ്റ് മോഡലുകളിൽ ഒന്നാണ് ടാറ്റ പഞ്ച്. മൈക്രോ എസ്‌യുവിയുടെ അകംപ്ലിഷ്ഡ് എഎംടി വേരിയന്റുകളിലാണ് ഈ ഫീച്ചർ ലഭിക്കുന്നത്. മോഡലിന് ട്രാക്ഷൻ കൺട്രോൾ മോഡുകളും ടാറ്റ മോട്ടോർസ് അവതരിപ്പിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.
പഞ്ചിന് എക്‌സ്‌റ്ററിനേക്കാൾ ഇത്തരം ആനുകൂല്യങ്ങൾ ഉണ്ടെങ്കിലും ഹ്യുണ്ടായി എസ്‌യുവി കൂടുതൽ ആധുനികമാണെന്നതിൽ തർക്കമില്ല. ഇരുമോഡലുകളുടേയും ഡിസൈനാണ് ഏത് എസ്‌യുവി തിരഞ്ഞെടുക്കേണ്ടതെന്ന കാര്യത്തിൽ അന്തിമ തീരുമാനം കൈകൊള്ളാൻ സഹായിക്കുക. ഇനി മേൽപറഞ്ഞ സവിശേഷതകളാണ് നിങ്ങൾ കൂടുതൽ ആഗ്രഹിക്കുന്നതെങ്കിൽ തീർച്ചയായും പഞ്ചാണ് വാങ്ങേണ്ടത്.
English summary
Tata punch suvs unique features over hyundai exter traction control rear armrest and more
Story first published: Sunday, July 30, 2023, 9:25 [IST]