കൊച്ചി: കളമശേരി പോളിടെക്നിക് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ പ്രതിയായ അഭിരാജിനെ എസ്എഫ്ഐ പുറത്താക്കി. ശനിയാഴ്ച നടന്ന കോളജ് യൂണിറ്റ് സമ്മേളനത്തിലാണ് അഭിരാജിനെ സംഘടനയിൽ നിന്ന് പുറത്താക്കിയത്. പോളിടെക്‌നിക്കിലെ യൂണിയന്‍ ജനറല്‍ സെക്രട്ടയായിരുന്നു അഭിരാജ്. അഭിരാജിനെ സംഘടനയിൽ നിന്ന് പുറത്താക്കിയതായി എസ്എഫ്‌ഐ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കേസില്‍ ശനിയാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്ത ഷാലിഖ് കെഎസ്‌യു നേതാവെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ് പറഞ്ഞു. ഷാലിഖ് കെഎസ്‌യു നേതാവാണെന്ന കാര്യം മറച്ചുവെക്കുകയാണെന്നും സഞ്ജീവ് പറഞ്ഞു. ഷാലിഖ് കെഎസ്‌യു മെമ്പർഷിപ് ക്യാമ്പയിൽ ഉദ്ഘാടനം ചെയ്യുന്ന ചിത്രം എസ്എഫ്‌ഐ നേതാവ് പി.എം ആര്‍ഷോ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
വെള്ളിയാഴ്ച പുലര്‍ച്ചെ കോളേജ് ഹോസ്റ്റലിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് രണ്ടുകിലോയോളം കഞ്ചാവ് പിടികൂടിയത്. വ്യാഴാഴ്ച രാത്രി തുടങ്ങിയ പരിശോധനം വെള്ളിയാഴ്ച പുലര്‍ച്ചെ വരെ നീണ്ടു. അഭിരാജിന് പുറമേ കെഎസ്‌യു പ്രവര്‍ത്തകന്‍ ആകാശ്, ആദിത്യന്‍ എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ആകാശിന്റെ മുറിയിൽ നിന്ന് 1.909 കിലോ ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചതെന്നാണ് വിവരം. 9.70 ഗ്രാം കഞ്ചാവാണ് അഭിരാജിന്റെയും ആകാശിന്റെയും മുറിയിൽ നിന്ന് പിടികൂടിയത്.
അതേസമയം, കേസിലെ പ്രധാനി കൊല്ലം സ്വദേശിയായ മൂന്നാം വർഷ വിദ്യാർത്ഥിയെന്ന് പൊലീസ് അറിയിച്ചു. ഇയാൾ നിലവിൽ ഒളിവിലാണ്. പൂർവ്വവിദ്യാർഥികളായ ആഷിഖും ഷാലിഖും ഇയാൾക്കുവേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നും പോലീസ് വ്യക്തമാക്കി. അതിനിടെ, ഓഫർ നൽകിയാണ് ഹോസ്റ്റലിൽ കഞ്ചാവ് വിൽപ്പന നടക്കുന്നത് എന്ന് വിദ്യാർത്ഥികൾ മൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം. 500 രൂപയുടെ കഞ്ചാവ് മുൻകൂറായി പണം നൽകിയാൽ 300 രൂപയ്ക്ക് ലഭിക്കുന്നതാണ് ഓഫറെന്ന് റിപ്പോർട്ടുണ്ട്.