തിരുവനന്തപുരം: റവന്യു വകുപ്പ് സ്വീകരിച്ച അച്ചടക്ക നടപടിയെ വിമര്‍ശിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ട തിരുവനന്തപുരം എല്‍ എ (ജനറല്‍) സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് ഷാനവാസ് എ യെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.
റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്ന രീതിയിലും വകുപ്പിനെ അവഹേളിക്കുന്ന തരത്തിലും തുടര്‍ച്ചയായി രണ്ട് സര്‍ക്കാര്‍ വിരുദ്ധ പോസ്റ്റുകള്‍ ഇട്ടുവെന്ന് കണ്ടതിനെ തുടര്‍ന്നാണ് ഷാനവാസിനെ സസ്പെന്‍ഡ് ചെയ്തത്. അച്ചടക്ക നടപടിയുടെ ഭാഗമായി കുറ്റാരോപിതയായ ഉദ്യോഗസ്ഥയെ ചട്ടപ്രകാരം നേരില്‍ കേള്‍ക്കുകയും അതിന് ശേഷം ശിക്ഷാ നടപടിയില്‍ ഇളവ് ചെയ്യുകയും ചെയ്ത് അച്ചടക്ക നടപടി തീര്‍പ്പാക്കി ഇറക്കിയ ഉത്തരവിനെ വിമര്‍ശിച്ചാണ് താന്‍ തന്നെ അഡ്മിനായ റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പില്‍ ഷാനവാസ് ചിതറ എന്ന പേരില്‍ ഇദ്ദേഹം പോസ്റ്റ് ഇട്ടതെന്ന് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.
അച്ചടക്ക നടപടിയില്‍ കക്ഷിയല്ലാത്ത ഷാനവാസ് ഇപ്രകാരം അഭിപ്രായ പ്രകടനം നടത്തുന്നത് ചട്ടലംഘനമാണെന്നും ഉത്തരവില്‍ പരാമര്‍ശിക്കുന്നു. എന്‍ ജി ഒ യൂണിയന്റെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ് ഷാനവാസ്.
ഷാനവാസ് അഡ്മിന്‍ സ്ഥാനം കൈയാളുന്ന വിവിധ ഗ്രൂപ്പുകളില്‍ നിരന്തരം റവന്യു വകുപ്പിനെ അവഹേളിക്കുന്ന പരാമര്‍ശം നടത്തുന്നതായും പോസ്റ്റുകള്‍ ഇടുന്നതായും ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി. ദുരന്ത നിവാരണം ഉള്‍പ്പടെ അടിയന്തര സ്വഭാവമുള്ള ജോലി ചെയ്യുന്ന റവന്യു ജീവനക്കാര്‍ അഞ്ച് മണിക്ക് ശേഷം ജോലി ചെയ്യേണ്ടതില്ലെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ അംഗങ്ങളായ പല ഗ്രൂപ്പുകളിലും ഷാനവാസ് പ്രചരണം നടത്തുന്നതായും കണ്ടെത്തിയിരുന്നു. ഇത് റവന്യു ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്ന നടപടിയായും റവന്യു വകുപ്പിനെതിരെ വകുപ്പിലെ തന്നെ ഉദ്യോഗസ്ഥന്‍ പ്രചരണം നടത്തുന്നത് ഗുരുതര അച്ചടക്കലംഘനമായി കണക്കാക്കിയുമാണ് നടപടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.