
കോലിയേയും സൂര്യയേയും ആശ്രയിക്കുന്നു
ഇന്ത്യയുടെ ടി20 ലോകകപ്പിലെ സെമി വരെയുള്ള കുതിപ്പ് പരിശോധിച്ചാല്‍ സൂര്യകുമാര്‍ യാദവും വിരാട് കോലിയുമാണ് ഇന്ത്യക്ക് കരുത്തായതെന്നത് വ്യക്തമാവും. കോലി റണ്‍വേട്ടക്കാരില്‍ തലപ്പത്തും സൂര്യകുമാര്‍ യാദവ് രണ്ടാം സ്ഥാനത്തുമാണ്. രണ്ട് പേരും മൂന്ന് ഫിഫ്റ്റികള്‍ വീതം നേടി സ്ഥിരതയോടെ മിന്നിയതാണ് ഇന്ത്യയുടെ സെമിയിലേക്കുള്ള മുന്നേറ്റത്തിന് കാരണമായത്.
വസ്തുതാപരമായി പറഞ്ഞാല്‍ ഇന്ത്യ ഇരുവരേയും അമിതമായി ആശ്രയിക്കുന്നുണ്ട്. എന്നാല്‍ സെമിയില്‍ ഇതിന് മാറ്റമുണ്ടാവണം. ഇരുവരും പെട്ടെന്ന് പുറത്തായാല്‍ ഇന്ത്യ വലിയ സമ്മര്‍ദ്ദത്തിലേക്ക് പോകാനുള്ള സാധ്യത നിലനില്‍ക്കുന്നു. അതുകൊണ്ട് തന്നെ ഇന്ത്യക്കായി മറ്റ് താരങ്ങളും അവസരത്തിനൊത്ത് ഉയരണം. രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം വലിയ ഇന്നിങ്‌സ് കളിക്കേണ്ടത് ഇന്ത്യയുടെ സെമിയിലെ ജയത്തില്‍ നിര്‍ണ്ണായകമാവും. മധ്യനിരയില്‍ ഹര്‍ദിക് പാണ്ഡ്യയും വിക്കറ്റ് കീപ്പറായി എത്തുന്ന റിഷഭ്/ കാര്‍ത്തിക് എന്നിവരും കൂടുതല്‍ റണ്‍സ് നേടേണ്ടതായുണ്ട്.

പവര്‍പ്ലേ മുതലാക്കേണ്ടത് അത്യാവശ്യം
ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്‌നം പവര്‍പ്ലേ മുതലാക്കാന്‍ സാധിക്കുന്നില്ലെന്നതാണ്. ആദ്യ പന്ത് സ്‌ട്രൈക്ക് ചെയ്യുന്ന കെ എല്‍ രാഹുല്‍ ആദ്യ ഓവര്‍ മെയ്ഡനാക്കി തുടങ്ങുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത് നോണ്‍സ്‌ട്രൈക്കറില്‍ രോഹിത്തിനേയും സമ്മര്‍ദ്ദത്തിലാക്കുന്നു. രണ്ട് പേരും ചേര്‍ന്ന് മികച്ചൊരു തുടക്കം ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ സെമിയില്‍ ഇരുവരും അവസരത്തിനൊത്ത് ഉയരണം.

50 റണ്‍സെങ്കിലും നേടണം
ഫീല്‍ഡിങ് നിയന്ത്രണമുള്ള ആദ്യത്തെ ആറോവറില്‍ 50ലധികം റണ്‍സടിക്കാനായാല്‍ പിന്നാലെയെത്തുന്നവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസത്തോടെ കളിക്കാനാവും. സമ്മര്‍ദ്ദമില്ലാതെ ബാറ്റ് ചെയ്യാനുള്ള അവസരം സൂര്യകുമാര്‍ യാദവിന് ലഭിച്ചാല്‍ വെടിക്കെട്ട് പ്രകടനം തന്നെ പുറത്തെടുക്കാന്‍ താരത്തിനാവും. മികച്ച തുടക്കം ലഭിക്കേണ്ടത് നിലവില്‍ ഇന്ത്യയുടെ ജയത്തിലെ നിര്‍ണ്ണായക കാര്യമാണ്.

സ്പിന്നര്‍മാരുടെ പ്രകടനം
സ്പിന്നര്‍മാരുടെ പ്രകടനമാണ് പ്രധാനപ്പെട്ട മറ്റൊന്ന്. ആര്‍ അശ്വിനും അക്ഷര്‍ പട്ടേലുമാണ് നിലവില്‍ ഇന്ത്യ പ്ലേയിങ് 11 പരിഗണിക്കുന്ന സ്പിന്നര്‍മാര്‍. ടി20 സ്‌പെഷ്യലിസ്റ്റും അനുഭവസമ്പന്നനുമായ യുസ് വേന്ദ്ര ചഹാലിന് ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചിട്ടില്ല. ഇന്ത്യയുടെ സ്പിന്നര്‍മാര്‍ സൂപ്പര്‍ 12ല്‍ വിക്കറ്റ് നേടാന്‍ കാര്യമായ മിടുക്കുകാട്ടിയിട്ടില്ല. എന്നാല്‍ ഇംഗ്ലണ്ടിനെതിരേ സ്പിന്നര്‍മാരുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും. അക്ഷര്‍ തല്ലുകൊള്ളിയായി മാറുന്നു.
Also Read : T20 World Cup 2022: സൂര്യകുമാര്‍ സെമിയില്‍ ഫ്‌ളോപ്പാവും! മൂന്ന് ദൗര്‍ബല്യം, പ്രശ്‌നമാണ്

ചഹാലിനെ കളിപ്പിക്കുമോ?
അശ്വിനും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ തല്ലുകൊണ്ടു. ഈ അവസരത്തില്‍ ഇന്ത്യ അക്ഷറിനെ മാറ്റി ചഹാലിനെ കളിപ്പിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മികച്ച ടേണ്‍ കണ്ടെത്താനായാല്‍ വലിയ മൈതാനത്ത് വിക്കറ്റ് വീഴ്ത്താന്‍ സ്പിന്നര്‍മാര്‍ക്കാവും. എന്നാല്‍ വാര്‍ത്താ സമ്മേളനത്തില്‍ അക്ഷറിനെ പിന്തുണച്ച് രോഹിത് സംസാരിച്ചത് ചഹാലിന് അവസരമുണ്ടാവില്ലെന്ന സൂചനയാണ് നല്‍കുന്നത്.