തിരുവനന്തപുരം
കെ സുധാകരനെയും വി ഡി സതീശനെയും ഉന്നംവച്ച് കോൺഗ്രസിൽ പുതിയ പടപ്പുറപ്പാട്. സുധാകരൻ ആർഎസ്‌എസ് ബന്ധം പരസ്യപ്പെടുത്തിയതോടെ കോൺഗ്രസിൽ ഉരുണ്ടുകൂടിയ പ്രതിസന്ധിയാണ് പുതിയ സമവാക്യങ്ങൾക്ക് വഴിവയ്ക്കുന്നത്. സുധാകരനെ ഉന്നംവച്ച് സതീശനെക്കൂടി തെറിപ്പിക്കുക എന്നതാണ് ലക്ഷ്യം. എ ഗ്രൂപ്പിലെയും ലീഗിലെയും ഒരു വിഭാഗത്തിന്റെ ആശീർവാദവും ഈ നീക്കത്തിനുണ്ട്. ശശി തരൂരിനെ മുൻനിർത്തി പ്രചരിക്കുന്ന വാർത്തകളും ഇതിന്റെ ഭാഗമാണ്.
‘കേരളീയനായ തന്നെ അംഗീകരിക്കുന്നതിലും സ്വാഗതംചെയ്യുന്നതിലും സന്തോഷമുണ്ട്’ എന്ന തരൂരിന്റെ പ്രതികരണം ഇപ്പോഴത്തെ രാഷ്‌ട്രീയനീക്കം ശരിവയ്ക്കുന്നു. തരൂർ വരട്ടെയെന്നും എഐസിസി അധ്യക്ഷനാകാൻ മത്സരിച്ചതിലൊഴികെ ഒരു കാര്യത്തിലും വിയോജിപ്പില്ലെന്നുമാണ് കെ മുരളീധരൻ പറഞ്ഞത്. തരൂരിനെ ശരിയായി ഉപയോഗിക്കണമെന്നാണ് എം കെ രാഘവന്റെയും യൂത്ത് കോൺഗ്രസ് നേതാവ് ശബരീനാഥന്റെയും മറ്റും അഭിപ്രായം. ഈ പശ്‌ചാത്തലത്തിൽ തരൂരിന്റെ മലബാർ സന്ദർശനത്തെ നേതാക്കൾ സംശയത്തോടെയാണ് കാണുന്നത്.
ലീഗിലെ പ്രബല വിഭാഗത്തിന് സുധാകരനോടും സതീശനോടും താൽപ്പര്യമില്ല. കെ സി വേണുഗോപാലാകട്ടെ തക്കംനോക്കിയിരിക്കുകയാണ്. സതീശനെ ക്ഷീണിപ്പിച്ചാലേ കെ സി വേണുഗോപാലിന് കേരളത്തിന്റെ ചുക്കാൻ കിട്ടൂ. സുധാകരനിൽ ഇടഞ്ഞ ലീഗ് നേതാക്കളെ തണുപ്പിക്കാൻ പ്രതിപക്ഷ നേതാവിനെപ്പോലും മറികടന്ന് വേണുഗോപാൽ ഇടപെട്ടതും ഇത് മുന്നിൽക്കണ്ടുതന്നെ.
ലീഗ് എംഎൽഎ നജീബ് കാന്തപുരമാണ് 22ന് ശശി തരൂരിനെ പെരിന്തൽമണ്ണയിലും പാണക്കാട്ടും എത്തിക്കുന്നത്. സാദിഖലി ശിഹാബ് തങ്ങളെ കൂടാതെ കുഞ്ഞാലിക്കുട്ടിയെയും തരൂർ കാണുന്നുണ്ട്. സർക്കാരിലും പാർടിയിലും കെ കരുണാകരൻ അതിശക്തനായി വാണപ്പോഴും ലീഗിന്റെ ‘ശാസന’ങ്ങൾ നടപ്പാകാറുണ്ട്.
അതേസമയം, പാർടിക്കുവേണ്ടിപ്പോലും കുറച്ച് സമയം ചെലവഴിക്കാനില്ലാത്ത തരൂർ എംപി സ്ഥാനത്തിന് അപ്പുറമൊന്നും പോകില്ലെന്ന് എതിർക്യാമ്പിലുള്ളവർ ഉറപ്പിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ