2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് നടത്തിയ ആ സർപ്രൈസ് നീക്കത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ടീമിന്റെ മുഖ്യ പരിശീലകനായ രാഹുൽ ദ്രാവിഡ്.
ഹൈലൈറ്റ്:
- ബാറ്റിങ് ഓർഡറിൽ നിർണായക മാറ്റം കൊണ്ടു വന്ന് രാജസ്ഥാൻ റോയൽസ്
- ടീമിന്റെ നീക്കത്തിന് കാരണം വെളിപ്പെടുത്തി രാഹുൽ ദ്രാവിഡ്
- സീസണിൽ കളിച്ച രണ്ട് മത്സരങ്ങളിലും തോറ്റ് റോയൽസ്

തങ്ങളുടെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായ പരാഗിന് ബാറ്റിങ് ഓർഡറിൽ പ്രൊമോഷൻ നൽകുകയായിരുന്നുവെന്നാണ് ദ്രാവിഡ് പറയുന്നത്. പരാഗ് പരമാവധി പന്തുകൾ കളിക്കുന്നത് ടീമിന് ഗുണം ചെയ്യുമെന്നും അതിനാലാണ് ഈ നീക്കമെന്നും ചൂണ്ടിക്കാട്ടിയ ദ്രാവിഡ്, പരാഗിനെ മൂന്നാം നമ്പരിലേക്ക് മാറ്റിയത് ടീമിന്റെ മികച്ച നീക്കമാണെന്നും കൂട്ടിച്ചേർത്തു.
Also Read: അടുത്ത കളിയിൽ രാജസ്ഥാൻ റോയൽസ് കാത്തിരിക്കുന്നത് അക്കാര്യം; നടന്നാൽ സഞ്ജുവും ടീമും വേറെലെവലാകും
“അവന് ( പരാഗിന് ) പ്രൊമോഷൻ നൽകുകയായിരുന്നു. റിയാൻ ഞങ്ങളുടെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ്. സത്യസന്ധമായി പറഞ്ഞാൽ കഴിയുന്നത്ര പന്തുകൾ അദ്ദേഹത്തിന് നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. 20 ഓവറുകൾ വളരെ കുറഞ്ഞ സമയമാണ്. റിയാൻ പരാഗ് അവിടെ കൂടുതൽ പന്തുകൾ കളിക്കുന്നത് ഒരു ടീമെന്ന നിലയിൽ ഞങ്ങൾക്ക് വളരെ നല്ലതാണ്.”
“സത്യം പറഞ്ഞാൽ മൂന്നാം സ്ഥാനത്തേക്ക് അദ്ദേഹത്തെ മാറ്റിയത് വളരെ നല്ലൊരു നീക്കമായിരുന്നു. അദ്ദേഹം എത്ര വിനാശകാരിയാണെന്ന് നമുക്കറിയാം. കൂടുതൽ സമയം ലഭിച്ചാൽ കൂടുതൽ റൺസ് നേടാൻ അദ്ദേഹത്തിന് കഴിയും, അത് ടീമിന് ഗുണം ചെയ്യും, അതായിരുന്നു ഞങ്ങളുടെ ചിന്ത.” ദ്രാവിഡ് പറഞ്ഞു.
അതേ സമയം നിലവിൽ നാലാം നമ്പരിൽ കളിക്കുന്ന പരാഗിന്റെ ബാറ്റിങ് പൊസിഷനിൽ മാറ്റം വരുത്താനുള്ള സാധ്യതകളും ദ്രാവിഡ് തള്ളിക്കളഞ്ഞില്ല. ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ മികവുള്ള കളിക്കാരനാണ് പരാഗെന്ന് പറയുന്ന ദ്രാവിഡ്, ടീമിന്റെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ ബാറ്റിങ് പൊസിഷനിൽ മാറ്റം വന്നേക്കാമെന്നാണ് സൂചിപ്പിക്കുന്നത്.
അതേ സമയം 2019 ൽ രാജസ്ഥാൻ റോയൽസിൽ എത്തിയ റിയാൻ പരാഗ്, 2023 വരെ മധ്യനിരയിലെ വ്യത്യസ്ത പൊസിഷനുകളിലായിട്ടാണ് ടീമിന് വേണ്ടി കളിച്ചത്. 2024 ൽ പക്ഷേ രാജസ്ഥാൻ അദ്ദേഹത്തിന് നാലാം നമ്പർ നൽകി. ഇതോടെ റിയാന്റെ തലവരയും മാറിമറിഞ്ഞു. 2024 സീസൺ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി കളിച്ച 16 മത്സരങ്ങളിൽ 52.09 ബാറ്റിങ് ശരാശരിയിൽ 573 റൺസാണ് പരാഗ് നേടിയത്. സീസണിൽ റോയൽസിന്റെ ടോപ് സ്കോററുമായിരുന്നു അദ്ദേഹം.