കൊച്ചി > സെന്റ് ആൽബർട്‌സ് കോളേജിലെ ഒന്നാംവർഷ ബിവോക് ജേർണലിസം വിദ്യാർഥി കണ്ണൂർ സ്വദേശിയായ കെ പി അഭിജിത് ആത്മഹത്യയ്ക്കുശ്രമിച്ച സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർഥികൾ. ഇന്റേണൽപരീക്ഷ എഴുതിയില്ലെന്നും വേണ്ടത്ര ഹാജരില്ലെന്നുംകാണിച്ച് അഭിജിത്തിനെ രണ്ടുമാസംമുമ്പ് കോളേജിൽനിന്ന് പുറത്താക്കിയിരുന്നു. എംജി സർവകലാശാലയിൽനിന്നും ഉന്നതവിദ്യാഭ്യാസവകുപ്പിൽനിന്നും വിദ്യാർഥിക്ക് അനുകൂലമായി ഇടപെടലുണ്ടായിട്ടും തിരിച്ചെടുക്കാൻ മാനേജ്‌മെന്റ് തയ്യാറാകാത്തതിൽമനംനൊന്താണ് ബുധനാഴ്‌ച ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ ചികിത്സയ്‌ക്കുശേഷം കണ്ണൂരിലേക്കുപോയ അഭിജിത്തിനെ വീണ്ടും രക്തം ച്ഛർദിച്ചതിനെത്തുടർന്ന് വീണ്ടും ആശുപത്രിയിൽപ്രവേശിപ്പിച്ചു.
കോളേജിന്റെ ഹോക്കി ടീം അംഗമായിരുന്ന അഭിജിത്തിന് മത്സരത്തിനുപോയ രണ്ടുദിവസത്തെ ഹാജരാണ് കോളേജ് മാനേജ്‌മെന്റ് അനുവദിക്കാതിരുന്നത്. ഹാജർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫിസിക്കൽ എഡ്യൂക്കേഷൻ മേധാവി കത്ത് നൽകിയെങ്കിലും ഇതുപരിഗണിക്കാൻ പ്രിൻസിപ്പൽ തയ്യാറായില്ല. വിദ്യാർഥി നൽകിയ പരാതിയിൽ സർവകലാശാല ഏകാംഗ കമീഷനെ നിയോഗിച്ചു. കമീഷൻ ഡോ. ബിജു പുഷ്‌പൻ നടത്തിയ പരിശോധനയിൽ വിദ്യാർഥി ഹാജരിന് അർഹനാണെന്ന് കണ്ടെത്തി പഠിക്കാൻ അനുവദിക്കണമെന്ന് കോളേജിന് നിർദേശം നൽകി. എന്നാലിത് മാനേജ്‌മെന്റ് നടപ്പാക്കിയില്ല. ഇതേത്തുടർന്ന് വിദ്യാർഥി ഉന്നതവിദ്യാഭ്യാസവകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നൽകി.
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് വിഷയത്തിൽ ഇടപെട്ടു. ഇവർ നടത്തിയ പരിശോധനയിലും വിദ്യാർഥിക്ക് അനുകൂല തീരുമാനമെത്തി. ഇതും പാലിക്കാതായതോടെ കലക്‌ടർ വിഷയത്തിൽ ഇടപെട്ടു. ഇതോടെ മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിച്ചു. 14 ദിവസത്തിനുള്ളിൽ വിദ്യാർഥിക്ക് അനുകൂലമായി തീരുമാനമെടുക്കണമെന്ന് കോടതി ഉത്തരവിട്ടതോടെ വിചിത്ര ഉത്തരവുമായി കോളേജ് രംഗത്തെത്തി. വിദ്യാർഥിയെ ഓൺലൈനായി പഠിക്കാൻ അനുവദിക്കാമെന്നും ഇതിനുശേഷം ഇന്റേണൽ പരീക്ഷ എഴുതി വിജയിച്ചാൽമാത്രം പഠിക്കാൻ അനുവദിക്കാമെന്നുമായിരുന്നു ഉത്തരവ്. ഇതുകൂടാതെ വിദ്യാർഥിയുടെ ഹോസ്റ്റൽ അംഗത്വം നഷ്‌ടപ്പെട്ടതിനാൽ വീണ്ടും പ്രവേശനം ലഭിക്കാൻ കോളേജിന്റെ അനുമതി വേണം. ഇത് നൽകാനും മാനേജ്‌മെന്റ് തയ്യാറായില്ല. ഇതോടെയാണ് ബുധനാഴ്‌ച അഭിജിത് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഇതിനിടെ വിദ്യാർഥികൾ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തി. തിങ്കളാഴ്‌ച ക്ലാസ് ബഹിഷ്‌കരിച്ച് നടത്തിയ പ്രതിഷേധത്തെ തുടർന്ന് സർവകലാശാല ഇടപെട്ടു. വിഷയം ഉടൻ പരിഹരിക്കാമെന്ന ഉറപ്പോടെ സമരം അവസാനിപ്പിച്ചു.
വിദ്യാർഥിയെ തിരിച്ചെടുത്തില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കും: എസ്‌എഫ്‌ഐ
കോളേജിൽനിന്ന് അകാരണമായി പുറത്താക്കിയ കെ പി അഭിജിത്തിനെ തിരിച്ചെടുത്തില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എസ്‌എഫ്‌ഐ ഏരിയ കമ്മിറ്റി അറിയിച്ചു. നിരന്തരമായി വിദ്യാർഥിവിരുദ്ധ നിലപാടാണ് സെന്റ് ആൽബർട്സ് കോളേജ് മാനേജ്‌മെന്റ് സ്വീകരിക്കുന്നത്. കോളേജിൽ അഞ്ചു മിനിറ്റ് വൈകിയാൽ പകുതിദിവസത്തെ ഹാജർ നൽകില്ല. ഐഡി കാർഡ് പരിശോധനയുടെ ഭാഗമായാണ് ഭൂരിഭാഗം കുട്ടികളും ക്ലാസിലെത്താൻ വൈകുന്നത്. ഐഡി കാർഡ് തിരിഞ്ഞുകിടന്നെന്ന കാരണം ചൂണ്ടികാട്ടി വിദ്യാർഥിയിൽനിന്ന് 2500 രൂപ പിഴയീടാക്കി. എസ്‌എഫ്‌ഐയുടെ പരിപാടിക്കുപോയ വിദ്യാർഥികൾക്ക് ശിക്ഷാനടപടിയായി ജനറൽ ആശുപത്രിയിൽ പാലിയേറ്റീവ് പ്രവർത്തനത്തിന് വിട്ടു. ഇതിനുപിന്നാലെ മോർച്ചറിയിൽ പരിചരണത്തിന് ചുമതല നൽകണമെന്ന് ആശുപത്രി മാനേജ്‌മെന്റിനെ അധ്യാപകർ വിളിച്ചുപറഞ്ഞു.
പരീക്ഷാസമയങ്ങളിൽമാത്രം പ്രവർത്തിപ്പിക്കേണ്ട ക്യാമറകൾ മുഴുവൻസമയവും പ്രവർത്തിപ്പിക്കും. കഴിഞ്ഞദിവസം വിദ്യാർഥിനിയുടെ ചിത്രം ക്യാമറയിൽനിന്ന് പകർത്തി അധ്യാപകൻ വിദ്യാർഥിക്ക് കാണിച്ചുകൊടുത്തു. ഇത്തരത്തിൽ വിദ്യാർഥികളെ വേട്ടയാടുന്ന നിലപാട് അവസാനിപ്പിച്ചില്ലെങ്കിൽ സമരരംഗത്തിറങ്ങുമെന്ന് പ്രസിഡന്റ് കെ ജെ ജിതിൻ, സെക്രട്ടറി ആശിഷ് എസ് ആനന്ദ് എന്നിവർ അറിയിച്ചു. വിദ്യാർഥി ആത്മഹത്യയ്‌ക്ക് ശ്രമിച്ച സംഭവത്തിൽ എസ്‌എഫ്‌ഐ ക്യാമ്പസിനുപുറത്ത് സമരം നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ