പന്തളം > ബിജെപി നേതൃത്വം നൽകുന്ന പന്തളം നഗരസഭയിൽ ഗ്രൂപ്പ് തിരിഞ്ഞ് ഉദ്ഘാടനം. കേന്ദ്ര മന്ത്രി വി മുരളീധരൻ ഞായറാഴ്ച പങ്കെടുക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടന ചടങ്ങാണ് ചേരിപ്പോരിൽ വിവാദമാകുന്നത്. കേന്ദ്ര സർക്കാരിന്റെ നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ (അർബൻ വെൽനെസ് സെന്റർ) ഉദ്ഘാടന ചടങ്ങാണ് നഗരസഭാ കൗൺസിലർമാരും, ബിജെപി പ്രാദേശിക നേതൃത്വവും ചേരിതിരിഞ്ഞ് നടത്തുന്നത്.
കേന്ദ്ര പദ്ധതിയുടെ ഉദ്ഘാടനമായിട്ടും സ്ഥലം എംഎൽഎയേയോ സംസ്ഥാന ആരോഗ്യ മന്ത്രിയേയോ ചടങ്ങിന് വിളിച്ചില്ല. എന്നാൽ അവരെ ക്ഷണിച്ചതായി വ്യാജ വാർത്ത നൽകുകയും ചെയ്‌തു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു. മുടിയൂർക്കോണത്തെ അറത്തിൽ മഹായിടവക ഗ്രൗണ്ടിലാണ് ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങ്. ഇതിന് നഗരസഭ നോട്ടീസും ഇറക്കി. രണ്ടാമത്തെ കേന്ദ്രം പത്തൊമ്പതാം വാർഡിലെ ബിജെപി കൗൺസിലർ ബിന്ദുകുമാരിയുടെ വാർഡിലും. ഇവിടെ മറ്റൊരു ഉദ്ഘാടനം. നഗരസഭ ഇറക്കിയ നോട്ടീസിൽ പ്രധാന വ്യക്തികൾക്ക് പുറമെ നഗരസഭ സ്ഥിരംസമിതി അധ്യക്ഷർ മാത്രമെയുള്ളു. മറുചേരിയിറക്കിയ നോട്ടീസിൽ എല്ലാ കൗൺസിലർമാരുടെ ചിത്രവും ഉണ്ട്.
വെൽനെസ് കേന്ദ്രം നഗര മേഖലയിലെ തൊഴിലാളികളെ ഉദ്ദേശിച്ചാണ് ആവിഷ്കരിച്ചത്. എന്നാൽ കുരമ്പാലയിൽ ആതിരമല പോലെ നഗര പ്രദേശങ്ങൾ ഉള്ളപ്പോഴാണ് പന്തളം പിഎച്ച്സിയിൽ നിന്ന് മൂന്ന് കിലോമീറ്റർ ദൂരം മാത്രമുള്ള ഇടയാടിയെ വെൽനെസ് കേന്ദ്രത്തിന് തെരഞ്ഞെടുത്തത്. ആതിരമല എൽഡിഎഫ് പ്രതിനിധികരിക്കുന്ന പ്രദേശമായതിനാലാണ് ഒഴിവാക്കിയത്. രണ്ട് കേന്ദ്രവും ബിജെപി അംഗങ്ങളുടെ വാർഡിലും. ഉദ്ഘാടന യോഗത്തിലേക്ക് ആരോഗ്യ മന്ത്രി വീണാ ജോർജിനെയും സംഥലം എംഎൽഎയും, ഡെപ്യൂട്ടി സ്‌പീക്കറുമായ ചിറ്റയം ഗോപകുമാറിനെയും ക്ഷണിക്കാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചെങ്കിലും നോട്ടീസിൽ പേരും ചിത്രവും വച്ചതല്ലാതെ ഇരുവരെയും നഗരസഭാ അധികൃതരോ, സംഘാടക സമിതിയോ നേരിട്ട് ക്ഷണിച്ചില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ