ന്യൂഡൽഹി> അമേരിക്കയെ രൂക്ഷമായി വിമർശിച്ച് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന. മൃതദേഹങ്ങളുടെ ഘോഷയാത്ര കാണാതിരിക്കാനാണ് താൻ രാജിവെച്ചത്. വിദ്യാർത്ഥികളുടെ മൃതദേഹത്തിന് മുകളിൽ അധികാരത്തിൽ വരാൻ അമേരിക്ക ആഗ്രഹിച്ചു, പക്ഷേ തനിക്കതിന് താത്‌പര്യമില്ലാത്തതിനാലാണ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതെന്നും ഹസീന പറഞ്ഞു.
സർക്കാർ വിരുദ്ധ പ്രക്ഷോഭം ആളിക്കത്തിയതിനു പിന്നാലെയാണ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ഇന്ത്യയിലെത്തിയത്. ഇന്ത്യയിൽ നിന്ന് ലണ്ടനിലേക്ക് പോകാനായിരുന്നു ഹസീനയുടെ തീരുമാനമെങ്കിലും ബ്രിട്ടൺ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് ഹസീന ഇന്ത്യയിൽ തുടരുകയാണ്.
വിമോചനയുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ പിൻതലമുറക്കാർക്കുള്ള 30 ശതമാനം സംവരണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർഥി പ്രക്ഷോഭം ആരംഭിച്ചത്. സുപ്രീംകോടതിയിൽനിന്ന് അനുകൂല വിധി ഉണ്ടായതോടെ പ്രക്ഷോഭത്തിന് തീവ്രത കുറഞ്ഞു. എന്നാൽ, ജയിലിലടച്ചവരെ വിട്ടയയ്ക്കാൻ സർക്കാർ തയാറായില്ല. തുടർന്നാണ് രാജ്യത്ത് പ്രക്ഷോഭം വീണ്ടും ആളിക്കത്തിയത്.
സെന്റ് മാർട്ടിൻ ദ്വീപിന്റെ പരമാധികാരം കീഴടക്കി, ബംഗാൾ ഉൾക്കടലിന്റെ മേൽ അധികാരം സ്ഥാപിക്കാൻ അമേരിക്കയെ അനുവദിച്ചിരുന്നെങ്കിൽ താൻ ഇന്നും അധികാരത്തിൽ തുടരുമായിരുന്നുവെന്നും ഹസീന പറഞ്ഞു . മതമൗലിക വാദികളാൽ ഒരിക്കലും കബളിപ്പിക്കപ്പെടരുതെന്ന് തന്റെ നാട്ടിലെ ജനങ്ങളോട് ഹസീസ അഭ്യർത്ഥിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ