കുട്ടികളുടെ ശവപ്പറമ്പായി 
ഗാസ തെരുവുകൾ ; ഭക്ഷണമില്ലാതെ പലസ്‌തീൻകാർ

Spread the love




ഗാസ

ഇസ്രയേൽ ആക്രമണത്തിൽ ഗാസ തെരുവുകളിൽ ആകെ മുഴങ്ങുന്നത്‌ കുഞ്ഞുങ്ങളുടെ കൂട്ടക്കരച്ചിൽ. 450ൽ അധികം കുട്ടികളാണ്‌ ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടത്‌. 250ൽ അധികം സ്‌ത്രീകളും മരിച്ചു. പരിക്കേറ്റവരിൽ പത്തുശതമാനവും കുട്ടികളാണ്‌. ഭക്ഷണവും വെള്ളവും സുരക്ഷിതമായ പാർപ്പിടവുമില്ലാതെ ഭയപ്പാടിൽ ജീവിക്കുകയാണ്‌ പലസ്‌തീനിലെ കുട്ടികളും സ്‌ത്രീകളും. യുദ്ധം തുടർന്നാൽ ഇവരുടെ ഭാവി ഇരുട്ടിലാകും.

പതിറ്റാണ്ടുകളായി ഇസ്രയേൽ ആക്രമണം തുടർക്കഥയായ ഗാസയിലും വെസ്‌റ്റ്‌ ബാങ്കിലും നേരത്തേതന്നെ പലസ്തീൻ കുട്ടികൾ ദുരിതത്തിലായിരുന്നു. ഇസ്രയേൽ സമ്പൂർണ ഉപരോധം പ്രഖ്യാപിച്ചതോടെ ഇവരുടെ ജീവിതം കൂടുതൽ ദുരിതത്തിലായി. ഭക്ഷ്യ അരക്ഷിതാവസ്ഥയാണ്‌ വരുംദിനങ്ങളിൽ അവരെ കാത്തിരിക്കുന്നത്‌. ശുദ്ധജലമില്ലാത്തത്‌ ഫ്ലൂ, ടൈഫോയ്‌ഡ്‌ പോലുള്ള രോഗങ്ങൾക്കും ഇടയാക്കും. അടിന്തരഘട്ടത്തിൽ ചികിത്സപോലും ലഭിക്കാത്ത സ്ഥിതിയുമാണ്‌.

ഇസ്രയേൽ വ്യോമാക്രമണത്തിന്റെ തുടക്കംമുതൽ 73,000 പലസ്തീൻകാർ ഐക്യരാഷ്ട്ര ഏജൻസിയായ യുഎൻആർഎ നടത്തുന്ന 64 സ്കൂളുകളിൽ അഭയം തേടിയിരുന്നു. ഗാസയിലെ നാല് സ്‌കൂളുകളെങ്കിലും ഇസ്രയേൽ ബോംബാക്രമണത്തിൽ തകർന്നിട്ടുണ്ട്. അഭയകേന്ദ്രങ്ങൾ ഒന്നാകെ നഷ്‌ടപ്പെടുന്ന സ്ഥിതിയാണ്‌. ഡിഫൻസ് ഫോർ ചിൽഡ്രൻ ഇന്റർനാഷണലിന്റെ  കണക്കനുസരിച്ച്, 2005 മുതൽ ഗാസയിൽ നടന്ന ആറ് പ്രധാന ഇസ്രയേൽ ആക്രമണങ്ങളിൽ 1000 പലസ്തീൻ കുട്ടികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്‌.

ഭക്ഷണമില്ലാതെ പലസ്‌തീൻകാർ

സമ്പൂർണ ഉപരോധം കഴുത്തുഞെരിച്ചതോടെ ബേക്കറികളിലും പലചരക്കുകടകളിലും ലഭ്യമായ ഭക്ഷ്യവസതുക്കൾക്കായി ഗാസയിൽ ജനങ്ങളുടെ നീണ്ട വരി. കടകൾ തുറന്ന്‌ മണിക്കൂറുകൾക്കുള്ളിൽ സാധനങ്ങൾ തീർന്നു. ഭക്ഷണം, വെള്ളം, ഇന്ധനം, മരുന്നുകൾ എന്നിവ ഗാസയിലേക്ക്‌ അനുവദിക്കില്ലെന്ന്‌ ഇസ്രയേൽ വ്യക്തമാക്കിയതോടെ ഗാസയിൽ മരണസംഖ്യ ഉയരുമെന്ന് അന്താരാഷ്ട്ര സഹായ സംഘടനകൾ മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്‌. യുദ്ധം തുടർന്നാൽ കൊടുംപട്ടിണിയാണ്‌ ഇവരെ കാത്തിരിക്കുന്നത്‌.

മലിനജലം ഒഴുക്കി വിടാനുള്ള സംവിധാനങ്ങൾ തകർന്നതോടെ തെരുവുകളും വൃത്തിഹീനമായി. ഇസ്രയേൽ ആക്രമണത്തിൽ 1000 വീടുകൾ നിലംപൊത്തി. 560 ഹൗസിങ്‌ യൂണിറ്റുകൾ വാസയോഗ്യമല്ലാതായി. വ്യോമാക്രമണത്തിൽനിന്ന് രക്ഷതേടി പലസ്തീൻകാർ തെരുവുകളിലൂടെ ഓടുന്നതിന്റെയും സാധനങ്ങളും മറ്റും എടുത്ത് സുരക്ഷിതമായ ഇടം തേടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.

ഇസ്രയേലി സ്ത്രീയെയും 
കുട്ടികളെയും വിട്ടയച്ച്‌ ഹമാസ്‌

ഹമാസ്‌ ബന്ദിയാക്കിയ ഇസ്രയേലി സ്ത്രീയെയും രണ്ടു കുട്ടികളെയും ഹമാസ്‌ വിട്ടയച്ചു. ഇവരെ മോചിപ്പിക്കുന്ന വീഡിയോ ഹമാസിന്റെ ഖസാം ബ്രി​ഗേ​ഡ് പുറത്തുവിട്ടു. സ്ത്രീയെയും കുട്ടികളെയും  ഇസ്രയേൽ–- ഗാസ അതിർത്തിയിലെ തുറസ്സായ സ്ഥലത്ത് എത്തിച്ച് ഹമാസ്‌ അംഗങ്ങൾ തിരികെ വരുന്നതാണ് ദൃശ്യത്തിലുള്ളത്. ബുധൻ രാത്രി അൽ ജസീറ ടിവിയിൽ ഇത്‌ സംപ്രേഷണം ചെയ്തു.

വീഡിയോ എന്നാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. ഇത്‌ നാടകമാണെന്ന്‌ ഇസ്രയേൽ പ്രതികരിച്ചു. 150 ഇസ്രയേൽ പൗരരെ ഹമാസ്‌ ബന്ദിയാക്കിയിട്ടുണ്ട്‌.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!