ഹൈക്കോടതി വിധിക്കെതിരെ 
കുഫോസ് മുൻ വിസി 
അപ്പീൽ നൽകി

Spread the love




ന്യൂഡൽഹി

നിയമനം റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവിനെതിരെ കേരള യൂണിവേഴ്‌സിറ്റി ഓഫ്‌ ഫിഷറീസ്‌ ആൻഡ്‌ ഓഷ്യൻ സ്‌റ്റഡീസ്‌ (കുഫോസ്‌) വൈസ്‌ ചാൻസലർ ഡോ. കെ റിജി ജോൺ സുപ്രീംകോടതിയെ സമീപിച്ചു. യുജിസി റെഗുലേഷനുകളുടെ പ്രയോഗപരിധിയിൽനിന്ന്‌ കാർഷിക സർവകലാശാലകളെ ഒഴിവാക്കിയിട്ടുണ്ടെന്നത്‌ പരിഗണിക്കാതെയാണ്‌ ഹൈക്കോടതി നിയമനം റദ്ദാക്കിയതെന്ന്‌ ഹർജിയിൽ ചൂണ്ടിക്കാട്ടി.

ഭരണഘടനയുടെ സംസ്ഥാന പട്ടികയിൽ 14–-ാമതായാണ്‌ ‘അഗ്രികൾച്ചറൽ എഡ്യുക്കേഷൻ ആൻഡ്‌ റിസെർച്ച്‌’. അതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അവസാന തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാനത്തിനാണ്‌. അതിനാൽ, കുഫോസ്‌ ആക്‌റ്റ്‌ 2010 അനുസരിച്ചാണ്‌ വിസിയെ നിയമിക്കേണ്ടത്‌.

1998, 2010, 2018 യുജിസി റെഗുലേഷനുകളിൽ കാർഷികസർവകലാശാലകളെ കൃത്യമായി ഒഴിവാക്കിയിട്ടുണ്ട്‌. കാർഷിക സർവകലാശാല വിസിമാരുടെ നിയമനത്തിൽ യുജിസി റെഗുലേഷനുകൾ പിന്തുടരാറില്ല. സമവർത്തി പട്ടികയിലെ 25–-ാം എൻട്രി പ്രകാരമാണ്‌ കുഫോസ്‌ വിസി നിയമനം നടത്തേണ്ടതെന്ന ഹൈക്കോടതി നിഗമനത്തിൽ നിയമപരമായ പിശകുണ്ട്‌.

സെർച്ച്‌ കമ്മിറ്റിയിൽ യുജിസി പ്രതിനിധി ഇല്ലാതിരുന്നതിനാൽ നിയമനത്തിന്‌ നിയമസാധുതയില്ലെന്ന വാദവും ശരിയല്ല. കാർഷികസർവകലാശാലകളിലേക്ക്‌ യുജിസി പ്രതിനിധികളെ അയക്കാറില്ല. ഈ മേഖലയിൽ വൈദഗ്‌ധ്യമുള്ള ഇന്ത്യൻ കൗൺസിൽ ഓഫ്‌ അഗ്രികൾച്ചറൽ റിസെർച്ചിലെ പ്രതിനിധിയെയാണ്‌ സെർച്ച്‌ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്‌. കെടിയു വിസി നിയമനം റദ്ദാക്കിയുള്ള സുപ്രീംകോടതി ഉത്തരവ്‌ തന്റെ കാര്യത്തിൽ ബാധകമല്ലെന്ന് ഹർജിയിൽ പറഞ്ഞു. ചീഫ്‌ ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌, ജസ്‌റ്റിസ്‌ ഹിമാകോഹ്‌ലി എന്നിവർ അംഗങ്ങളായ ബെഞ്ച്‌ അപ്പീൽ തിങ്കളാഴ്‌ച പരിഗണിക്കും.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!