Venjaramoodu Mass Murder Case: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ഇനി കാണേണ്ടന്ന് പിതാവ് അബ്ദുൾ റഹീം. അഫാൻ കാരണം ഇളയമകനും ഉമ്മയും അടക്കം എല്ലാവരും നഷ്ടമായെന്നും അബ്ദുൾ റഹീം പറഞ്ഞു. അഫാന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അമ്മ ഷെമിയെ കൊലപാതക വിവരം അറിയിച്ചെന്നും അഫാനാണ് കൊലപാതകത്തിന് പിന്നിലെന്ന് വിശ്വസിക്കാൻ ഷെമി തയ്യാറായില്ലെന്നും റഹീം പറഞ്ഞു.
ഡോക്ടർമാരുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം ആശുപത്രിയിൽ വച്ചായിരുന്നു ഷെമിയെ കൊലപാതക വിവരങ്ങൾ അറിയിച്ചത്. കൊലപാതകം നടത്തിയത് അഫാനാണെന്ന് പറഞ്ഞപ്പോൾ ഷെമി പൊട്ടിക്കരഞ്ഞെന്നും, ഒരു പാറ്റയെ പോലും പേടിയായിരുന്ന അഫാൻ എങ്ങനെയാണ് ഇത്ര കൊടും ക്രൂരത ചെയതതെന്ന് ചോദിച്ചെന്നും റഹീം മാധ്യമങ്ങളോട് പറഞ്ഞു.
മക്കൾക്ക് വേണ്ടിയായിരുന്നു ഇത്രയും കാലത്തെ ജീവിതമെന്നും ഇപ്പോൾ അവരില്ലെന്നും റഹീം പറഞ്ഞു. ഇനി വിദേശത്തേക്ക് പോകുന്നില്ലെന്നും റഹീം കൂട്ടിച്ചേർത്തു. അതേസമയം, വീട്ടിൽ നോക്കാൻ ആരുമില്ലാത്തതിനാലാണ് ഷെമിയെ അഗതിമന്ദിരത്തിലേക്ക് മാറ്റിയതെന്ന് റഹീം നേരത്തെ പറഞ്ഞിരുന്നു.
കൊലപാതകം നടന്ന തങ്ങളുടെ വീട് ഇപ്പോഴും പൊലീസിന്റെ കൈയ്യിലാണ്. ഇനി വീട് തിരികെ കിട്ടിയാലും അവിടെ താമസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ ഇനി ആർക്ക് വേണ്ടി സമ്പാദിക്കണമെന്നും റഹീം ചോദിച്ചു. മക്കൾക്ക് വേണ്ടിയല്ലേ സമ്പാദിച്ചത്. മക്കൾ പോയില്ലേ. ജനിച്ചതുകൊണ്ട് മരിക്കുന്നതുവരെ ജീവിച്ചേ പറ്റുവെന്നും റഹീം പറഞ്ഞു.
കേസിൽ അഫാനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. വെഞ്ഞാറമൂട് പൊലീസാണ് മൂന്നാം ഘട്ട തെളിവെടുപ്പിന്റെ ഭാഗമായി കസ്റ്റഡിയിൽ വാങ്ങുക. വെഞ്ഞാറമൂട് പൊലീസ് നെടുമങ്ങാട് കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കും. അനുജൻ അഫ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് കസ്റ്റഡി അപേക്ഷ നൽകുക.\