തിരുവനന്തപുരം: കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട കുറ്റവാളികൾ ആരായാലും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെക്രട്ടേറിയറ്റിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കേരളത്തിന്‍റേത് വർഗീയതയ്ക്കെതിരായ നിലപാടാണ്. കേന്ദ്രമന്ത്രി വി മുരളീധരന് വർഗീയവീക്ഷണത്തോടെയുള്ള നിലപാടാണ്. വിഷം ചീറ്റുന്ന പ്രചരണം ചിലരിൽനിന്ന് ഉണ്ടായി. ഈ സംഭവത്തെ കേരളം ആരോഗ്യകരമായി നേരിട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കളമശേരി സ്ഫോടനത്തെക്കുറിച്ച് എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്. കേന്ദ്ര ഏജൻസികൾക്കും ഇക്കാര്യത്തിൽ അന്വേഷണം നടത്താവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ സംഭവത്തിൽ വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംഭവത്തിൽ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷണ ഏജൻസികൾ പരിശോധിക്കട്ടെയെന്നും, അത് അവർക്ക് വിടാമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേക വിഭാഗത്തെ ചിലർ ടാർഗറ്റ് ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
കളമശേരി സ്ഫോടനം; മാര്‍ട്ടിന്‍ തന്നെ പ്രതിയെന്ന് പോലീസ്; സ്ഫോടനം നടത്തുന്ന ദൃശ്യങ്ങള്‍ പോലീസിന്
അതേസമയം കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് 41 പേരാണ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലുള്ളതെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിൽ 17 പേർ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ സർവകക്ഷിയോഗം തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.