മണൽത്തിരകളിൽ ചുട്ടുപൊള്ളിയ പാഠപുസ്തകം

Spread the love



തിരുവനന്തപുരം > കടലിനപ്പുറം മുത്തും പവിഴവും പെറുക്കിയെടുത്തവന്റെ മാത്രം കഥയല്ല പ്രവാസം. ചുട്ടുപഴുത്ത മണൽത്തരികളിൽ ചുടുകാറ്റ് ആഞ്ഞുവീശി പൊള്ളിപ്പോയ ജീവിതങ്ങൾ കൂടിയാണത്. കണക്കുപട്ടികയിലൊന്നും ഉൾപ്പെടാതെ പോയവരുടെ അനുഭവങ്ങളാണ് അമാനുള്ളയുടെ ജീവിതം. അമാനുള്ള പറഞ്ഞ കഥകൾ കേരള സർവകലാശാലയിൽ പാഠപുസ്തകമാണിന്ന്.

പ്രവാസ ജീവിതത്തിൽ കണ്ടും അനുഭവിച്ചുമറിഞ്ഞ പൊള്ളുന്ന ഓർമകളാണ് ചിന്താബുക്സ് പുറത്തിറക്കിയ ഈ പുസ്തകം. അസംഘടിതരും നിരാലംബരുമായ ഒരു ജനതയുടെ കഥ കൂടിയാണിത്. കേരള സർവകലാശാലയിൽ പ്രചോദനാത്മക സാഹിത്യ വിഭാഗത്തിലാണ് അമാനുള്ളയുടെ ഓർമക്കുറിപ്പുകൾ പാഠപുസ്തകമായിരിക്കുന്നത്. 1976ൽ 22–-ാം വയസ്സിലാണ് അമാനുള്ള പ്രവാസിയാകുന്നത്. ജീവിതവിജയം കാണാതെ പോയ ലക്ഷക്കണക്കിനാളുകൾക്ക് ഇടയിലായിരുന്നു വക്കം സ്വദേശി അമാനുള്ളയുടെ പ്രവാസജീവിതം. ഷാർജ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയിലെ ജോലികൊണ്ട് പണമുണ്ടാക്കുക എന്നതിനപ്പുറം ജീവകാരുണ്യ വഴിയിലും ആ മനുഷ്യൻ നടന്നു. അറബിനാട്ടിലെത്തി തിരിച്ചുവരാതെ പോയ സഹോദരനെ തേടിയുള്ള യാത്രയിൽനിന്നാണ് അയാളുടെ പ്രവാസകഥ ആരംഭിക്കുന്നത്.

കാണാതായവരെക്കാത്തിരിക്കുന്ന പ്രിയപ്പെട്ടവരുടെ കണ്ണീരിന്റെ കടലാഴവും ഉപ്പുരുചിയും തിരിച്ചറിഞ്ഞൊരാൾക്ക് ജീവകാരുണ്യവഴി തെരഞ്ഞെടുക്കാതിരിക്കാനായില്ല. അനുഭവങ്ങൾക്ക് മീതെയുള്ള മുകസാക്ഷിത്വമല്ല ഈ ഓർമകൾ. തടവറകളിൽനിന്നും വേശ്യാലയങ്ങളിൽനിന്നും ആശുപത്രികളിൽനിന്നും നിരവധി രക്ഷാവിളികളെത്തി. ആ നിലവിളികൾ തേടി അമാനുള്ള ചെന്നു. നിരവധിയാളുകളെ ആശ്വാസ തണലിലേക്ക് കൈപിടിച്ചു നടത്താനായി. പൊള്ളുന്ന മണൽപ്പരപ്പിൽനിന്ന് ആശ്വാസതീരമണഞ്ഞ നിരവധി മനുഷ്യരുടെ അനുഭവസാക്ഷ്യങ്ങൾ കൂടിയാണ് മരുഭൂമിയിലെ മറുജീവിതത്തിൽ തെളിയുന്നത്.

കൈരളി ടിവിയുടെ ‘പ്രവാസ ലോകം’ പരിപാടിയുടെ യുഎഇ പ്രതിനിധിയായിരുന്നു അമാനുള്ള. പീപ്പിൾ ടിവിയിൽ ‘നേര്’ പരിപാടിയുടെ പ്രൊഡ്യൂസറായും പ്രവർത്തിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ, ഷാർജ് മാസ് തുടങ്ങിയ സംഘടനകളുടെ ഭാരവാഹിയുമായിരുന്നു. ജീവകാരുണ്യ പ്രവർത്തനത്തിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചു. കോഴിക്കോട് ചേളന്നൂർ എസ്എൻ കോളേജിലെ മലയാള വിഭാഗം മേധാവി ഡോ. ദീപേഷ് കരിമ്പുങ്കരയാണ് ‘മരുഭൂമിയിലെ മറുജീവിതങ്ങൾ’ രചിച്ചിരിക്കുന്നത്.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!