Vighnesh Puthur IPL 2025 Mumbai Indians: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ പ്ലേയിങ് ഇലവനിലേക്ക് എത്തി മലയാളിയായ ഇടംകൈ റിസ്റ്റ് ആം സ്പിന്നർ വിഘ്നേഷ് പുത്തൂർ. കൊൽക്കത്തക്കെതിരായ മത്സരത്തിൽ ഫാസ്റ്റ് ബോളർ സത്യനാരായണ രാജുവിന് പകരം വിഘ്നേഷ് പുത്തൂർ മുംബൈ ഇന്ത്യൻസിന്റെ പ്ലേയിങ് ഇലവനിൽ ഇടം നേടുകയായിരുന്നു.
മുംബൈ ഇന്ത്യൻസിന്റെ സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് എതിരെ ഇംപാക്ട് പ്ലേയറായാണ് വിഘ്നേഷിനെ മുംബൈ ഇറക്കിയത്. നിർണായകമായ മൂന്ന് വിക്കറ്റ് പിഴുത് വിഘ്നേഷ് അരങ്ങേറ്റം ഗംഭീരമാക്കി. എന്നാൽ മുംബൈയുടെ പിന്നാലെ വന്ന ഗുജറാത്തിന് എതിരായ മത്സരത്തിൽ വിഘ്നേഷ് പുത്തൂരിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയില്ല. വിഘ്നേഷിനെ ഇംപാക്ട് പ്ലേയർമാരുടെ സാധ്യത ലിസ്റ്റിൽ പോലും ഉൾപ്പെടുത്താതിരുന്നത് ചോദ്യം ചെയ്ത് ആരാധകർ എത്തിയിരുന്നു. സത്യനാരായണ രാജുവിന് കഴിഞ്ഞ മത്സരത്തിൽ മികവ് കാണിക്കാൻ സാധിക്കാതെ ഇരുന്നതും വിഘ്നേഷിനെ കൊൽക്കത്തക്കെതിരെ പ്ലേയിങ് ഇലവനിലേക്ക് എത്താൻ സഹായകമായി.
സീസണിലെ ആദ്യ ജയം തേടിയാണ് മുംബൈ ഇന്ത്യൻസ് ഇന്ന് കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് എതിരെ ഇറങ്ങുന്നത്. വാങ്കഡെയിലെ വിഘ്നേഷിന്റെ ആദ്യ മത്സരാണ് ഇത്. ഐപിഎല്ലിലെ തന്റെ രണ്ടാം മത്സരത്തിലും വിഘ്നേഷിന് മികവ് കാണിക്കാൻ സാധിക്കും എന്നാണ് മലയാളികളുടെ പ്രതീക്ഷ. കൊൽക്കത്തക്കെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
വിഘ്നേഷ് പുത്തൂരിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയത് കൂടാതെ മറ്റ് മാറ്റങ്ങളും മുംബൈ വരുത്തിയിട്ടുണ്ട്. മുജീബ് ഉർ റഹ്മാന് പകരം വിൽ ജാക്സ് ടീമിലേക്ക് എത്തി. അശ്വനി കുമാർ ഐപിഎല്ലിൽ മുംബൈക്കായി അരങ്ങേറ്റം കുറിക്കും.