Kollam Student Killing: കൊല്ലം: കൊല്ലത്ത് കോളേജ് വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി. ഇളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് ഗോമസിനെ (22) ആണ് കൊലപ്പെടുത്തിയത്. കൊല്ലം ഫാത്തിമ മാതാ കോളജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥിയാണ് ഫെബിൻ.
കാറിൽ എത്തിയ അക്രമിയാണ് ഫെബിനെ കുത്തിയതെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ ഫെബിന്റെ അച്ഛനും പരിക്കേറ്റിട്ടുണ്ട്. അക്രമിയെ തടയുന്നതിനിടെയാണ് അച്ഛന് പരിക്കേറ്റത്. രാത്രി ഏഴുമണിയോടെയാണ് സംഭവം. മുഖം മറിച്ച് വീട്ടിലെത്തിയ അക്രമി ആദ്യം ഫെബിന്റെ അച്ഛനെ ആക്രമിക്കുയായിരുന്നു. ഇതിനു പിന്നാലെയാണ് ഫെബിനെ ആക്രമിച്ചത്.
കൊലപാതക ശേഷം ആക്രമി ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കിയെന്നാണ് റിപ്പോർട്ട്. കൊല്ലത്ത് കടപ്പാക്കടയിൽ റെയിൽവെ ട്രാക്കിൽ നിന്ന് ഇയാളുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. മൃതദേഹം ഫെബിൻ്റെ കൊലയാളിയുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഫെബിനെ കുത്തിയ ശേഷം അക്രമി കാറിൽ കടന്നു കളയുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ചോരപ്പാടുകളുമായി ഇതേ കാർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് കണ്ടെത്തിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും കാറിന്റെ നമ്പരും പരിശോധിച്ചുവരികയാണ്.