തിരുവനന്തപുരം
ആരിഫ് മൊഹമ്മദ് ഖാൻ കേരളം വിടുന്നത് രാജ്ഭവനെ ആർഎസ്എസ് കാര്യാലയമാക്കിയും ഭരണഘടനയെ അവഗണിച്ചുള്ള തീരുമാനങ്ങൾ അടിച്ചേൽപ്പിച്ചും. ഗവർണർമാരെ ഉപയോഗിച്ച് എൻഡിഎ ഇതര സർക്കാരുകളെ ദ്രോഹിക്കുകയെന്ന കേന്ദ്ര, ബിജെപി നയം തെരുവിലേക്കുകൊണ്ടുവന്ന്, സ്വയം പരിഹാസ്യനായ മറ്റൊരാളില്ല. സംസ്ഥാനവിരുദ്ധ തീരുമാനങ്ങളെടുക്കാൻ ഗവർണറെ പ്രതിപക്ഷവും മാധ്യമങ്ങളും ഇതുപോലെ പ്രോത്സാഹിപ്പിച്ച ചരിത്രവും അത്യപൂർവം. മന്ത്രി കെ എൻ ബാലഗോപാലിനെ നീക്കാൻ കത്തയച്ചതടക്കം ഗവർണർ പദവിക്ക് നാണക്കേടുണ്ടാക്കിയ പ്രഖ്യാപനങ്ങളാണ് അഞ്ചുവർഷത്തിനിടെ നടത്തിയത്. ഇല്ലാത്ത അധികാരം പ്രയോഗിച്ച്, ഏതാനും ആഴ്ചകൾമുമ്പ് ചീഫ് സെക്രട്ടറിയും ഡിജിപിയും ഉടൻ രാജ്ഭവനിലെത്തണമെന്ന് തീട്ടൂരമിറക്കി.
നിയമസഭ പാസാക്കിയ ബില്ലുകൾ കാരണം കൂടാതെ തടഞ്ഞുവയ്ക്കുന്നതും ശീലമാക്കി. ഒടുവിൽ സുപ്രീംകോടതിയുടെ രൂക്ഷവിമർശം ഏറ്റുവാങ്ങി. നിയമസഭയുടെ അധികാരത്തിൽ കൈകടത്തുന്നതിനും ഭരണഘടനാ തത്വങ്ങൾ ലംഘിക്കുന്നതിനും ഗവർണറെ കോടതി ചോദ്യംചെയ്തു. പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രത്യേക നിയമസഭാസമ്മേളനം വിളിച്ച് പ്രമേയം പാസാക്കാനുള്ള തീരുമാനം തള്ളിയതുവഴി സംസ്ഥാനത്തിന്റെ അവകാശം നിഷേധിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനം ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തിനെതിരെയും രംഗത്തുവന്നു.
സർവകലാശാലകളിൽ ചട്ടവിരുദ്ധമായി നിരന്തരമായി ഇടപെട്ട ചാൻസലർ പലയിടത്തും ആർഎസ്എസുകാരെ നിയമിച്ചു. ഈ തീരുമാനങ്ങൾ കോടതികൾ തള്ളിയിട്ടും വഴിവിട്ട നടപടികൾ തുടർന്നു. കാവിവൽക്കരണ അജൻഡകളിൽ പ്രതിഷേധിച്ച വിദ്യാർഥികളെ നേരിടാൻ, തെരുവിൽ കസേരയിട്ട് നാടകം കളിച്ചതും കേരളം കണ്ടു. യജമാനന്മാരോടുള്ള കൂറ് തെളിയിക്കലാണ് ഇക്കാലമത്രയും ആരിഫ് മൊഹമ്മദ് ഖാൻ ചെയ്തത്. ആ കൂറിനുള്ള സമ്മാനമാണ് അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലേക്ക് പറിച്ചുനടൽ.
ഗവര്ണര് ഇന്ന്
ഡല്ഹിക്ക്
ബിഹാർ ഗവർണറായി പോകുന്ന ഗവർണർ ആരിഫ് മൊഹമ്മദ് ഖാന് സംസ്ഥാന സർക്കാരിന്റെ ഉപഹാരം ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ സമ്മാനിച്ചു. ശനിയാഴ്ച രാജ്ഭവനിലെത്തിയാണ് സർക്കാരിന്റെ ഉപഹാരമായി പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അനന്തശയന ശിൽപ്പം സമ്മാനിച്ചത്. അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ഡോ. ദേവേന്ദ്ര കുമാർ ഡോദാവദ്, കെ ആർ ജ്യോതിലാൽ, സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ ഹരികുമാർ എന്നിവരും പങ്കെടുത്തു. ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന യാത്രയയപ്പ് ചടങ്ങ് ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി ഒഴിവാക്കിയിരുന്നു.
അതേസമയം സർവകലാശാലകളിൽ ഗവർണർ നേരിട്ട് നിയമിച്ച വൈസ് ചാൻസലർമാരായ ഡോ. സിസ തോമസ്, ഡോ. മോഹനൻ കുന്നുമ്മൽ, എം ജുനൈദ് ബുഷരി, പ്രൊഫ. സി ടി അരവിന്ദകുമാർ, ഡോ. കെ ശിവപ്രസാദ്, ഡോ. വി പി ജഗതിരാജ് എന്നിവർ രാജ്ഭവനിൽ ഒന്നിച്ചെത്തിയിരുന്നു. സ്ഥാനമൊഴിഞ്ഞ ആരിഫ് മൊഹമ്മദ് ഖാൻ ഞായർ വൈകിട്ട് കൊച്ചിയിൽനിന്ന് ഡൽഹിയിലേക്ക് തിരിക്കും. പുതിയ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ ജനുവരി ഒന്നിന് കേരളത്തിലെത്തും. രണ്ടിന് ചുമതലയേൽക്കും.