ന്യൂഡൽഹി
ജലവൈദ്യുത പദ്ധതികൾക്ക് സമയബന്ധിതമായി വനം, പാരിസ്ഥിതിക അനുമതിയും സാമ്പത്തിക സഹായവും നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം. കേന്ദ്ര ഊർജമന്ത്രി ആർ കെ സിങ്ങുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ കേരളത്തിന്റെ ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന ഉറപ്പ് ലഭിച്ചതായി മന്ത്രി കെ കൃഷ്‌ണൻകുട്ടി പറഞ്ഞു.
രണ്ടായിരത്തിഇരുപത്തേഴോടെ 3000 മെഗാവാട്ട് വൈദ്യുതി പുനരുപയോഗ ഊർജസ്രോതസ്സുകളിൽ ഉൽപ്പാദിപ്പിക്കാൻ ലക്ഷ്യമിട്ട് ഇടുക്കി രണ്ടാംഘട്ട പദ്ധതി, 240 മെഗാവാട്ട് ശേഷിയുള്ള ലക്ഷ്മി, 210 മെഗാവാട്ട് ശേഷിയുള്ള പൂയംകുട്ടി, കാരപ്പാറ തുടങ്ങിയ പദ്ധതികൾക്ക് സഹായം തേടി. വയബിലിറ്റി ഗ്യാപ് ഫണ്ട് മുഖേന പദ്ധതിച്ചെലവിന്റെ 20 ശതമാനം മൂലധനച്ചെലവായി കേന്ദ്രം നൽകണം.
കേരളത്തിലെ തോറിയം നിക്ഷേപം പരമാവധി പ്രയോജനപ്പെടുത്തി കുറഞ്ഞ ചെലവിൽ വൈദ്യുതി ഉൽപ്പാദനം സാധ്യമാക്കണം. വിതരണ, പ്രസരണമേഖലയിലും സഹായം തേടി. വയനാട്, കാസർകോട് ജില്ലകളെ ബന്ധിപ്പിക്കുന്ന 400 കെവി ഹരിത ഊർജ ഇടനാഴിക്ക് ധനസഹായം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകി. 87 ആദിവാസി കോളനികളിലെ മൂവായിരത്തോളം കുടുംബത്തിന് വൈദ്യുതി ലഭ്യമാക്കുന്നതിന് സൗരോർജ പദ്ധതി നടപ്പാക്കുന്നതിന് 80 ശതമാനം കേന്ദ്രവിഹിതം അഭ്യർഥിച്ചു. ഊർജ സെക്രട്ടറി ജ്യോതിലാൽ, അനെർട്ട് സിഇഒ നരേന്ദ്രനാഥ് വെല്ലൂരി, കെഎസ്ഇബി (ട്രാൻസ്മിഷൻ -പ്ലാനിങ്) ഡയറക്ടർ ഡോ. എസ് ആർ ആനന്ദ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ