മനുഷ്യരുടെ ശബ്ദം അനുകരിക്കാൻ തത്തകൾ കേന്മാരാണ്. മനോഹരമായി സംസാരിക്കുന്ന തത്തകളുടെ നിരവധി വീഡിയോകൾ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെടാറുണ്ട്. തത്തകളെ പോലെ തന്നെ മറ്റു ചില പക്ഷികളും മനുഷ്യ ശബ്ദം അനുകരിക്കാറുണ്ട്. എന്നാൽ ഇക്കൂട്ടത്തിലൊന്നും പെടാത്ത കാക്ക മനുഷ്യന്റെ ശബ്ദത്തിൽ സംസാരിക്കുന്ന ഒരു രസകരമായ വീഡിയോയാണ് സൈബറിടത്ത് ഒരേസമയം, അത്ഭുതവും കൗതുകവും നിറച്ച് വൈറലാകുന്നത്.
പപ്പാ… പപ്പാ… എന്നു പറയുന്ന കാക്കയെയാണ് ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന വീഡിയോയിൽ കാണാനാവുക. മഹാരാഷ്ട്രയിലെ പാൽഘറിലെ വാഡ താലൂക്കിൽ നിന്നുള്ള ഒരു സ്ത്രീ വളർത്തുന്ന കാക്കയാണിതെന്നാണ് റിപ്പോർട്ട്. പപ്പാ, മമ്മി എന്നിങ്ങനെയുള്ള വാക്കുകൾ കാക്ക ഉച്ചരിക്കുമെന്നാണ് വിവരം.
മൂന്നു വർഷം മുമ്പ്, യുവതിക്ക് തന്റെ പൂന്തോട്ടത്തിൽ നിന്നാണ് കാക്കയെ ലഭിച്ചതെന്ന് വീഡിയോയുടെ ക്യാപ്ഷനിൽ പറയുന്നു. കുടുംബാംഗങ്ങളുമായി മനുഷ്യ ശബ്ദത്തിൽ സംസാരിക്കുന്ന കാക്ക ഗ്രാമത്തിൽ കൗതുകമായി മാറിയിരിക്കുകയാണെന്നും പോസ്റ്റിൽ പറയുന്നു.
അതേസമയം, വസ്ത്രങ്ങൾ തൂക്കിയിടുന്ന ‘ഹാങ്ങർ’ ഉപയോഗിച്ച് കൂട് കെട്ടുന്ന ഒരു കാക്കയുടെ വീഡിയോ അടുത്തിടെ ശ്രദ്ധനേടിയിരുന്നു. നഗരമധ്യത്തിലായുള്ള ഉയരം കൂടിയ ഇരുമ്പ് ടവറിലായിരുന്നു കാക്കയുടെ കൂട് നിർമ്മാണം. നിരവധി ഹാങ്ങറുകൾ കൂടിന് സമാനമായി ടവറിൽ കൊണ്ടുവച്ചിരിക്കുന്നത് വീഡിയോയിൽ കാണാം.