MS Dhoni, Chennai Super Kings IPL 2025: ഇന്ത്യൻ മുൻ ക്യാപ്റ്റൻ എം.എസ്.ധോണിയുടെ ക്യാപ്റ്റൻസി തന്ത്രങ്ങൾ പലപ്പോഴും ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചിട്ടുണ്ട്. ധോണിയുടെ തന്ത്രത്തിൽ തന്റെ വിക്കറ്റ് നഷ്ടപ്പെടുന്നത് കണ്ട് ക്രീസിൽ ഞെട്ടി നിന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് താരം വെങ്കടേഷ് അയ്യർ. ഈ തന്ത്രത്തെ കുറിച്ച് മത്സരത്തിന് ശേഷം ധോണിയോട് തന്നെ താൻ ആരായുകയും ചെയ്തതായി വെങ്കടേഷ് പറയുന്നു.
ഐപിഎൽ 2023 സീസണിലാണ് സംഭവം. “ഞാൻ ബാറ്റ് ചെയ്യാൻ നിൽക്കുന്ന സമയം ധോണി ഡീപ്പ് സ്ക്വയർ ലെഗ്ഗിൽ നിന്ന് ഫീൽഡറെ മാറ്റി ഷോർട്ട് തേർഡിൽ നിർത്തി. സാധാരണ ഷോർട്ട് തേർഡിൽ ഫീൽഡർ നിൽക്കുന്ന പൊസിഷനിൽ നിന്ന് കുറച്ച് മാറിയാണ് ഈ ഫീൽഡറെ ധോണി നിർത്തിയത്. തൊട്ടടുത്ത പന്തിൽ ആ ഫീൽഡറുടെ കൈകളിലേക്ക് തന്നെ ഞാൻ എത്തി,”വെങ്കടേഷ് അയ്യർ പറയുന്നു.
ധോണിയുടെ പക്കൽ ഉത്തരം റെഡി
“മത്സരത്തിന് ശേഷം ഞാൻ ധോണിയോട് ഇതിനെ കുറിച്ച് ചോദിച്ചു. എന്തുകൊണ്ട് അവിടെ ഫീൽഡറെ നിർത്തി എന്ന് ചോദിച്ചു. ധോണിയുടെ പക്കൽ അതിന് വ്യക്തമായ ഉത്തരം ഉണ്ടായിരുന്നു. എന്റെ ബാറ്റിൽ കൊണ്ടുവരുന്ന പന്തിന്റെ ഇംപാക്ട്, ആംഗിൾ എന്നിവ മനസിലാക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് ധോണി പറഞ്ഞു. ഞാൻ ഈ ഷോട്ട് കളിച്ചാൽ പന്ത് അവിടേക്കാവും പോവുക എന്ന് താൻ കണക്കുകൂട്ടിയിരുന്നതായി അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് ഫീൽഡറെ ധോണി ആ പൊസിഷനിൽ നിർത്തിയത് എന്ന്. യഥാർഥ ക്യാപ്റ്റൻസി എന്ന് പറഞ്ഞാൽ അതാണ്, എന്താണ് ബാറ്റർ ചെയ്യാൻ ശ്രമിക്കുന്നത് എന്ന് മനസിലാക്കാൻ ശ്രമിക്കുകയാണ് അദ്ദേഹം ചെയ്തത്,” വെങ്കടേഷ് അയ്യർ പറഞ്ഞു.
“ധോണിയുടെ വ്യക്തമായ തന്ത്രമായിരുന്നു അത്. എനിക്ക് ഏതാനും പന്തുകൾ കഴിയുന്നത് വരെ കാത്തിരിക്കാമായിരുന്നു. എന്നാൽ തൊട്ടടുത്ത പന്തിൽ തന്നെ ഞാൻ അവിടേക്ക് കളിച്ചു. ഫീൽഡറെ ധോണി മാറ്റിയതിന് ശേഷം ആ വിക്കറ്റ് വീണത് അന്ന് ചർച്ചയായിരുന്നു. ഫീൽഡിൽ വരുത്തുന്ന ഇത്തരം മാറ്റങ്ങൾ മനസിലാക്കാൻ ബാറ്റർക്കും സാധിക്കണം,” കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ബാറ്റർ പറഞ്ഞു.
ഇത്തവണ ഐപിഎൽ താര ലേലത്തിൽ 23.75 കോടി രൂപയ്ക്കാണ് വെങ്കടേഷ് അയ്യരെ കെകെആർ സ്വന്തമാക്കിയത്. ഐപിഎൽ സീസണിലേക്ക് എത്തുന്നതിന് മുൻപ് ഡൊമസ്റ്റിക് ക്രിക്കറ്റിലും വെങ്കടേഷ് ശ്രദ്ധ കൊടുത്തിരുന്നു. ചിലപ്പോൾ ടീം ആവശ്യപ്പെടുന്നത് വേഗത്തിൽ 60 റൺസ് സ്കോർ ചെയ്യാനാവും. മറ്റ് ചിലപ്പോൾ ടീം ബാറ്റിങ് തകർച്ച നേരിടുമ്പോൾ ഏതാനും സമയം ക്രീസിൽ നിന്ന് ഇന്നിങ്സ് ഉയർത്താനാവും മറ്റ് ചിലപ്പോൾ ടീം ആവശ്യപ്പെടുക. ഈ സാഹചര്യങ്ങൾക്കെല്ലാം ഇണങ്ങും വിധം കളിക്കാൻ ഡൊമസ്റ്റിക് ക്രിക്കറ്റ് നമ്മെ സഹായിക്കും എന്നും വെങ്കടേഷ് അയ്യർ പറഞ്ഞു.