
സെമിയിലുള്ള നാല് ടീമും കരുത്തരാണ്. ആര് ജയിക്കും ആര് തോല്‍ക്കും എന്ന് പറയുക അസാധ്യമാണ്. അതേസമയം ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് ഇന്ത്യ-പാക് ഫൈനലിലുള്ള സാധ്യത ആകാംഷയും ആവേശവും പകരുന്നതാണ്. ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇരുവരും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. ഇത്തവണ ഇന്ത്യ-പാക് ഫൈനലുണ്ടാകുമെന്ന് സൂചിപ്പിക്കുന്ന കാരണങ്ങള്‍ വായിക്കാം തുടര്‍ന്ന്.
ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍
ഇന്ത്യയുടെ ഓപ്പണര്‍മാരായ കെഎല്‍ രാഹുലും നായകന്‍ രോഹിത് ശര്‍മയും തങ്ങളുടെ മോശം പ്രകടനത്തിന്റെ പേരില്‍ നിരന്തരം പഴി കേട്ടിരുന്നു. രോഹിത് ഇതുവരെ ഫോമിലേക്ക് എത്തിയിട്ടില്ലെങ്കിലും രോഹിത് കഴിഞ്ഞ രണ്ട് കളികളില്‍ പ്രതീക്ഷ നല്‍കിയിട്ടുണ്ട്. രണ്ട് കളികളിലും രാഹുല്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു. പിന്നാലെ ഫോമിലേക്ക് രാജകീയമായി തിരികെ വന്ന വിരാട് കോലിയുടെ പ്രകടനവും ഇന്ത്യയ്ക്ക് കരുത്ത് പകരുന്നതാണ്. രാഹുലും കോലിയും അര്‍ധ സെഞ്ചുറി നേടിയപ്പോഴൊക്കെ ഇന്ത്യ ഇത്തവണ ജയിച്ചിട്ടുണ്ട്.

പാക് മധ്യനിര
പാക്കിസ്ഥാനെ സംബന്ധിച്ച് ഓപ്പണര്‍മാരായ ബാബര്‍ അസവും മുഹമ്മദ് റിസ്വാനും ഇതുവരേയും ഫോമിലായിട്ടില്ല. നേരത്തെ തലവേദനയായിരുന്നു മധ്യനിര പക്ഷെ ഇത്തവണ സാഹചര്യത്തിന് അനുസരിച്ചിട്ട് ഉയര്‍ന്നിട്ടുണ്ട്. ഓപ്പണര്‍മാര്‍ വീഴുമ്പോള്‍ ഷാന്‍ മസൂദും ഇഫ്തിഖാര്‍ അഹ്‌മദും ഷദാബ് ഖാനും ഉത്തരവാദിത്തം ഏറ്റെടുക്കുന്നുണ്ട്. ഷദാബ് ബാറ്റുകൊണ്ടും പന്തുകൊണ്ടും ടീമിനെ സഹായിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലേയും മുഹമ്മദ് ഹാരിസിന്റെ പ്രകടനം പാക്കിസ്ഥാന് വലിയ കരുത്താണ് നല്‍കുന്നത്.
ഇന്ത്യയുടെ ബൗളിംഗ് നിര
ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ തകര്‍ന്നു പോകുമെന്ന് കരുതിയതാണ് ഇന്ത്യയുടെ ബൗളിംഗ് നിര. എന്നാല്‍ ഈ ലോകകപ്പില്‍ ഭുവനേശ്വര്‍ കുമാറും അര്‍ഷ്ദീപ് സിംഗും മുഹമ്മദ് ഷമിയും ഇന്ത്യയ്ക്ക് വലിയ കരുത്തായി മാറുകയായിരുന്നു. ഭുവി-അര്‍ഷ്ദീപ് കോമ്പോ സൃഷ്ടിക്കുന്ന ഇംപാക്ടാണ് കളി നേരത്തെ തന്നെ ഇന്ത്യയുടെ വരുതിയിലാക്കുന്നതെന്ന് നിസ്സംശയം പറയാം. ആദ്യ ആറ് ഓവറുകള്‍ക്കുള്ളില്‍ തന്നെ ബ്രേക്ക് ത്രൂ കണ്ടെത്താനാകുന്നുവെന്നതാണ് ഇന്ത്യയുടെ ബൗൡഗ് നിരയെ വിശ്വസ്തരാക്കുന്നത്. ആര്‍ അശ്വിന്റെ അനുഭവ സമ്പത്തും ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ബ്രേക്ക് ത്രൂകളും ഇന്ത്യയ്ക്ക് മധ്യ ഓവറുകളിലും മേല്‍ക്കൈ നല്‍കുന്നുണ്ട്.

ഷഹീന്‍ അഫ്രിദിയുടെ തിരിച്ചുവരവ്
കഴിഞ്ഞ ലോകകപ്പില്‍ ഷഹീന്‍ അഫ്രീദിയുടെ മിന്നും പ്രകടനമാണ് പാക്കിസ്ഥാനെ സെമി ഫൈനലിലെത്തിച്ചത്. എന്നാല്‍ പരുക്കുകള്‍ ഇത്തവണ ഷഹീന് തിരിച്ചടിയായി. പൂര്‍ണമായും പരുക്ക് ഭേദപ്പെടാതെയാണ് താരം ലോകകപ്പിനെത്തിയത്. ഇന്ത്യയ്‌ക്കെതിരേയും സിംബാബാ വെയ്‌ക്കെതിരേയും വിക്കറ്റെടുക്കാന്‍ സാധിച്ചിരുന്നില്ല. നെതര്‍ലാന്‍ഡിനെതിരെ ഒരു വിക്കറ്റാണ് നേടിയത്. എന്നാല്‍ പിന്നീട് ബംഗ്ലാദേശിനെതിരേയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും ശക്തമായി തന്നെ ഷഹീന്‍ തിരികെ വന്നു. സെമിയില്‍ ഷഹീന്‍ ഫോം തുടര്‍ന്നാല്‍ ന്യൂസിലാന്‍ഡ് വെള്ളം കുടിക്കുമെന്നുറപ്പാണ്.

സൂര്യകുമാര്‍ യാദവ് എന്ന എക്‌സ് ഫാക്ടര്‍
ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങള്‍ക്ക് ചിറകു നല്‍കുന്നത് സൂര്യകുമാര്‍ യാദവിന്റെ മിന്നും ഫോമാണ്. തന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് സൂര്യകുമാര്‍ യാദവ് കടന്നു പോകുന്നത്. നിലവില്‍ ട്വന്റി-20 ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാമതാണ് സൂര്യയുള്ളത്. ഈ വര്‍ഷം മാത്രം 1000ത്തിലധികം റണ്‍സുകള്‍ സൂര്യ നേടിയിട്ടുണ്ട്. പല മത്സരങ്ങളിലും ഇന്ത്യയെ പരാജയത്തില്‍ നിന്നും രക്ഷിച്ചത് സൂര്യയാണ്. പൂര്‍ണമായും സ്വതന്ത്ര്യത്തോടെ കളിക്കുന്നുവെന്നത് സൂര്യയെ അപകടകാരിയാക്കുന്നുണ്ട്. അവസാന മത്സരത്തില്‍ സിംബാബ്‌വെയ്‌ക്കെതിരെ 25 പന്തില്‍ നിന്നുമാണ് സൂര്യ 61 റണ്‍സ് നേടിയത്. 360 ഡിഗ്രിയും റണ്‍ കണ്ടെത്താനാകുന്നുവെന്നത് സൂര്യയെ ആരേയും ഭയപ്പെടുത്തുന്ന എതിരാളിയാക്കുകയാണ്.