പുറത്തിറങ്ങിയാൽ കനത്ത വെയിലാണ്, എത്ര തവണ സൺസ്ക്രീൻ ഉപയോഗിച്ചാലും ടാനിൽ നിന്നും രക്ഷപെടുക അസാധ്യമാണ്. ടാനും കറുത്തപാടുകളം ചർമ്മത്തിന് മങ്ങലേൽപ്പിക്കും. ഇത് ഒഴിവാക്കാൻ പാർലറുകളിലും മറ്റും പോയി ബ്ലീച്ച് പോലെയുള്ളവ ചെയ്യാറുണ്ടോ? സ്ഥിരമായി ഇത്തരം കെമിക്കൽ ബ്ലീച്ചുകളും ഫേഷ്യലുകളും ഉപയോഗിക്കുന്നത് നിങ്ങളുടെ ചർമ്മത്തിൻ്റെ സ്വാഭാവിക ഘടനയെ ബാധിക്കും. അതിനാൽ പ്രകൃതിദത്തമായവ തിരഞ്ഞെടുക്കാം. അതിന് ചേരുവകളൊന്നും വില കൊടുത്തു വാങ്ങേണ്ട. വീട്ടിൽ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിക്കാം. അത്തരത്തിൽ ഒരു ഇൻസ്റ്റൻ്റ് ഗ്ലോ ലഭിക്കാൻ ലഭിക്കുന്നതിന് സ്വയം തയ്യാറാക്കാൻ സാധിക്കുന്ന ബ്ലീച്ചുകൾ പരിചയപ്പൊം.
വാളൻ പുളി കടലമാവ് തക്കാളി
ചേരുവകൾ
- വാളൻപുളി
- തക്കാളി
- കടലമാവ്
തയ്യാറാക്കുന്ന വിധം
വാളൻ പുളി കുരുകളഞ്ഞ് വെള്ളത്തിൽ കുതിർത്തെടുക്കാം. അത അരച്ച് പേസ്റ്റ് പരുവത്തിലാക്കാം. ഇത് മുഖത്ത് പുരട്ടി 5 മിനിറ്റ് മൃദുവായി മസാജ് ചെയ്യാം. ശേഷം കടലമാവിലേയ്ക്ക് തക്കാളി അരച്ചതു ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റ് വിശ്രമിക്കാം. ഉണങ്ങിയതിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
അരിപ്പൊടി തൈര്
ചേരുവകൾ
- അരിപ്പൊടി- 2 ടേബിൾസ്പൂൺ
- തൈര്- 1 ടേബിൾസ്പൂൺ
- തേൻ- ആവശ്യത്തിന്
- റോസ് വാട്ടർ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അരിപ്പൊടി ഒരു നാച്യുറൽ സ്ക്രബാണ്. ഇത് മുഖത്തെ കരുവാളിപ്പ്, പാടുകൾ അടിഞ്ഞു കൂടിയ എണ്ണ അഴുക്ക് എന്നിവ നീക്കം ചെയ്യാൻ സഹായിക്കും. തൈരിന് ബ്ലീച്ചിങ് സവിശേഷതകളുണ്ട്. അത് ചർമ്മത്തിൽ ആഴ്ന്നിറങ്ങി തിളക്കവും മൃദുത്വവും നൽകും.
ഒരു ടേബിൾസ്പൂൺ തൈരിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ അരിപ്പൊടി ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് തേനും അൽപം റോസ്‌വാട്ടറും കലർത്തിയെടുക്കാം.
വൃത്തിയായി കഴുകിയ മുഖത്ത് തയ്യാറാക്കിയ മിശ്രിതം ബ്രെഷ് ഉപയോഗിച്ചോ കൈകൾ കൊണ്ടോ പുരട്ടാം. ശേഷം 20 മിനിറ്റ് വിശ്രമിക്കാം. കഴുകുന്നതിനു മുമ്പായി കൈകൾ ഉപയോഗിച്ച് മൃദുവായി മസാജ് ചെയ്യാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.