Rajasthan Royals IPL 2025: 2025 സീസൺ ഐപിഎല്ലിലെ ആദ്യ രണ്ട് കളികൾ കഴിയുമ്പോൾ റിയാൻ പരാഗിന്റെ പേരിലായത് ഒരു വമ്പൻ നാണക്കേട്. മറക്കാൻ മാത്രം ആഗ്രഹിക്കുന്ന റെക്കോഡ്.
ഹൈലൈറ്റ്:
- നാണക്കേടിന്റെ റെക്കോഡുമായി റിയാൻ പരാഗ്
- രാജസ്ഥാൻ റോയൽസ് ക്യാപ്റ്റന്റെ പേരിലായത് ഒരു മോശം റെക്കോഡ്
- സീസണിലെ ആദ്യ രണ്ട് കളികളിലും തോറ്റ് രാജസ്ഥാൻ റോയൽസ്

റിയാൻ പരാഗ് നാണംകെട്ടു, രാജസ്ഥാൻ റോയൽസിന്റെ പുതിയ ക്യാപ്റ്റന് മറക്കാൻ ആഗ്രഹിക്കുന്ന റെക്കോഡ് സ്വന്തം
രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായുള്ള ആദ്യ രണ്ട് കളികളിലും തോൽക്കുന്ന ആദ്യ നായകനെന്ന നാണക്കേടാണ് ഇപ്പോൾ റിയാൻ പരാഗിന്റെ പേരിലായിരിക്കുന്നത്. രാജസ്ഥാൻ റോയൽസിനെ നയിച്ചിട്ടുള്ള മറ്റ് കളിക്കാരെല്ലാം ആദ്യ രണ്ട് മത്സരങ്ങളിൽ ഒന്നിലെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിച്ചിട്ടുണ്ട്. ഇതിൽ രാഹുൽ ദ്രാവിഡും സ്റ്റീവ് സ്മിത്തും രാജസ്ഥാൻ റോയൽസിനെ നയിച്ച ആദ്യ രണ്ട് കളികളിലും ടീമിന് വിജയം നേടിക്കൊടുത്തു. ഷെയ്ൻ വോൺ, ഷെയ്ൻ വാട്സൺ, അജിങ്ക്യ രഹാനെ, സഞ്ജു സാംസൺ എന്നിവർ ആദ്യ രണ്ട് കളികളിൽ ഒരു വിജയമാണ് ടീമിന് സമ്മാനിച്ചത്.
മാർച്ച് 30 ന് ചെന്നൈ സൂപ്പർ കിങ്സിന് എതിരെയാണ് രാജസ്ഥാൻ റോയൽസിന്റെ അടുത്ത മത്സരം. ഈ കളിയിലും റിയാൻ പരാഗ് തന്നെയാകും ടീമിനെ നയിക്കുക. ഏപ്രിൽ അഞ്ചിന് പഞ്ചാബ് കിങ്സിന് എതിരെ നടക്കാനിരിക്കുന്ന മത്സരത്തിലാകും സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായി തിരിച്ചെത്തുക. ഇതോടെ റിയാൻ പരാഗ് ടീമിന്റെ ഉപനായകനാകും.
അതേ സമയം സഞ്ജു സാംസണും ഷെയ്ൻ വോണുമാണ് രാജസ്ഥാൻ റോയൽസിനെ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റന്മാർ. ഇവർക്ക് കീഴിൽ റോയൽസ് 31 മത്സരങ്ങളിൽ വിജയം നേടി. ഇതിൽ ഷെയ്ൻ വോൺ 2008 ൽ രാജസ്ഥാൻ റോയൽസിനെ ഐപിഎൽ കിരീടത്തിലേക്ക് നയിച്ചപ്പോൾ, സഞ്ജു 2022 ൽ ടീമിനെ ഫൈനലിൽ എത്തിച്ചു.
2025 സീസണിലെ ആദ്യ രണ്ട് മത്സരങ്ങൾ കഴിയുമ്പോൾ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് രാജസ്ഥാൻ റോയൽസ്. കളിച്ച രണ്ട് മത്സരങ്ങളും തോറ്റ ടീമിന്റെ നെറ്റ് റൺ റേറ്റ് -1.882 ആണ്.