തന്റെ രാഷ്ട്രീയപ്രവേശത്തിന് കാരണം ദേവഗൗഡയുമായി നടത്തിയ ഒരു കൂടിക്കാഴ്ചയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഐഇ മലയാളം വർത്തമാനത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
2006-ൽ ബിസിനസ്സുകൾ അവസാനിപ്പിച്ച് വീട്ടിൽ വിശ്രമത്തിൽ ഇരിക്കുന്ന സമയം ഒരു സുഹൃത്താണ് ദേവഗൗഡയെ കാണാൻ വരുന്നോണ്ടോയെന്ന് ചോദിക്കുന്നത്. ആദ്യമായാണ് താൻ അന്ന് ദേവഗൗഡയെ കാണുന്നത്. രാഷ്ട്രീയപ്രവേശനം സംബന്ധിച്ച് എന്നോട് ആദ്യം ചോദിക്കുന്നത് അദ്ദേഹമാണ്- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
“രാഷ്ട്രീയത്തിൽ ഇറങ്ങിക്കൂടേ എന്നായിരുന്നു ദേവഗൗഡ ചോദിച്ചത്. പിന്നീട് ബിജെപിയുടെ മുതിർന്ന നേതാവ് എൽ.കെ.അധ്വാധി, കർണാടകയിലെ മുതിർന്ന ബിജെപി നേതാവ് ആനന്ദ് കുമാർ എന്നിവരുടെ പിന്തുണയോടെയും ആശീർവാദത്തോടെയുമാണ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്. ഒരു ടേം രാജ്യസഭയിൽ പൂർത്തിയാക്കിയതിന് ശേഷം രാഷ്ട്രീയത്തിൽ നിന്ന് മടങ്ങാമെന്നാണ് കരുതിയിരുന്നത്. എന്നാൽ ടുജി സ്പെക്ട്രം അഴിമതി, വൺ റാങ്ക് വൺ പെൻഷൻ എന്നീ വിഷയങ്ങളിൽ അക്കാലത്ത് ശ്രദ്ധേയമായ ഇടപെടലുകൾ നടത്താൻ സാധിച്ചു. രാഷ്ട്രീയത്തിൽ എനിക്കും മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്ന് അന്നാണ് തിരിച്ചറിഞ്ഞത്”.-രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
രാഷ്ട്രീയത്തെ പൊതുജന സേവനമായിട്ടാണ് താൻ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നാൽപ്പതാം വയസ്സിൽ ബിസിനസ് നിർത്തി രാഷ്ട്രീയത്തിൽ ഇറങ്ങിയത് എന്തിനെന്ന് പലരും ചോദിച്ചിട്ടുണ്ട്. തുടക്കം മുതൽ പ്രതിപക്ഷത്താണ് നിലകൊണ്ടത്. അതിന്റേതായ പല തിക്തഫലങ്ങളും അനുഭവിച്ചിട്ടുണ്ട്- ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.