ഐപിഎല്ലിന് പിന്നാലെ വരുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലും രോഹിത് ശർമ തന്നെ ഇന്ത്യയെ നയിച്ചേക്കും. ബോർഡർ ഗാവസ്കർ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിൽ നിന്ന് രോഹിത് ശർമ പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവായിരുന്നു. ഇതോടെ രോഹിത് ശർമയെ ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കും എന്ന റിപ്പോർട്ടുകളാണ് ശക്തമായത്. എന്നാൽ ചാംപ്യൻസ് ട്രോഫി ജയത്തിന് പിന്നാലെ രോഹിത്തിന് അനുകൂലമായാണ് ബിസിസിഐയുടെ നിലപാട് എന്ന് ദ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
“എന്താണ് തനിക്ക് ചെയ്യാൻ സാധിക്കുക എന്ന രോഹിത് കാണിച്ച് തന്ന് കഴിഞ്ഞു. ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യൻ ടീമിനെ നയിക്കാൻ ഏറ്റവും അനുയോജ്യൻ രോഹിത് ആണെന്നാണ് ബിസിസിഐക്ക് ഉള്ളിൽ ഇപ്പോൾ ഉയരുന്ന അഭിപ്രായം. റെഡ് ബോൾ ക്രിക്കറ്റിൽ തുടരാനുള്ള താത്പര്യം രോഹിത് ശർമയും അറിയിച്ചിട്ടുണ്ട്,” ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ടിൽ പറയുന്നു.
2027 ഏകദിന ലോകകപ്പ് കളിക്കുമോ?
ചാംപ്യൻസ് ട്രോഫി കിരീട നേട്ടത്തിന് പിന്നാലെ വിരമിക്കൽ അഭ്യൂഹങ്ങൾ രോഹിത് ശർമ തള്ളിയിരുന്നു. “നിലവിൽ എനിക്ക് വളരെ നന്നായി കളിക്കാൻ സാധിക്കുന്നുണ്ട്. ഈ ടീമിനൊപ്പം കളിക്കുന്നത് ഞാൻ ആസ്വദിക്കുന്നു. എന്റെ സാന്നിധ്യം ടീമും ആസ്വദിക്കുന്നുണ്ട്. അതൊരു നല്ല കാര്യമാണ്. 2027 ഏകദിന ലോകകപ്പ് കളിക്കുന്നതിനെ കുറിച്ച് ഇപ്പോൾ എനിക്ക് പറയാനാവില്ല. കാരണം അത് ഏറെ ദൂരെയാണ്. എന്നാൽ ഞാൻ എല്ലാ സാധ്യതകളും പരിഗണിക്കുന്നുണ്ട്,” ഐസിസിക്ക് നൽകിയ അഭിമുഖത്തിൽ രോഹിത് ശർമ പറഞ്ഞു.
“ഒരുപാട് ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ട്. ഒരുപാട് അഭിമാനം ഉണ്ട്. ഈ ടീം കളിക്കുന്ന വിധം വെച്ച് നോക്കുമ്പോൾ ഈ ടീം ഇപ്പോൾ വിടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇപ്പോൾ ടീം കളിക്കുന്ന വിധം ഒരുപാട് സന്തോഷം നൽകുന്നതാണ്. ഇവർക്കെല്ലാവർക്കും ഒപ്പം കളിക്കുന്നത് ഒരുപാട് സന്തോഷം നൽകുന്നു,” രോഹിത് ശർമ പറഞ്ഞു.
ബോർഡർ ഗാവസ്കർ ട്രോഫിയിലെ സിഡ്നി ടെസ്റ്റിൽ നിന്ന് വിട്ടുനിൽക്കാനുള്ള രോഹിത് ശർമയുടെ തീരുമാനം ക്രിക്കറ്റ് ലോകത്ത് ഏറെ ചർച്ചയായിരുന്നു. എന്നാൽ തന്റെ മോശം ഫോം എല്ലാ കാലവും നീണ്ടുനിൽക്കുന്നതല്ലെന്നാണ് രോഹിത് ശർമ അന്ന് പ്രതികരിച്ചത്. ബോർഡർ ഗാവസ്കർ ട്രോഫിയിൽ കളിച്ച മൂന്ന് ടെസ്റ്റിൽ നിന്ന് രോഹിത് ശർമയുടെ ഉയർന്ന സ്കോർ 10 ആണ്. ടെസ്റ്റിൽ രോഹിത് ശർമ അവസാനമായി അർധ ശതകം കണ്ടെത്തിയത് 2024 ഒക്ടോബറിലാണ്.
“എല്ലായ്പ്പോഴും റൺസ് കണ്ടെത്താനാവും എന്ന് പറയാനാവില്ല. ഞാൻ ഒരുപാട് ക്രിക്കറ്റ് കളിച്ച് കഴിഞ്ഞു. ഓരോ സെക്കന്റിലും ഓരോ മിനിറ്റിലും ഓരോ ദിവസവും ജീവിതം മാറിക്കൊണ്ടിരിക്കുകയാണ്. കാര്യങ്ങൾ മാറി വരും. എനിക്ക് ഇപ്പോഴും ആത്മവിശ്വാസം ഉണ്ട്. എന്നാൽ യാഥാർഥ്യ ബോധ്യത്തോടെ കാര്യങ്ങളെ കാണാനുമാണ് ഞാൻ ശ്രമിക്കുന്നത്,” സ്റ്റാർ സ്പോർട്സിൽ സംസാരിക്കുമ്പോൾ രോഹിത് പറഞ്ഞു.