Catholic Church on Waqf Amendment Bill: കോഴിക്കോട്: വഖഫ് നിയമ ഭേദഗതി സാമൂഹിക നീതിയുടെ വിഷയമാണെന്നും ഇക്കാര്യത്തിൽ സഭയ്ക്ക് രാഷ്ട്രീയമില്ലെന്നും സീറോ മലബാർ സഭ തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പ്ലാബാനി പറഞ്ഞു. കത്തോലിക്ക കോൺഗ്രസ് താമരശ്ശേരി രൂപത കോഴിക്കോട് സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബിഷപ്പ്.
വഖഫ് വിഷയത്തിൽ ക്രൈസ്തവർ വർഗീയമായി ചിന്തിക്കുന്നുവെന്ന് ചിലർ പ്രചരിപ്പിക്കുന്നു. വഖഫിനെ ഒരു സമുദായ വിഷയമായല്ല സഭ കാണുന്നതെന്നും മറിച്ച് സാമൂഹിക നീതിയുടെ വിഷയമായാണ് കാണുന്നതെന്നും ബിഷപ്പ് പറഞ്ഞു. വഖഫ് ഭേദഗതി നിയമം നടപ്പിലാക്കുന്നതിലൂടെ ക്രിസ്ത്യാനിയുടെ അവകാശം മാത്രമല്ല സംരക്ഷിക്കുന്നതെന്നും രാജ്യത്തെ സകലയാളുകളുടെയും അവകാശങ്ങളാണ് സംരക്ഷിക്കുന്നതെന്നും മാർ പാബ്ലാനി പറഞ്ഞു.
“വഖഫ് ബോർഡിന് മുന്നിൽ വരുന്ന എല്ലാ കേസുകളിലും ബോർഡ് വാദിയോ പ്രതിയോ ആണ്. അതേ ബോർഡ് തന്നെ കേസിൽ വിധിപറയുന്നത് രാജ്യത്തെ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. സാമൂഹിക നീതിയുടെ വിഷയമാണ് വഖഫ്. ഇതിൽ സഭയ്ക്ക് രാഷ്ട്രീയമില്ല”- മാർ പ്ലാബാനി പറഞ്ഞു.
യോഗത്തിൽ വനം മന്ത്രി എ.കെ ശശീന്ദ്രനെതിരെ താമരശേരി രുപതാ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉന്നയിച്ചു. വന്യമൃഗശല്യം പരിഹരിക്കുന്നതിൽ വനം വകുപ്പ് പരാജയപ്പെട്ടെന്ന് ബിഷപ്പ് പറഞ്ഞു. ഇക്കാര്യത്തിൽ യാതൊരു ക്രിയാത്മകമായ നടപടിയും വനം മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകരുന്നില്ല. വനം മന്ത്രിക്ക് കർഷകരുടെ കണ്ണീര് കാണാനുള്ള കണ്ണില്ലെന്നും മാർ റെമിജിയോസ് പറഞ്ഞു.