രാജസ്ഥാൻ റോയൽസിന്റെ ആ നീക്കം ഇക്കുറിയും ടീമിന് ഗുണം ചെയ്തില്ല. കട്ടകലിപ്പിൽ ആരാധകർ. അബദ്ധ നീക്കമെന്ന് വിമർശനങ്ങൾ. ഇന്നത്തെ കളിയിൽ മാറ്റം വരുമോയെന്ന് കാത്തിരുന്ന് കാണാം.
ഹൈലൈറ്റ്:
- രാജസ്ഥാന്റെ നീക്കം അബദ്ധമായി
- ആരാധകർ വിമർശനങ്ങളുമായി രംഗത്ത്
- 2023 മുതൽ രാജസ്ഥാൻ റോയൽസ് നടത്തുന്ന നീക്കം

ഗുവാഹത്തിയിൽ ഹോം മത്സരങ്ങൾ കളിക്കാനുള്ള റോയൽസിന്റെ നീക്കം പക്ഷേ അവർക്ക് ഒരു തരത്തിലുള്ള മുൻ തൂക്കവും നൽകുന്നില്ല എന്നാണ് നിലവിൽ ഉയരുന്ന വിമർശനങ്ങൾ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരെ നടന്ന കളിക്ക് ശേഷമാണ് രാജസ്ഥാൻ റോയൽസിന്റെ രണ്ട് ഹോം ഗ്രൗണ്ടുകളെന്ന നീക്കത്തിനെതിരെ ആഞ്ഞടിച്ച് ആരാധകർ രംഗത്ത് എത്തിയത്.
നോർത്തീസ്റ്റ് മേഖലയിൽ കൂടുതൽ ജനപ്രീതി നേടിയെടുക്കുന്നതിന്റെ ഭാഗമായാണ് രാജസ്ഥാൻ റോയൽസ് രണ്ട് ഹോം മത്സരങ്ങൾ ഗുവാഹത്തി യിലേക്ക് മാറ്റിയത്. എന്നാൽ ആരാധക പിന്തുണക്ക് അപ്പുറം ഈ വേദിയിൽ നിന്ന് രാജസ്ഥാന് അനുകൂലമായി ഒന്നും തന്നെ ലഭിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരായ കളിക്ക് ശേഷം മുൻ ഇന്ത്യൻ ഓപ്പണറും പ്രമുഖ ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്രയും രാജസ്ഥാന്റെ നീക്കത്തിൽ വിമർശനവുമായി രംഗത്ത് എത്തി.
ഗുവാഹത്തിയിലെ പിച്ച് രാജസ്ഥാൻ റോയൽസിന്റെ ശക്തിക്ക് യോജിക്കുന്നതല്ല എന്നാണ് ആകാശ് ചോപ്ര തുറന്നടിച്ചത്. കൊൽക്കത്തയും രാജസ്ഥാനും തമ്മിൽ നടന്ന മത്സരത്തിൽ കെകെആർ ആഗ്രഹിച്ച തരത്തിലുള്ള പിച്ചാണ് ഗുവാഹത്തിയിൽ ഉണ്ടായിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേ സമയം ഐപിഎല്ലിൽ ഒരു ടീമിന് ഏഴ് ഹോം മത്സരങ്ങളാണ് ഉള്ളത്. ഒരേ വേദിയിൽത്തന്നെ മുഴുവൻ ഹോം മത്സരങ്ങളും കളിക്കുന്നത് ടീമുകൾക്ക് വലിയ മുൻ തൂക്കം നൽകുന്ന കാര്യമാണ്. ഹോം ടീമിന്റെ കരുത്തിന് അനുസരിച്ചുള്ള പിച്ചുകളാണ് ഹോം മത്സരങ്ങളിൽ കാണാറുള്ളത്. എന്നാൽ രണ്ട് ഹോം ഗ്രൗണ്ടുകളിലും വ്യത്യസ്ത സ്വഭാവത്തിലുള്ള പിച്ചുകളാണ് എന്നതിനാൽ ഹോം അനുകൂല്യം പൂർണമായി പ്രയോജനപ്പെടുത്താനുള്ള അവസരം കൂടിയാണ് റോയൽസിന് നഷ്ടമാകുന്നത്.
Also Read: അടുത്ത കളിയിൽ രാജസ്ഥാൻ റോയൽസ് ടീമിൽ ഈ രണ്ട് മാറ്റങ്ങൾ വന്നേക്കും; പ്ലേയിങ് ഇലവൻ സാധ്യതകൾ ഇങ്ങനെ
ഇത് തുടർച്ചയായ മൂന്നാമത്തെ സീസണിലാണ് രാജസ്ഥാൻ റോയൽസിന്റെ ഹോം മത്സരങ്ങൾക്ക് ഗുവാഹത്തിയിലെ ബർസാപര സ്റ്റേഡിയം വേദിയാകുന്നത്. 2023 ൽ ഇവിടെ കളിച്ച രണ്ട് ഹോം മത്സരങ്ങളിൽ ഒരു ജയവും ഒരു തോൽവിയുമാണ് രാജസ്ഥാൻ റോയൽസിന്റെ സമ്പാദ്യം. 2024 ൽ ഗുവാഹത്തിയിൽ നടന്ന ഒരു മത്സരത്തിൽ റോയൽസ് പരാജയപ്പെട്ടപ്പോൾ, ഒരു കളി മഴ മൂലം ഉപേക്ഷിക്കപ്പെട്ടു. 2025 ലും ഗുവാഹത്തി രാജസ്ഥാന് ഭാഗ്യം കൊണ്ടുവന്നില്ല. ഈ സീസണിലെ ആദ്യ ഹോം മത്സരത്തിൽ സഞ്ജുവും സംഘവും ഇവിടെ കെകെആറിനോട് തോൽക്കുകയായിരുന്നു.