PBKS vs LSG IPL 2025: ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന് തുടർച്ചയായ രണ്ടാം ജയം. ലക്നൗ സൂപ്പർ ജയന്റ്സ് മുൻപിൽ വെച്ച 172 റൺസ് വിജയ ലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ 22 പന്തുകൾ ശേഷിക്കെ ശ്രേയസ് അയ്യരുടെ പഞ്ചാബ് കിങ്സ് മറികടന്നു. പ്രഭ്സിമ്രാൻ സിങ്ങിന്റേയും ശ്രേയസ് അയ്യരുടേയും കൂട്ടുകെട്ട് ആണ് പഞ്ചാബ് കിങ്സിനെ അനായാസ ജയത്തിലേക്ക് എത്തിച്ചത്. ശ്രേയസും പ്രഭ്സിമ്രാനും ചേർന്ന് 84 റൺസിന്റെ കൂട്ടുകെട്ട് കണ്ടെത്തി.
ചെയ്സ് ചെയ്ത് ഇറങ്ങിയ പഞ്ചാബിന് സ്കോർ 26ലേക്ക് എത്തിയപ്പോൾ ഓപ്പണർ പ്രിയാൻഷ് ആര്യയെ നഷ്ടമായി. എന്നാൽ ശ്രേയസ് അയ്യർ-പ്രഭ്സിമ്രാൻ സഖ്യം പിരിഞ്ഞത് പഞ്ചാബ് സ്കോർ 11 ഓവറിൽ 110ൽ എത്തിച്ചിട്ടാണ്. 34 പന്തിൽ നിന്ന് ഒൻപത് ഫോറും മൂന്ന് സിക്സും സഹിതം 69 റൺസ് ആണ് പ്രഭ്ലിമ്രാൻ അടിച്ചെടുത്തത്. പ്രഭ്സിമ്രാൻ ആണ് കളിയിലെ താരം.
ക്യാപ്റ്റൻ ശ്രേയസ് അയ്യർ 30 പന്തിൽ നിന്ന് കണ്ടെത്തിയത് 52 റൺസ്. ഇംപാക്ട് പ്ലേയറായി വന്ന നെഹാൽ വധേര 25 പന്തിൽ നിന്ന് മൂന്ന് ഫോറും നാല് സിക്സും അടിച്ച് 43 റൺസ് എടുത്ത് പഞ്ചാബിന്റെ ജയം വേഗത്തിലാക്കി. പഞ്ചാബിന്റെ രണ്ട് വിക്കറ്റുകൾ പിഴുതത് ദിഗ്വേഷ് സിങ് ആണ്.
വിയർത്ത് ലക്നൗ ബാറ്റർമാർ
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ലക്നൗ സൂപ്പർ ജയന്റ്സിന് പഞ്ചാബ് ബോളർമാർക്ക് മുൻപിൽ ആത്മവിശ്വാസത്തോടെ ബാറ്റ് വീശാൻ സാധിച്ചില്ല. 44 റൺസ് എടുത്ത നിക്കോളാസ് പൂരനാണ് ലക്നൗവിന്റെ ടോപ് സ്കോറർ.
ആദ്യ ഓവറിലെ ആദ്യ പന്തിൽ തന്നെ ലക്നൗവിന് ഓപ്പണർ മിച്ചൽ മാർഷിനെ നഷ്ടമായി. നേരിട്ട ആദ്യ പന്തിൽ തന്നെ മാർഷ് ഡക്കായി മടങ്ങി. അർഷ്ദീപ് സിങ് ആണ് മാർഷിന്റെ ഭീഷണി ഒഴിവാക്കിയത്. ലക്നൗ സ്കോർ 32ൽ നിൽക്കെ രണ്ടാമത്തെ ഓപ്പണറും മടങ്ങി. മർക്രമിനെ ഫെർഗൂസൻ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. 18 പന്തിൽ നിന്നാണ് മർക്രം 28 റൺസ് എടുത്തത്.
തൊട്ടടുത്ത ഓവറിൽ ലക്നൗ ക്യാപ്റ്റൻ ഋഷഭ് പന്തും ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. ഇതോടെ 35-3 എന്ന നിലയിലേക്ക് ലക്നൗ വീണു. അഞ്ച് പന്തിൽ നിന്ന് രണ്ട് റൺസ് മാത്രം എടുത്താണ് ഋഷഭ് പന്ത് മടങ്ങിയത്. ഗ്ലെൻ മാക്സ്വെല്ലിനെ കൊണ്ടുവന്ന ബോളിങ് ചെയിഞ്ച് ആണ് പന്തിന്റെ വിക്കറ്റ് വീഴ്ത്തിയത്. മൂന്ന് വിക്കറ്റ് തുടക്കത്തിലെ നഷ്ടമായതോടെ കരുതലോടെയാണ് നിക്കോളാസ് പൂരൻ ബാറ്റിങ് തുടങ്ങിയത്. എന്നാൽ സ്കോറിങ്ങിന്റെ വേഗം കൂട്ടാൻ ശ്രമിച്ചതോടെ പുറത്തായി.
33 പന്തിൽ നിന്ന് 41 റൺസ് എടുത്ത ആയുഷ് ബദോനി ലക്നൗവിന്റെ സ്കോർ ഉയർത്താൻ സഹായിച്ചു. കൂടുതൽ അപകടം ഉണ്ടാക്കുന്നതിന് മുൻപ് അർഷ്ദീപ് ബദോനിയെ മടക്കി. 19 റൺസ് ആണ് ഡേവിഡ് മില്ലർ എടുത്തത്. അവസാന ഓവറുകളിൽ അബ്ദുൽ സമദ് 12 പന്തിൽ നിന്ന് 27 റൺസ് കണ്ടെത്തി മടങ്ങി.