കൊച്ചി
സാങ്കേതിക സർവകലാശാലയിൽ താൽക്കാലിക വൈസ് ചാൻസലറെ നിയമിച്ച ഗവർണറുടെ നടപടി ചോദ്യംചെയ്‌ത് സർക്കാർ നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. സർക്കാർ പാനൽ മറികടന്ന് കുസാറ്റിലെ പ്രൊഫസർ ഡോ. കെ ശിവപ്രസാദിനെ നിയമിച്ചത് ചോദ്യംചെയ്‌താണ് ഹർജി. ഗവർണർ, വിസി എന്നിവരടക്കമുള്ള കക്ഷികൾക്ക് നോട്ടീസ് അയക്കാൻ നിർദേശിച്ച ജസ്‌റ്റിസ് സിയാദ് റഹ്മാൻ, വിസി ഇല്ലാത്ത അവസ്ഥ വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാൽ നിയമനം സ്‌റ്റേ ചെയ്യുന്നില്ലെന്നും അറിയിച്ചു. ഹർജി അടുത്തആഴ്‌ച പരിഗണിക്കും.
കെടിയു താൽക്കാലിക വിസി നിയമനം സംബന്ധിച്ച് യുജിസി റഗുലേഷനിൽ നിർദേശമില്ലെന്നും അതിനാൽ സർവകലാശാല നിയമമനുസരിച്ച് സർക്കാർ നൽകുന്ന പാനലിൽനിന്നാണ് നിയമിക്കേണ്ടതെന്നും സർക്കാർ ബോധിപ്പിച്ചു. സാങ്കേതിക സർവകലാശാല നിയമപ്രകാരം താൽക്കാലിക വിസി നിയമനം സർക്കാർ നൽകുന്ന പട്ടികയിൽനിന്ന് ആകണമെന്ന് ഹെെക്കോടതി ഉത്തരവുണ്ട്. ഇക്കാര്യത്തിൽ ഗവർണർ നൽകിയ ഹർജിയിൽ ഡിവിഷൻ ബെഞ്ച് കഴിഞ്ഞദിവസം വ്യക്തത വരുത്തിയതുമാണ്. എന്നിട്ടും ഉത്തരവ് മറികടന്ന് ഗവർണർ നിയമനം നടത്തുകയായിരുന്നു. ഇതിനൊപ്പമാണ് ഡിജിറ്റൽ സർവകലാശാല താൽക്കാലിക വിസിയായി ഡോ. സിസ തോമസിനെയും നിയമിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ