നിഫ്റ്റി ഗംഭീരമായ കുതിപ്പ് തുടരുകയാണ്. എന്നാല്‍ കോവിഡ് കാലത്തിന് ശേഷം കണ്ട മുന്നേറ്റം പോലെയല്ല ഇത്തവണത്തേത്. തിരഞ്ഞെടുത്ത ഓഹരികളുടെ പിന്‍ബലം മാത്രമേ നിഫ്റ്റിക്കുള്ളൂ. വാസ്തവത്തില്‍ റിലയന്‍സ്, ടിസിഎസ് അടക്കം അഞ്ച് ഓഹരികളാണ് കഴിഞ്ഞ രണ്ടുമാസത്തിനിടെ നിഫ്റ്റിയുടെ 50 ശതമാനത്തിലേറെ ഉയര്‍ച്ചയ്ക്ക് കാരണം.
സെപ്തംബര്‍ 30 -ന് ശേഷം ബിഎസ്ഇ സെന്‍സെക്‌സ്, നിഫ്റ്റി 50 സൂചികകള്‍ 11 ശതമാനം വളര്‍ച്ച കയ്യടക്കിയത് കാണാം. രണ്ടുമാസക്കാലംകൊണ്ട് നിഫ്റ്റി 1,800 പോയിന്റ് കൂട്ടിച്ചേര്‍ത്തു. സെന്‍സെക്‌സ് 6,270 പോയിന്റും. നവംബര്‍ 30 -ന് 18,800 മാര്‍ക്ക് പിന്നിടാന്‍ നിഫ്റ്റിക്കും 63,300 മാര്‍ക്ക് പിന്നിടാന്‍ സെന്‍സെക്‌സിനും സാധിച്ചെന്ന കാര്യം ശ്രദ്ധേയം.
നിഫ്റ്റിയുടെ കുതിപ്പിന് പിന്നിലെ കാരണമെന്തെന്ന അന്വേഷണത്തിലാണോ നിങ്ങളും? ഒക്ടോബര്‍ തൊട്ട് വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ ശക്തമായ വാങ്ങലുകള്‍ നടത്തുന്നതാണ് സൂചികയുടെ ഉയര്‍ച്ചയ്ക്ക് പിന്നില്‍. ഒപ്പം രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയിടിഞ്ഞതും ഓഹരികളിലേക്ക് നിക്ഷേപകരെ തിരിച്ചെത്തിച്ചു.
ഇതേസമയം, കോവിഡിന് ശേഷം കണ്ടപോലെ എല്ലാ സെക്ടറുകളും കൈകോര്‍ത്തല്ല ഇക്കുറി നിഫ്റ്റിയെ എടുത്തുയര്‍ത്തുന്നത്. മുഖ്യസൂചികകള്‍ കൊടുമുടി താണ്ടുമ്പോഴും മിഡ്കാപ്പ്, സ്‌മോള്‍കാപ്പ് രംഗങ്ങളില്‍ നേട്ടം പരിമിതമാണ്. സെപ്തംബര്‍ അവസാനം തൊട്ട് ഇതുവരെ ബിഎസ്ഇ മിഡ്കാപ്പ്, സ്‌മോള്‍കാപ്പ് സൂചികകള്‍ 4.8 ശതമാനം വളര്‍ച്ച മാത്രമേ കാഴ്ച്ചവെക്കുന്നുള്ളൂ.
നിഫ്റ്റിയുടെ വിപണി മൂല്യം 148.92 ലക്ഷം കോടിയില്‍ എത്തിനില്‍ക്കുമ്പോഴും തിരഞ്ഞെടുത്ത ഒരുപിടി ഓഹരികളിലാണ് താരത്തിളക്കം മുഴുവന്‍. സെപ്തംബര്‍ 30 -ന് 135.56 ലക്ഷം കോടി രൂപയായിരുന്നു നിഫ്റ്റിയുടെ മാര്‍ക്കറ്റ് കാപ്പ്. അതായത് രണ്ടുമാസംകൊണ്ട് 13.35 ലക്ഷം കോടി രൂപയുടെ മൂല്യവര്‍ധനവ് നിഫ്റ്റി കണ്ടെത്തി. ഇക്കാലയളവില്‍ ആരൊക്കെയാണ് നിഫ്റ്റിയില്‍ കയ്യടി നേടിയത്?

പട്ടികയില്‍ പ്രധാനമായും അഞ്ച് ഓഹരികളാണുള്ളത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി ഓഹരികള്‍ സംയുക്തമായി നിഫ്റ്റിയുടെ ഉയര്‍ച്ചയില്‍ പങ്കാളികളായി. ഈ അഞ്ച് കമ്പനികളും ചേര്‍ന്ന് മാത്രം നിഫ്റ്റിയിലേക്ക് 7.05 ലക്ഷം കോടി രൂപയുടെ വിപണി മൂല്യം അധികം സംഭാവന ചെയ്തു. അതായത്, 50 ശതമാനത്തിലേറെ. കൂട്ടത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് കേമന്‍. നിഫ്റ്റിയുടെ ഉയര്‍ച്ചയില്‍ 20 ശതമാനത്തിലേറെ പങ്കും റിലയന്‍സിന്റേതാണ്.
Nifty Index | Company | Contribution to Nifty M-Cap Increase (%) |
5 stocks in Nifty | RIL, TCS, HDFC Bank, Infosys, HDFC Ltd. | 52.8 |
Next 10 stocks by M-Cap | SBI, ICICI Bank, HCL Tech, Axis Bank, L&T etc. | 35.13 |
7 Stocks in negative | Asian Paints, Bajaj Finance, HUL, Divi’s Lab, Eicher Motors, Bajaj Finserv, M&M | NA |
Other 24 stocks rose below 1% | Tata Steel, ITC, Nestle India Ltd, Tata Motors Ltd, Britannia, Maruti Suzuki, BPCL, Hero Moto Corp, Bajaj Auto etc. | 12.53 |
സെക്ടറുകളുടെ മുഴുവന്‍ പിന്തുണ നിഫ്റ്റിക്ക് ഇല്ലെങ്കിലും സൂചികയിലെ റാലി മുന്നോട്ട് തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുന്ന വേഗം കുറയ്ക്കുന്നതും പണപ്പെരുപ്പം സാവധാനം തിരിച്ചിറങ്ങുന്നതും നിഫ്റ്റിയുടെ മുന്നേറ്റത്തിന് കരുത്തുപകരും. ചരക്കുവിലകള്‍ ക്രമപ്പെടുന്നതും ഓഹരി വിപണിക്ക് അനുകൂലഘടകമാണ്.
ഒരുഭാഗത്ത് ഇന്ത്യയുടെ വളര്‍ച്ച കുറയുമെന്ന് അനുമാനിക്കുന്നുണ്ടെങ്കിലും വിദേശ, ആഭ്യന്തര ബ്രോക്കറേജുകള്‍ സെന്‍സെക്‌സ്, നിഫ്റ്റി സൂചികകളുടെ ടാര്‍ഗറ്റ് കൂട്ടാന്‍ ആരംഭിച്ചിട്ടുണ്ട്. ഡിസംബറില്‍ മാര്‍ക്കറ്റിനെ സ്വാധീനിക്കുന്ന ഒരുപിടി വിവരങ്ങള്‍ വരാനിരിക്കുകയാണ്. വാഹന വില്‍പ്പന കണക്കുകള്‍, വാങ്ങല്‍ ശേഷി കണക്കുകള്‍, പണപ്പെരുപ്പ കണക്കുകള്‍ എന്നിവയെല്ലാം നിക്ഷേപകര്‍ സൂക്ഷ്മമായി നിരീക്ഷിക്കും. ഡിസംബര്‍ 5 മുതല്‍ 7 വരെ റിസര്‍വ് ബാങ്കിന്റെ ധനനയം യോഗവും ചേരാനിരിക്കുകയാണ്.
English summary
Reliance, TCS And More; 5 Stocks Contributed More Than 50 Per Cent Rise To Nifty In 2 Months
Reliance, TCS And More; 5 Stocks Contributed More Than 50 Per Cent Rise To Nifty In 2 Months. Read in Malayalam.
Story first published: Thursday, December 1, 2022, 8:30 [IST]