നിവിൻ പോളി നായകനായ സിനിമ സൂപ്പർ ഹിറ്റ് ആയിരുന്നു. എന്നാൽ പ്രതീക്ഷിച്ച സ്വീകാര്യത മഞ്ജിമയ്ക്ക് ലഭിച്ചില്ല. സിനിമയിലെ പ്രധാനപ്പെട്ട ഒരു രംഗത്തിൽ നടി കരയുന്ന ഭാഗം വലിയ തോതിൽ ട്രോളുകൾക്കിരയായി. ഇതേപറ്റി മഞ്ജിമ തന്നെ തുറന്ന് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ മലയാളത്തിൽ നിന്നും മറുഭാഷകളിലേക്ക് ചേക്കേറിയതോടെ മഞ്ജിമ ശ്രദ്ധിക്കപ്പെട്ടു. നിരവധി തമിഴ്, തെലുങ്ക് സിനിമകളിൽ മഞ്ജിമ നായിക ആയെത്തുകയും ചെയ്തു.

അടുത്തിടെ ആണ് താൻ പ്രണയത്തിലാണെന്ന കാര്യം മഞ്ജിമ ആരാധകരെ അറിയിച്ചത്. തമിഴ് നടൻ ഗൗതം കാർത്തിക് ആണ് മഞ്ജിമയുടെ കാമുകൻ. ഇരുവരും പ്രണയത്തിലാണെന്ന് ഏറെ നാളായി ഗോസിപ്പ് പരക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് പ്രണയത്തിലാണെന്ന കാര്യം മഞ്ജിമ വെളിപ്പെടുത്തിയത്. സോഷ്യൽ മീഡിയയിൽ ഒരുമിച്ചുള്ള ചിത്രത്തിനൊപ്പം ഒരു കുറിപ്പും മഞ്ജിമ പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ മഞ്ജിമയെക്കുറിച്ചുള്ള പുതിയൊരു വിവരമാണ് പുറത്ത് വരുന്നത്. ഇൻസ്റ്റഗ്രാമിൽ നിന്നും ഗൗതമിനൊപ്പമുള്ള ഫോട്ടോകൾ ഒഴിച്ച് ബാക്കി എല്ലാം ഡിലീറ്റ് ചെയ്തിരിക്കുകയാണ് മഞ്ജിമ. ഗൗതം കാർത്തിക്കിനൊപ്പമുള്ള ഫോട്ടോയും തന്റെ വളർത്ത് പൂച്ചയുടെ ഫോട്ടോയും മാത്രമാണ് മഞ്ജിമയുടെ ഇൻസ്റ്റഗ്രാം ഫീഡിൽ ഇപ്പോഴുള്ളത്. ഇതേക്കുറിച്ചുള്ള ആരാധകന്റെ ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് താരം.

ഇൻസ്റ്റഗ്രാമിൽ ഫോട്ടോകളുടെ ഭംഗിക്കല്ല പ്രാധാന്യമെന്നും ആളുകളുമായി കണക്ട് ചെയ്യാനാണെന്നും താൻ മനസ്സിലാക്കുന്നെന്നാണ് മഞ്ജിമ ആരാധകന് നൽകിയ മറുപടി. മുമ്പ് തനിക്കിത്ര ആത്മവിശ്വാസം ഇല്ലായിരുന്നു. തന്നിൽ സ്വയം പല സംശയങ്ങളായിരുന്നു. പക്ഷെ ഇപ്പോൾ മുമ്പത്തേക്കാളും ആത്മവിശ്വാസം ഉണ്ടെന്നും മഞ്ജിമ വ്യക്തമാക്കി. നവംബർ 28 ന് നടി വിവാഹം കഴിക്കാൻ പോവുകയാണെന്നാണ് റിപ്പോർട്ടുകൾ. ചെന്നെെയിൽ വെച്ചാണ് വിവാഹം. തമിഴ് നടൻ കാർത്തിക്കിന്റെ മകൻ ആണ് ഗൗതം.

മണിരത്നം സംവിധാനം ചെയ്ത കടൽ എന്ന സിനിമയിലൂടെയാണ് ഗൗതം സിനിമയിലേക്ക് എത്തുന്നത്. ഗൗതം തനിക്ക് ആത്മവിശ്വാസം നൽകുന്ന പങ്കാളി ആണെന്നാണ് മഞ്ജിമ നേരത്തെ വ്യക്തമാക്കിയത്. എല്ലാം നഷ്ടപ്പെട്ട തന്നിലേക്ക് വന്ന കാവൽ മാലാഖയാണ് ഗൗതം കാർത്തിക് എന്നാണ് മഞ്ജിമ വിശേഷിപ്പിച്ചത്.
എന്റെ കുറവുകൾ അംഗീകരിക്കാനും ഞാനായിരിക്കാനും നീ എന്നെ പഠിപ്പിച്ചു. ഞാൻ ആരാണോ അങ്ങനെ തന്നെ നീ എന്നെ സ്നേഹിക്കുന്നു. നീ എപ്പോഴും എനിക്ക് പ്രിയപ്പെട്ട ആളായിരിക്കും എന്നും മഞ്ജിമ നേരത്തെ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.