കൊച്ചി: കളമശ്ശേരി സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതി ഡൊമിനിക് മാർട്ടിനെതിരെ യുഎപിഎ അടക്കം ഗുരുതര വകുപ്പുകള്‍ ചുമത്തി. എഫ്ഐആര്‍ വിശദാംശങ്ങള്‍ ന്യൂസ് 18ന് ലഭിച്ചു. കളമശേരി പൊലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 2421/23 ആയി രജിസ്റ്റർ ചെയ്ത കേസിൽ ഐപിസി സെക്ഷൻ 302, 307, എക്സ്പ്ലോസീവ് ആക്ട് 3എ, യുഎപിഎ 16(1)എ എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് യഹോവ സാക്ഷി സഭാംഗമായ ഡൊമനിക് മാർട്ടിൻ എന്ന തമ്മനം സ്വദേശി സ്വമേധയാ പൊലീസിൽ കീഴടങ്ങിയത്. ഫേസ്ബുക്ക് ലൈവിലൂടെ കുറ്റസമ്മതം നടത്തിയ ശേഷമാണ് ഇയാൾ തൃശൂർ ജില്ലയിലെ കൊടകര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.
യഹോവ സാക്ഷികൾ ദേശവിരുദ്ധ പ്രവർത്തനമാണ് നടത്തുന്നതെന്നും സഭയ്ക്കുള്ളിലെ തർക്കമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നും ഡൊമനിക് മാർട്ടിൻ പറയുന്നു. യോഗം നടക്കുന്ന സ്ഥലത്ത് രാവിലെ 9.40 ന് എത്തിയ മാർട്ടിൻ ബോംബ് വെച്ച് റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍ നിന്നും ലഭിച്ചതായാണ് സൂചന.
Also Read- കളമശേരി സ്ഫോടനം; മാര്‍ട്ടിന്‍ തന്നെ പ്രതിയെന്ന് പോലീസ്; സ്ഫോടനം നടത്തുന്ന ദൃശ്യങ്ങള്‍ പോലീസിന്
എന്നാൽ സ്ഫോടനം നടത്തിയത് ഇയാൾ തന്നെയാണോ എന്ന് ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ സ്ഥിരീകരിക്കാനാകൂ എന്ന് അധികൃതർ പറഞ്ഞു. കൊച്ചിയിലെത്തിച്ച ഡൊമനിക് മാർട്ടിനെ സ്ഫോടനം നടന്ന സാമ്ര കൺവൻഷൻ സെന്ററിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
ആറ് മാസം ഇന്റർനെറ്റിൽ നോക്കി പഠിച്ചാണ് സ്ഫോടക വസ്തു ഉണ്ടാക്കിയതെന്നാണ് ഇയാളുടെ മൊഴി. മാർട്ടിൻ സ്ഫോടക വസ്തുക്കള്‍ വാങ്ങിയ കടകളെ കുറിച്ചും വിവരം ലഭിച്ചു. ഇയാള്‍ക്ക് ഐഇഡി എവിടെനിന്ന് കിട്ടിയെന്നത് ഉള്‍പ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്.
16 വര്‍ഷമായി യഹോവ സാക്ഷികളില്‍ അംഗമാണമെന്നാണ് ഫേസ്ബുക്ക് വീഡിയോയിൽ മാർട്ടിൻ അവകാശപ്പെടുന്നത്. യഹോവ സാക്ഷികളോടുള്ള എതിര്‍പ്പുമൂലമാണ് സ്ഫോടനം നടത്തിയതെന്നും പറയുന്നുണ്ട്.
കളമശ്ശേരിയിൽ യഹോവാ സാക്ഷികളുടെ പ്രാർത്ഥനാ യോഗത്തിനിടെ സ്ഫോടനത്തിൽ ഒരാൾ മരിച്ചു; 36 പേർക്ക് പരിക്ക്
ഇന്ന് രാവിലെ ഒമ്പതരയോടെയാണ് യഹോവ സാക്ഷികളുടെ പ്രാർഥനയോഗത്തിനിടെ പൊട്ടിത്തെറിയുണ്ടായത്. സംഭവത്തിൽ രണ്ടുപേർ മരിച്ചു. 41 പേർക്ക് പരിക്കേറ്റു. ഇതിൽ ഗുരുതരാവസ്ഥയിലുള്ള 17 പേരെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഞ്ചു പേരുടെ നില ഗുരുതരമാണ്. അതീവ ഗുരുതരാവസ്ഥയിലുള്ള 12 വയസുള്ള പെൺകുട്ടിയെ വെന്‍റിലേറ്റർ സംവിധാനത്തിന്‍റെ സഹായത്തോടെയാണ് ചികിത്സിക്കുന്നത്.
മൂന്നിലേറെ തവണ പൊട്ടിത്തെറി ഉണ്ടായതായാണ് പ്രാഥമിക വിവരം. പരുക്കേറ്റവരെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഏകദേശം രണ്ടായിരത്തിലധികം ആളുകൾ യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. വെള്ളിയാഴ്ച്ച ആരംഭിച്ച മൂന്ന് ദിവസത്തെ സമ്മേളനം ഇന്ന് സമാപിക്കാൻ ഇരിക്കെയാണ് പൊട്ടിത്തെറി ഉണ്ടാകുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.