കൊച്ചി
ഇറാൻ മീൻപിടിത്ത ബോട്ടിൽനിന്ന് 200 കിലോ ഹെറോയിൻ പിടിച്ച കേസിൽ പ്രതികൾക്ക് കഠിനതടവ്. ആദ്യ നാല് പ്രതികൾ അബ്ദുൾ നാസർ, അബ്ദുൾ ഗനി, അബ്ദുൾ മാലിക് ഔസാർനി, റാഷിദ് ബഗ്ഫാർ എന്നിവരെ 12 വർഷം തടവിനും അഞ്ചും ആറും പ്രതികൾ അർഷദ് അലി, സുനൈദ് എന്നിവരെ 10 വർഷം തടവിനുമാണ് ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. ആദ്യനാല് പ്രതികൾ 1.75 ലക്ഷം രൂപയും മറ്റുള്ളവർ 1.25 ലക്ഷം രൂപയും പിഴയടയ്ക്കണം. ആറുപേരും ഇറാൻ പൗരന്മാരാണ്.
2022 ഒക്ടോബർ ആറിനായിരുന്നു സംഭവം. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ നാവികസേനയുടെ സഹായത്തോടെ നടത്തിയ പരിശോധനയ്ക്കിടെയാണ് പ്രതികൾ ഹെറോയിനുമായി പിടിയിലായത്. “ആരിഫി 2′ മീൻപിടിത്ത ബോട്ടിലായിരുന്നു ലഹരിക്കടത്ത്. അഫ്ഗാനിൽനിന്നുള്ളതായിരുന്നു ഹെറോയിൻ. 199.445 കിലോ ഹെറോയിനുപുറമേ 400 ഗ്രാം കറുപ്പും ഹാഷിഷും പിടിച്ചിരുന്നു. കൊച്ചി പുറംകടലിൽനിന്നാണ് ബോട്ട് പിടിച്ചത്. അഫ്ഗാനിസ്ഥാനിൽനിന്ന് പാകിസ്ഥാനിലാണ് മയക്കുമരുന്ന് എത്തിച്ചത്. തുടർന്ന് ഇറാൻ ബോട്ടിലേക്ക് മാറ്റി. ശ്രീലങ്കൻ ബോട്ടിലേക്ക് കൈമാറാൻ വരുമ്പോഴാണ് ഇറാൻ പൗരന്മാർ പിടിയിലായത്. വെള്ളം കടക്കാത്തനിലയിൽ 200 പാക്കറ്റുകളിലായി സൂക്ഷിച്ചനിലയിലായിരുന്നു ഹെറോയിൻ. 1400 കോടിയായിരുന്നു അന്നത്തെ വിപണിമൂല്യം. രാജ്യത്തെ ഏറ്റവും വലിയ ലഹരിവേട്ടകളിൽ ഒന്നായിരുന്നിത്.